Sat. Sep 14th, 2024

അക്കാദമിക് സമ്മര്‍ദ്ദം, സാമൂഹിക വിവേചനം, തൊഴിലില്ലായ്മ, സാമ്പത്തിക പ്രശ്നങ്ങള്‍, സാമൂഹിക അവഗണന, റാഗിങ്, ഒറ്റപ്പെടല്‍, പ്രണയ പരാജയം, തുടങ്ങിയവയെല്ലാം ആത്മഹത്യ കൂടുന്നതിനുള്ള കാരണങ്ങളായി കണ്ടെത്തിയിരിക്കുന്നത്

രാജ്യത്ത് ഓരോ വര്‍ഷം കഴിയുന്തോറും വിദ്യാര്‍ഥികള്‍ക്കിടയില്‍ ആത്മഹത്യ വര്‍ധിക്കുകയാണെന്ന റിപ്പോര്‍ട്ട് ഞെട്ടലുണ്ടാക്കുന്നതാണ്. ഇന്ത്യയുടെ ജനസംഖ്യ വളര്‍ച്ച നിരക്കിനേക്കാള്‍ അധികമാണ് വിദ്യാര്‍ഥികളുടെ ആത്മഹത്യാ നിരക്ക് എന്നാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ (എന്‍സിആര്‍ബി) റിപ്പോര്‍ട്ടില്‍ പറയുന്നത്.

പ്രതിവര്‍ഷം ആകെ ആത്മഹത്യകളുടെ എണ്ണം രണ്ട് ശതമാനം വര്‍ധിച്ചപ്പോള്‍ വിദ്യാര്‍ഥികളുടെ ആത്മഹത്യയില്‍ നാല് ശതമാനത്തിന്റെ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ബുധനാഴ്ച പുറത്തുവിട്ട ഐസി3ന്റെ വാര്‍ഷികത്തിലും 2024 എക്സ്പോയിലുമാണ് ഞെട്ടിക്കുന്ന ഈ കണക്കുള്ളത്. ‘വിദ്യാര്‍ഥി ആത്മഹത്യ: ഇന്ത്യയെ തുടച്ചു നീക്കുന്നു’ എന്ന പേരിലാണ് റിപ്പോര്‍ട്ടുള്ളത്.

അക്കാദമിക് സമ്മര്‍ദ്ദം, സാമൂഹിക വിവേചനം, തൊഴിലില്ലായ്മ, സാമ്പത്തിക പ്രശ്നങ്ങള്‍, സാമൂഹിക അവഗണന, റാഗിങ്, ഒറ്റപ്പെടല്‍, പ്രണയ പരാജയം, തുടങ്ങിയവയെല്ലാം ആത്മഹത്യ കൂടുന്നതിനുള്ള കാരണങ്ങളായി കണ്ടെത്തിയിരിക്കുന്നത്.

10 വര്‍ഷത്തിനിടയ്ക്ക് 24 വയസ്സിന് താഴെയുള്ളവരുടെ ജനസംഖ്യ രാജ്യത്ത് 58.2 കോടിയില്‍ നിന്ന് 58.1 കോടിയിലേക്ക് ചുരുങ്ങിയ ഘട്ടത്തില്‍ വിദ്യാര്‍ഥി ആത്മഹത്യകളുടെ എണ്ണം 6654ല്‍ നിന്ന് 13044ലേക്ക് ഉയര്‍ന്നു.

കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ രാജ്യത്തെ ആകെ ആത്മഹത്യാ നിരക്കില്‍ വര്‍ഷം തോറും ശരാശരി 2 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തുന്നത്. എന്നാല്‍ വിദ്യാര്‍ഥി ആത്മഹത്യാ നിരക്ക് 4 ശതമാനം കൂടി. ഈ വര്‍ഷത്തെ ആകെ ആത്മഹത്യാ നിരക്കിന്റെ 7.6 ശതമാനമാണ് വിദ്യാര്‍ഥി ആത്മഹത്യ. 2021ല്‍ രാജ്യത്ത് ആകെ 1,64,033 പേര്‍ ആത്മഹത്യ ചെയ്തപ്പോള്‍ 2022ല്‍ 1,70,924 പേരാണ് സ്വയം ജീവനെടുത്തത്.

2022 ല്‍, മൊത്തം വിദ്യാര്‍ഥി ആത്മഹത്യകളില്‍ 53 ശതമാനം ആണ്‍ കുട്ടികളാണ്. 2021 നും 2022 നും ഇടയില്‍, ആണ്‍കുട്ടികളുടെ ആത്മഹത്യ 6 ശതമാനം കുറഞ്ഞപ്പോള്‍ പെണ്‍കുട്ടികളായ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ 7 ശതമാനം വര്‍ദ്ധിച്ചു.

റിപ്പോര്‍ട്ട് അനുസരിച്ച്, മഹാരാഷ്ട്ര, തമിഴ്നാട്, മധ്യപ്രദേശ് എന്നിവ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥി ആത്മഹത്യകള്‍ നടക്കുന്ന സംസ്ഥാനങ്ങളായി കണ്ടെത്തിയിട്ടുണ്ട്. ഇത് ദേശീയ നിരക്കിന്റെ ആകെ മൂന്നിലൊന്ന് വരും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രഭരണ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് ആകെ ആത്മഹത്യയുടെ 29 ശതമാനം.

മഹാരാഷ്ട്രയില്‍ 1834 വിദ്യാര്‍ഥികളാണ് ആത്മഹത്യ ചെയ്തത്. മധ്യപ്രദേശ് (1308), തമിഴ്നാട്(1246), മധ്യപ്രദേശ് (1340) ഉത്തര്‍പ്രദേശ് (1060), കര്‍ണാടക (855), ഒഡീഷ (834), ജാര്‍ഖണ്ഡ് (824) വിദ്യാര്‍ഥികളും ആത്മഹത്യ ചെയ്തു. രാജ്യത്തെ വിദ്യാര്‍ഥി ആത്മഹത്യയുടെ 46 ശതമാനവും സംഭവിക്കുന്നത് ഈ ഏഴ് സംസ്ഥാനങ്ങളിലാണ്. ഉയര്‍ന്ന വിദ്യാഭ്യാസ അന്തരീക്ഷത്തിന് പേരുകേട്ട രാജസ്ഥാന്‍ പത്താം സ്ഥാനത്താണ്. കോട്ട പോലുള്ള കോച്ചിംഗ് ഹബ്ബുകളുമായി ബന്ധപ്പെട്ട തീവ്രമായ സമ്മര്‍ദ്ദം ആണ് ഇവിടെ ആത്മഹത്യയില്‍ വില്ലനാകുന്നത്.

അതേസമയം, എന്‍സിആര്‍ബി സമാഹരിച്ച ഡാറ്റ പൊലിസ് രേഖപ്പെടുത്തിയ പ്രഥമ വിവര റിപ്പോര്‍ട്ടുകളെ (എഫ്‌ഐആര്‍) അടിസ്ഥാനമാക്കിയുള്ളതാണ്. അതിനാല്‍ തന്നെ യഥാര്‍ത്ഥ കണക്കുകള്‍ ഇതിലും മേലെയായിരിക്കുമെന്നാതാണ് വസ്തുത. അതുപോലെ ആത്മഹത്യ ശ്രമങ്ങളുടെ കണക്കുകളും വളരെ വലുതാകാന്‍ ഇടയുണ്ട്. ഗ്രാമീണ മേഖലയില്‍ ഇത്തരം സംഭവങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാത്തതും യഥാര്‍ത്ഥ കണക്കിനെ മറച്ചുവെക്കുന്നു.

രാജസ്ഥാനിലെ കോട്ടയും വിദ്യാര്‍ഥികളുടെ ആത്മഹത്യയും

പ്രതിവര്‍ഷം രണ്ട് ലക്ഷത്തോളം പേരാണ് രാജ്യത്തെ പ്രധാന കോച്ചിങ്ങ് ഹബ്ബായ കോട്ടയിലെ കോച്ചിംഗ് സെന്ററുകളില്‍ പഠിക്കാനെത്തുന്നത്. ഇവരില്‍ ഏറെയും ജെഇഇ, നീറ്റ് എന്നീ പരീക്ഷകളുടെ കോച്ചിംഗിനായാണ് എത്തുന്നത്. പഠിക്കാനെത്തിയ വിദ്യാര്‍ഥികളില്‍ 26 പേര്‍ 2023ല്‍ ആത്മഹത്യ ചെയ്തെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. 2015 മുതല്‍ 2023 വരെ 110 വിദ്യാര്‍ഥികളാണ് കോട്ടയില്‍ മാത്രം ആത്മഹത്യ ചെയ്തത്.

പഠനത്തിന്റെ ഭാരം താങ്ങാനാകാതെ പലരും മാനസികമായി തളരുന്നതാണ് ആത്മഹത്യ വര്‍ധിക്കാന്‍ കാരണമെന്ന് കണ്ടെത്തിയിരുന്നു. ഹോസ്റ്റല്‍ റൂമിലെ ഫാനില്‍ തൂങ്ങി മരണങ്ങള്‍ പതിവായതോടെ കോട്ടയില്‍ ഫാന്‍ അഴിച്ചുമാറ്റേണ്ട സ്ഥിതി ഉണ്ടായിട്ടുണ്ട്. മാത്രമല്ല, ഹോസ്റ്റല്‍ റൂമുകളില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. പ്രതിവര്‍ഷം 500 കോടിയിലധികം രൂപയുടെ ടേണ്‍ ഓവറുള്ള വന്‍ ബിസിനസ് സംരംഭമാണ് കോട്ടയിലെ കോച്ചിംഗ് സെന്ററുകള്‍.

2015 (18), 2016 (17), 2017 (7), 2018 (20), 2019 (8), 2020 (4), 2022 (15), 2023 (26) എന്നതാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ കോട്ടയില്‍ നിന്നും മാത്രമുള്ള ആത്മഹത്യ നിരക്ക്. 2020 ല്‍ കോവിഡ് മഹാമാരിയും ലോക്ഡൗണും കാരണം ആത്മഹത്യകളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. ഈ വര്‍ഷം ജൂലൈ വരെയുള്ള കണക്കുകള്‍ പ്രകാരം 12 വിദ്യാര്‍ഥികളാണ് ആത്മഹത്യ ചെയ്തത്.

ആത്മഹത്യ ഏറെ മാനങ്ങളുള്ള, സങ്കീര്‍ണമായ വിഷയമാണ്. ആത്മഹത്യ ചെയ്ത, എഫ്‌ഐആര്‍ ഇട്ട കേസുകളുടെ വിവരങ്ങള്‍ മാത്രമേ ദേശീയ ക്രൈം റിപ്പോര്‍ട്ട് ബ്യൂറോ പുറത്തുവിട്ടിട്ടുള്ളൂ. ആത്മഹത്യാശ്രമങ്ങളും എഫ്‌ഐആര്‍ ഇടാത്ത കേസുകളും കൂടി വരുമ്പോള്‍ സംഖ്യ ഒരുപാട് കൂടുതലായിരിക്കും. ദേശീയ ക്രൈം റിപ്പോര്‍ട്ട് ബ്യൂറോ കണക്കനുസരിച്ച് ഓരോ മണിക്കൂറിലും ഇന്ത്യയില്‍ ഒരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യുന്നുണ്ട്.

ആധുനിക സാമൂഹ്യശാസ്ത്രത്തിന്റെ പിതാവെന്നറിയപ്പെടുന്ന ദുര്‍ഖൈം ന്റെ അഭിപ്രായത്തില്‍ ആത്മഹത്യ വ്യക്തിഗത തീരുമാനമെങ്കിലും അതിനു വഴിയൊരുക്കുന്നത് സമൂഹമാണ്. ഒരു വ്യക്തിക്ക് സമൂഹത്തിനൊപ്പം മുന്നോട്ടു പോകാന്‍ കഴിയാതെ വരുമ്പോഴാണ് ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നത്. കൂടാതെ വ്യക്തി ജീവിതത്തിലെ സംഭവങ്ങള്‍, സാഹചര്യങ്ങള്‍, മാനസിക പിരിമുറുക്കം എന്നിവയെല്ലാം ആത്മഹത്യയിലേയ്ക്ക് നയിക്കുന്നതിനെ സ്വാധീനിക്കുന്നുണ്ട്.

വിദ്യാര്‍ഥികളുടെ ആത്മഹത്യക്ക് വിദ്യാഭ്യാസ വ്യവസ്ഥിതി, മാതാപിതാക്കള്‍, അധ്യാപകര്‍ എന്നിവര്‍ ഒരുപോലെ ഉത്തരവാദികളാണ്. ഒരു വിദ്യാര്‍ഥിയുടെ പഠനനിലവാരവും കഴിവുകളും മാര്‍ക്കിനെ അടിസ്ഥാനമാക്കിയാണ് എന്ന് ചിന്തിക്കുന്ന അധ്യാപകരും മാതാപിതാക്കളുമാണ് ബഹുപൂരിപക്ഷവും. കുടുംബം നല്‍കുന്ന സമ്മര്‍ദ്ധവും സ്‌കൂളുകളില്‍ നിന്നുള്ള സമ്മര്‍ദ്ധവും എല്ലാം വിദ്യാര്‍ഥികള്‍ക്ക് താങ്ങാവുന്നതിലും അപ്പുറം ആവുമ്പോള്‍ ആത്മഹത്യകള്‍ സംഭവിക്കുന്നു.

എങ്ങനെ സര്‍ഗാത്മകമായി പഠനകാലം മുന്നോട്ടു കൊണ്ടുപോകാം, എങ്ങനെ പരാജയത്തെ അതിജീവിക്കാം, മത്സരപരീക്ഷകള്‍ കൈകാര്യം ചെയ്യല്‍ എങ്ങനെ തുടങ്ങിയ കാര്യങ്ങളൊന്നും വിദ്യാഭ്യാസ സമ്പ്രദായം വിദ്യാര്‍ഥികള്‍ക്ക് പറഞ്ഞു കൊടുക്കുന്നില്ല. തല്‍ഫലമായി വിദ്യാര്‍ഥിയുടെ ആത്മഹത്യ എന്ന സാമൂഹിക ദുരന്തം സംഭവിക്കുന്നു. മാര്‍ക്ക് കുറയുമെന്ന് പേടിച്ച് പരീക്ഷക്ക് മുമ്പും ശേഷവും ആത്മഹത്യ ചെയ്യുന്ന വിദ്യാര്‍ഥികളും ഉണ്ടെന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.

മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ആത്മഹത്യ

രാജ്യത്ത് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ആത്മഹത്യാ നിരക്ക് വര്‍ധിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ നല്‍കിയ വിവരാവകാശ ചോദ്യത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരുന്നത്.

2018 നും 2022 നും ഇടയിലുള്ള കാലയളവില്‍ 122 മെഡിക്കല്‍, പിജി വിദ്യാര്‍ഥികളാണ് ജീവിതം അവസാനിപ്പിച്ചത്. 64 എംബിബിഎസ് വിദ്യാര്‍ഥികളും 58 പിജി വിദ്യാര്‍ഥികളും ജീവനൊടുക്കിയവരില്‍ ഉള്‍പ്പെടുന്നു. 1,270 മെഡിക്കല്‍ പ്രൊഫഷണലുകളും ആത്മഹത്യ ചെയ്തു.

മഹാരാഷ്ട്രയിലെയും കര്‍ണാടകയിലെയും മെഡിക്കല്‍ കോളേജുകളിലാണ് ഏറ്റവും കൂടുതല്‍ പിജി വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തത്. 11 വീതം വിദ്യാര്‍ഥികളാണ് ജീവനൊടുക്കിയത്. കേരളത്തിലാണ് എംബിബിഎസ് വിദ്യാര്‍ഥികള്‍ക്കിടയിലെ ആത്മഹത്യ നിരക്ക് കൂടുതല്‍. ഒന്‍പത് പേരാണ് ജീവിതം അവസാനിപ്പിച്ചത്. ഒരു പിജി വിദ്യാര്‍ഥിയും ആത്മഹത്യ ചെയ്തു.

മാസ്റ്റര്‍ ഓഫ് സര്‍ജറി (എംഎസ്) വിഭാഗത്തില്‍ പന്ത്രണ്ടുപേരും ഡോക്ടര്‍ ഓഫ് മെഡിസിന്‍ (എംഡി) വിഭാഗത്തില്‍ 36 പേരും ജീവനൊടിക്കിയിട്ടുണ്ട്. തമിഴ്നാടാണ് എംബിബിഎസ് വിദ്യാര്‍ഥികളുടെ ആത്മഹത്യ വര്‍ധിക്കുന്ന മറ്റൊരു സംസ്ഥാനം. 2018 നും 2022 നും ഇടയില്‍ എട്ടുപേരാണ് ജീവിതം അവസാനിപ്പിച്ചത്. ആന്ധ്രാപ്രദേശിലും കര്‍ണാടകയിലും അഞ്ചുവീതം എംബിബിഎസ് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. പുതുച്ചേരിയില്‍ മൂന്നും തെലങ്കാനയില്‍ ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

2018 നും 2022 നും ഇടയില്‍ 1,270 വിദ്യാര്‍ഥികള്‍ മെഡിക്കല്‍ വിദ്യാഭ്യാസം പാതിവഴിയില്‍ അവസാനിപ്പിച്ചു. കേരളത്തില്‍ നിന്ന് എട്ട് വിദ്യാര്‍ഥികള്‍ നാലു വര്‍ഷത്തിനിടെ എംബിബിഎസ് പഠനം ഉപേക്ഷിച്ചിട്ടുണ്ട്. പത്ത് പിജി വിദ്യാര്‍ഥികളും മെഡിക്കല്‍ കോഴ്സ് പകുതിയില്‍ ഉപേക്ഷിച്ചു.

പഠനരംഗത്തെ മാനസിക സമ്മര്‍ദ്ദം താങ്ങാനാവാതെയാണ് ആത്മഹ്യകള്‍ നടന്നത്. അക്കാദമിക് രംഗത്തുള്ള സമ്മര്‍ദ്ദത്തിന് പുറമേ, വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളും വിദ്യാര്‍ഥികളെ പ്രതിരോധത്തിലാക്കുന്ന ഘടകമാണ്. താങ്ങാനാകാത്ത ജോലി സമ്മര്‍ദ്ദമാണ് മെഡിക്കല്‍ മേഖല ഉപേക്ഷിക്കാന്‍ ഡോക്ടര്‍മാരെ പ്രേരിപ്പിക്കുന്നത്.

ഐഐടി, എന്‍ഐടികളിലെ ആത്മഹത്യ

സിവില്‍ സര്‍വീസ് സ്വപ്നങ്ങളുമായി ഐഐടി മദ്രാസില്‍ ഉന്നതപഠനത്തിനായി എത്തിയ ഫാത്തിമ ലത്തീഫിനെ മറക്കാന്‍ കഴിയില്ല. 2019 ലാണ് ഐഐടി പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്കു നേടിയ ഫാത്തിമ ലത്തീഫ് കുറിപ്പെഴുതി വെച്ച് ജീവനൊടുക്കിയത്. സോഷ്യല്‍ സയന്‍സ് വിഭാഗത്തിലെ ഒരു അധ്യാപകന്റെ മുന്‍വിധികളിലൂന്നിയ പെരുമാറ്റവും സാമൂഹ്യവിവേചനവുമാണ് മരണകാരണമെന്ന് കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു.

ഫാത്തിമ ലത്തീഫ്

ഐഐടി മദ്രാസില്‍ ഗവേഷണം ചെയ്യുകയായിരുന്ന സച്ചിന്‍ കുമാരും സമ്മര്‍ദ്ദം താങ്ങവയ്യാതെയാണ് ആത്മഹത്യ ചെയ്തത്. സച്ചിന്റെ മാനസികാവസ്ഥ മനസ്സിലാക്കിയിട്ടും കൂടുതല്‍ സമ്മര്‍ദ്ദം നല്‍കിയ ഗൈഡാണ് കുറ്റക്കാരനെന്ന് സച്ചിന്റെ സഹോദരന്‍ ആരോപിച്ചിരുന്നു. വിവരാവകാശ രേഖകള്‍ പ്രകാരം കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ മദ്രാസ് ഐഐടിയില്‍ മാത്രം 14 ആത്മഹത്യ നടന്നിട്ടുണ്ട്.

2023 മാര്‍ച്ചില്‍ വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സര്‍ക്കാര്‍ രേഖാമൂലം രാജ്യസഭയില്‍ അവതരിപ്പിച്ച കണക്കനുസരിച്ച് 2018-23 വര്‍ഷങ്ങള്‍ക്കിടയില്‍ ഐഐടികളില്‍ മാത്രം ആത്മഹത്യ ചെയ്തത് 33 വിദ്യാര്‍ത്ഥികളാണ്. എന്‍ഐടി, ഐഐഎം എന്നിവിടങ്ങളിലെ കണക്കുകള്‍ കൂടി പരിശോധിച്ചാല്‍ അത് 61 ആയി ഉയരും. അക്കാദമിക് സമ്മര്‍ദ്ദം, കുടുംബ പ്രശ്നങ്ങള്‍, വ്യക്തിപരമായ കാരണങ്ങള്‍, മാനസികാരോഗ്യ പ്രശ്നങ്ങള്‍ എന്നിവയാണ് കാരണങ്ങളായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.

2020 ഡിസംബറില്‍ കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ലോക്സഭയില്‍ അവതരിപ്പിച്ച കണക്കില്‍ ഐഐടി, ഐഐഎം, ഐഐഎസ്‌സി, ഐഐഐടി, കേന്ദ്ര സര്‍വ്വകലാശാലകള്‍, ഐഐആര്‍ഇആര്‍, എന്‍ഐടി തുടങ്ങിയ സ്ഥാപനങ്ങളില്‍ 2014 നും 2021 നും ഇടയില്‍ ആത്മഹത്യ ചെയ്തത് 122 വിദ്യാര്‍ഥികളാണ്. ഇതില്‍ കേന്ദ്ര സര്‍വകലാശാലകളില്‍ മാത്രം 37 ആത്മഹത്യകള്‍ നടന്നു.

ഐഐടികളില്‍ ഗവേഷണം നടത്തുന്നവര്‍ക്ക് പൊതുവെ ഗവേഷണ കാലത്ത് സ്‌കോളര്‍ഷിപ്പ് വൈകാറില്ല. ഗവേഷണത്തിനായി ചേര്‍ന്ന ശേഷം ഗൈഡുമായുള്ള പൊരുത്തക്കേടുകളോ ആവശ്യമായ മെറ്റീരിയല്‍സ് കിട്ടാതെയോ മറ്റ് വ്യക്തിപരമായ കാരണങ്ങള്‍കൊണ്ടോ ഗവേഷണം പലരുടേയും വൈകാറുണ്ട്.

ഗവേഷണ കാലാവധി കഴിഞ്ഞും അത്തരക്കാര്‍ പിഎച്ച്ഡി പൂര്‍ത്തിയാക്കാതെ ക്യാമ്പസില്‍ തുടരുന്നു. അവര്‍ക്കാണ് ഏറ്റവുമധികം സാമ്പത്തിക ഞെരുക്കവും മാനസിക സമ്മര്‍ദ്ദവുമുണ്ടാവുക. ഇത്തരം സമ്മര്‍ദ്ദങ്ങള്‍ക്കൊപ്പം പിന്തുണ ലഭിക്കാത്ത ക്യാമ്പസ് അന്തരീക്ഷം കൂടിയാകുമ്പോള്‍ ആത്മഹത്യയിലേയ്ക്ക് നയിക്കുന്നു.

ജാതി വിവേചനവും ആത്മഹത്യകളും

ജാതി വിവേചനം ഉള്‍പ്പെടെയുള്ള വിവേചനങ്ങളാണ് വിദ്യാര്‍ത്ഥികളുടെ ആത്മഹത്യക്ക് കാരണം എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഐഐടി പോലുള്ള സ്ഥാപനങ്ങള്‍ ഓട്ടോണമസ് ബോഡിയായി നിലകൊള്ളുന്നത് കൊണ്ട്തന്നെ അധികാര ദുര്‍വിനിയോഗം നടക്കുന്നു എന്നുള്ള ആരോപണങ്ങള്‍ ഉയര്‍ന്നു
വരാറുണ്ട്. മാത്രമല്ല ദളിത്, മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് പല തരത്തിലുള്ള വിവേചനം അനുഭവിക്കേണ്ടി വരുന്നു.

1996 ലാണ് മദ്രാസ് ഐഐടിയില്‍ ആദ്യമായി ദളിത് വിഭാഗത്തില്‍ പെടുന്ന ഒരു വ്യക്തി പിഎച്ച്ഡിക്ക് രജിസ്റ്റര്‍ ചെയ്യുന്നത്. എന്നാല്‍ ദളിത് ആയതിന്റെ പേരില്‍ അയാള്‍ക്ക് ഹോസ്റ്റല്‍ റൂം നിഷേധിക്കപ്പെട്ടു. ഏറേക്കുറെ സമാനമായ അവസ്ഥയാണ് ഇന്നും നിലനില്‍ക്കുന്നത്.

ഹൈദരാബാദ് സര്‍വകലാശാലയിലെ ദലിത് പിഎച്ച്ഡി വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമുല 2016ല്‍ ആത്മഹത്യ ചെയ്തതും മുംബൈയിലെ ടൊപ്പിവാല നാഷണല്‍ മെഡിക്കല്‍ കോളജ് ആന്‍ഡ് ബിവൈഎല്‍ ചാരിറ്റബിള്‍ ആശുപത്രിയിലെ മെഡിക്കല്‍ പിജി വിദ്യാര്‍ഥി പായല്‍ 2019ല്‍ ആത്മഹത്യ ചെയ്തതുമാണ് കാംപസുകളിലെ ജാതിവിവേചനത്തിന്റെ കഥകള്‍ സമൂഹത്തിന് മുന്നിലെത്തിച്ച വലിയ സംഭവങ്ങള്‍. രണ്ട് ആത്മഹത്യയ്ക്ക് പിന്നിലും ജാതി പീഡനമാണെന്ന് കണ്ടെത്തിയിരുന്നു.

കഴിഞ്ഞ വര്‍ഷം നാഷണല്‍ ലോ സ്‌കൂള്‍, മെഡിക്കല്‍ കോളജ്, ഐഐടി എന്നിവിടങ്ങളിലായി വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തു. ബോംബെ ഐഐടിയിലെ ബിടെക് വിദ്യാര്‍ഥി ദര്‍ശന്‍ സോളങ്കിയാണ് ഇതിലൊരാള്‍. ഹൈദരാബാദില്‍ നിന്നുള്ള പട്ടികവര്‍ഗ വിദ്യാര്‍ഥി ഡോ. പ്രീതി കടുത്ത റാഗിങ്ങിന് വിധേയയാണ് ആത്മഹത്യ ചെയ്തത്. പഞ്ചാബിലെ അമൃത്സറിലെ മെഡിക്കല്‍ കോളജിലെ ഹോസ്റ്റല്‍ മുറിയില്‍ പട്ടികജാതിക്കാരനായ എംബിബിഎസ് വിദ്യാര്‍ഥി പമ്പോഷ് ആത്മഹത്യ ചെയ്തതു.

രോഹിത് വെമുല

കെമിക്കല്‍ എഞ്ചിനീയറിംങ് വിദ്യാര്‍ഥിയായിരുന്ന ദര്‍ശന്‍ സോളങ്കിയുടെ ആത്മഹത്യയെ തുടര്‍ന്ന്
ഇന്‍സ്റ്റിറ്റ്യൂട്ട് നിയമിച്ച 12 അംഗ അന്വേഷണ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത് അക്കാദമിക പ്രകടനം മോശമായതാണ് ആത്മഹത്യക്ക് കാരണമെന്നാണ്. സോളങ്കി ക്യാമ്പസില്‍ ജാതി വിവേചനം അനുഭവിച്ചിരുന്നു എന്ന് സഹോദരി ആരോപിച്ചിരുന്നു.

മുന്‍വിധികളോടു കൂടിയ പെരുമാറ്റം, പക്ഷപാതം, ജാതീയമായ അധിക്ഷേപങ്ങള്‍, സാമൂഹിക അവഹേളനം, ശാരീരിക ആക്രമണം എന്നിവ ഉള്‍പ്പെടെ ദളിത് വിദ്യാര്‍ഥികളോട് വിവേചനം കാണിക്കാന്‍ സൂക്ഷ്മവും
നേരിട്ടുള്ളതുമായ വഴികളുണ്ടെന്ന്, ഇന്ത്യയിലെ രണ്ട് കേന്ദ്ര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതി വിവേചനങ്ങളെ കുറിച്ച് പഠിച്ച സുഖ്ദിയോ തോറാട്ട് കമ്മീഷന്‍ (2007), ഭല്‍ചന്ദ്ര മുന്‍ഗേക്കര്‍ കമ്മീഷന്‍ (2012) റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയതാണ്. ദളിത് വിദ്യാര്‍ഥികളുടെ രാഷ്ട്രീയവും സാമൂഹികവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍വകലാശാലാ ഭരണകൂടത്തിന്റെയും സവര്‍ണ്ണ-ആധിപത്യ വിദ്യാര്‍ഥി സംഘടനകളുടെയും അക്രമാസക്തമായ അടിച്ചമര്‍ത്തലുകളാണ് നേരിടേണ്ടി വരുന്നത്.

ജാതി വിവേചനത്തെക്കുറിച്ചുള്ള പരാതികള്‍ പരിഹരിക്കാന്‍ 2012ല്‍ യുജിസി ചില ചട്ടങ്ങള്‍ രൂപീകരിച്ചിരുന്നു. അക്കാദമിക് സ്ഥാപനങ്ങളില്‍ തുല്യ അവസര സെല്ലും വിവേചനവിരുദ്ധ ഓഫിസറും സ്ഥാപിക്കുന്നതിന് വഴിയൊരുക്കി. ജാതി, മതം, മതം, ഭാഷ, വംശം, ലിംഗഭേദം, വൈകല്യങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയുള്ള വിവേചനം, ഉപദ്രവം, പ്രതികൂലമായ പെരുമാറ്റം, ഇരയാക്കല്‍ എന്നിവ നിരോധിച്ചു. എന്നാല്‍ ഇതിലെ ചട്ടങ്ങള്‍ ദുര്‍ബലമാണ്. ചട്ടങ്ങള്‍ക്ക് നിര്‍ബന്ധ സ്വഭാവമില്ലെന്ന് മാത്രമല്ല, റാഗിങ് തടയുന്ന നിയമത്തിന്റെ അത്രപോലും ശക്തിയുമുണ്ടായിരുന്നില്ല.

കാമ്പസിനകത്തെ ജാതിവിവേചനം തടയുന്നതിന് 2021-22, 2022-2023 അധ്യയന വര്‍ഷങ്ങളില്‍ സീകരിച്ച നടപടികള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ രാജ്യത്തെ അഞ്ച് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരത്തെ യുജിസി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ തുടര്‍ നടപടികളുണ്ടാകാതിരിക്കുകയോ ഉണ്ടായ നടപടികള്‍ ഫലം കാണാതെ പോകുകയോ ചെയ്തു.

കാമ്പസുകളിലെ ജാതിവിവേചനം ഇല്ലാതാക്കാന്‍ എന്തെല്ലാം ചെയ്തുവെന്ന് അറിയിക്കാന്‍ യുജിസിക്ക് കഴിഞ്ഞ ജൂലൈയില്‍ സുപ്രിംകോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതില്‍ യുജിസി എന്തുമറുപടി നല്‍കിയെന്ന് വ്യക്തമല്ല. ജാതിവിവേചനം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശക്തമാണെന്നായിരുന്നു ജസ്റ്റിസുമാരായ എഎസ് ബൊപ്പണ്ണ, എംഎം സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം.

കേന്ദ്രീകൃത പരീക്ഷകളും വിദ്യാര്‍ഥികളെ ആത്മഹത്യയിലേയ്ക്ക് തള്ളിവിടുന്നുണ്ട്. കേന്ദ്ര സിലബസിനെ അടിസ്ഥാനമാക്കിയുള്ള ദേശീയ പരീക്ഷകള്‍ സംസ്ഥാന സിലബസും പാഠപുസ്തകങ്ങളും പിന്തുടരുന്ന സംസ്ഥാനങ്ങളിലെ കുട്ടികള്‍ക്ക് പിന്തുടരാന്‍ കഴിയാതെ വരാറുണ്ട്. മെഡിക്കല്‍ പ്രവേശനത്തിനുള്ള കേന്ദ്രീകൃത പരീക്ഷയായ നീറ്റ് ആണ് ഏറ്റവും വലിയ ഉദാഹരണം.

നീറ്റ് പരീക്ഷയില്‍ പരാജയപ്പെടുന്നതിനെ തുടര്‍ന്ന് ഓരോ വര്‍ഷവും തമിഴ്നാട്ടിലെ നിരവധി കൗമാരക്കാരാണ് ആത്മഹത്യ ചെയ്യുന്നത്. തമിഴ് മീഡിയത്തില്‍ പഠിക്കുന്ന സമൂഹത്തിലെ താഴെക്കിടയിലുള്ളവരും കോച്ചിംഗ് സെന്ററുകളില്‍ ചേരാന്‍ സാമ്പത്തിക ശേഷിയില്ലാത്തവരുമായ കുട്ടികള്‍ ഓരോ വര്‍ഷവും നീറ്റ് റിസള്‍ട്ട് വരുന്നതോടെ ആത്മഹത്യയില്‍ ഭയം തേടുന്നു.

നീറ്റിന്റെ ഘടന സംസ്ഥാന സിലബസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അനുയോജ്യമല്ലെന്നും, കോച്ചിംഗ് സെന്ററുകളുടെ പരിശീലനരീതിക്കനുസരിച്ചാണെന്നും തമിഴ്‌നാട് സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് എകെ രാജന്‍ കമ്മീഷന്‍ നിരീക്ഷിച്ചിരുന്നു. നീറ്റിനു പകരം പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നല്‍കണമെന്നും കേന്ദ്രീകൃത പരീക്ഷകളില്‍ നിന്ന് തമിഴ്നാടിനെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് നിയമസഭയില്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പ്രമേയം അവതരിപ്പിച്ചിരുന്നു.

FAQs

എന്താണ് വിദ്യാഭ്യാസം?

അധ്യാപനവും അദ്ധ്യയനവും ചേരുന്നതാണ് വിദ്യാഭ്യാസം. ഒരു തലമുറയിൽ നിന്ന് അടുത്ത തലമുറയിലേക്ക് അറിവ് പകർന്നു നൽകപ്പെടുന്നത് വിദ്യാഭ്യാസത്തിലൂടെയാണ്.

എന്താണ് ആത്മഹത്യ?

ഒരാൾ സ്വയം ജീവിതം അവസാനിപ്പിക്കുന്നതിനാണ് ആത്മഹത്യ എന്ന് പറയുന്നത്.

ആരാണ് രോഹിത് വെമുല?

ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ ജാതീയമായ പീഡനങ്ങൾ കാരണം സ്വയം ജീവനൊടുക്കിയ ദളിത് വിദ്യാർത്ഥി നേതാവായിരുന്നു രോഹിത് വെമുല.

Quotes

“ഏതൊരു സമൂഹത്തിന്‍റെയും പുരോഗതി ആ സമൂഹത്തിലെ വിദ്യാഭ്യാസ പുരോഗതിയെ ആശ്രയിച്ചിരിക്കുന്നു- ഡോ. ബി ആർ അംബേദ്ക്കർ.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.