Wed. Jan 22nd, 2025

ന്യൂഡൽഹി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും മുക്തി മോർച്ച നേതാവുമായ ചംപയ് സോറൻ വെള്ളിയാഴ്ച ബിജെപിയില്‍ ചേരും. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചംപയ് സോറൻ കൂടിക്കാഴ്ച നടത്തുന്നതിൻ്റെ ചിത്രവും അദ്ദേഹം പുറത്തുവിട്ടു. റാഞ്ചിയിലായിരിക്കും പാർട്ടി പ്രവേശന ചടങ്ങെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ജെഎംഎമ്മില്‍ നിന്ന് ചംപയ് സോറൻ രാജി പ്രഖ്യാപിച്ചിരുന്നു. പാര്‍ട്ടി വിട്ടെങ്കിലും താന്‍ ബിജെപിയിലേക്ക് പോകില്ലെന്നും പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും അതു സംബന്ധിച്ച് രണ്ടാഴ്ചയ്ക്കകം പ്രഖ്യാപനം ഉണ്ടാകുമെന്നുമായിരുന്നു അന്ന് വ്യക്തമാക്കിയത്.

 ‘ഇത് എന്റെ ജീവിതത്തിലെ പുതിയ അധ്യായമാണ്. ഞാന്‍ രാഷ്ട്രീയം ഉപേക്ഷിക്കുന്നില്ല. എനിക്ക് പിന്തുണയുമായി നിരവധിപ്പോരണ് പിന്നിലുള്ളത്. പഴയ അധ്യായം(ജെഎംഎം) അവസാനിച്ചു. ഇനി പുതിയ പാര്‍ട്ടിയില്‍’ പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ചംപയ് സോറന്‍ വ്യക്തമാക്കി. ന്യൂഡല്‍ഹിയില്‍ നിന്ന് തന്റെ സ്വഗ്രാമത്തില്‍ തിരിച്ചെത്തിയ ശേഷമായിരുന്നു ജെഎംഎം വിടുന്നതായുള്ള പ്രഖ്യാപനം അദ്ദേഹം നടത്തിയത്.