Thu. Sep 19th, 2024
Rahul Gandhi

 

ലഖ്‌നൗ: ജാതി സെന്‍സസ് നടത്തുമെന്നും സംവരണ പരിധി 50 ശതമാനം എന്ന നിയന്ത്രണം എടുത്തുകളയുമെന്നും രാഹുല്‍ ഗാന്ധി. ‘എന്റെ ലക്ഷ്യം സമ്പത്ത് വിതരണമാണ്. പിന്നാക്ക വിഭാഗക്കാരുടെയും ദലിതരുടെയും കൈകളില്‍ എത്രയുണ്ട്, തൊഴിലാളികള്‍ക്ക് എത്രയുണ്ട് എന്ന് അന്വേഷിക്കേണ്ടതാണ്.’, രാഹുല്‍ പറഞ്ഞു.

‘രണ്ടാമത്തെ കാര്യം അക്കാദമിക് സ്ഥാപനങ്ങളിലും ജുഡീഷ്യറിയിലും മാധ്യമങ്ങളിലും ഈ ആളുകളുടെ (ഒബിസി, എസ്സി, എസ്ടി) പങ്കാളിത്തം അറിയുക എന്നതാണ്. ഓരോ വ്യക്തിയും തുല്യരാണെന്നും ഭരണഘടന നമ്മുടെ സമൂഹത്തിനായി എന്തെങ്കിലും സ്വാധീനം ചെലുത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും’ രാഹുല്‍ ചൂണ്ടിക്കാട്ടി.

‘സംവരണ നയമുണ്ടെങ്കിലും ഇന്ത്യയിലെ ദലിതര്‍ക്ക് ഇപ്പോഴും സംവരണം ലഭിക്കുന്നില്ല എന്നതാണ് വസ്തുത. ഞാന്‍ ന്യൂനപക്ഷ വിഭാഗങ്ങളെയും ദലിതരോ അധസ്ഥിതരോ ആയി കാണുന്നില്ല. അതുകൊണ്ടാണ് ജാതി സെന്‍സസ് നടത്തി 50 ശതമാനം സംവരണം ഒഴിവാക്കാന്‍ ശ്രമിക്കുന്നത്’. രാഹുല്‍ വ്യക്തമാക്കി.

ഇന്ത്യയിലെ ജനസംഖ്യയുടെ 90 ശതമാനവും ഒബിസി, എസ്സി, എസ്ടി, ന്യൂനപക്ഷ വിഭാഗങ്ങളാണ്. അലഹബാദിലെ സിവില്‍ സൊസൈറ്റികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

ബോളിവുഡില്‍ പോലും 90 ശതമാനത്തിന്റെ പ്രാതിനിധ്യവും കാണാനാകില്ല. മിസ് ഇന്ത്യാക്കാരുടെ ലിസ്റ്റിലും ദളിത്, ആദിവാസി, ഒബിസി ഇല്ല. ഈ ലിസ്റ്റില്‍ ഇന്ത്യയുടെ ഘടനയില്‍ 90 ശതമാനവും ഉള്‍പ്പെടുത്തിയില്ലെങ്കില്‍ ഭരണഘടന നിലനില്‍ക്കില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

എസ്സി, എസ്ടി, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള മൊത്തം സംവരണ പരിധിയില്‍ 50 ശതമാനം പരിധി ഉയര്‍ത്തി ഭരണഘടന ഭേദഗതി ചെയ്യണമെന്ന് കോണ്‍ഗ്രസ് ലോക്സഭാ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പറഞ്ഞിരുന്നു. രാജഭരണകാലത്ത് രാജാക്കന്മാര്‍ എന്തും ചെയ്യുമായിരുന്നു. മോദി ആ മാതൃക പ്രവര്‍ത്തിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.