Tue. Oct 8th, 2024

 

തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ ഏതൊരു നീക്കത്തെയും ശക്തമായി എതിര്‍ക്കുന്നയാളാണ് താനെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. ഇന്നലത്തെ തന്റെ പ്രസ്താവന ചില മാധ്യമങ്ങള്‍ വളച്ചൊടിച്ചു. സംവിധായകന്‍ രഞ്ജിത്ത് രാജിവെക്കുകയാണെന്ന് ഇങ്ങോട്ട് അറിയിക്കുകയായിരുന്നെന്നും മന്ത്രി പറഞ്ഞു.

‘രാജിവെക്കണമെന്ന് അങ്ങോട്ട് ആവശ്യപ്പെടാതെതന്നെ രഞ്ജിത്ത് രാജിവെക്കുകയാണെന്ന് ഇങ്ങോട്ട് പറഞ്ഞു. ഉടന്‍ രാജിക്കത്ത് അയക്കുമെന്നും പറഞ്ഞു. ഒരു പരാതി ലഭിച്ചാല്‍ അത് പരിശോധിച്ച് നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് ഞാന്‍ പറഞ്ഞത്. എന്നാല്‍, രഞ്ജിത്തിനെ സംരക്ഷിക്കാന്‍ സാംസ്‌കാരിക മന്ത്രി എന്ന് എഴുതിക്കാണിച്ചു. ഇതിന്റെ ചുവടുപിടിച്ച്, സ്ത്രീവിരുദ്ധനാണ് സാംസ്‌കാരിക മന്ത്രി എന്ന നിലയിലാണ് പിന്നീട് ചര്‍ച്ചകള്‍ നടന്നത്. ഇത് വല്ലാതെ വേദനിപ്പിച്ചു.’, മന്ത്രി പറഞ്ഞു.

മൂന്ന് പെണ്‍കുട്ടികളും ഭാര്യയും അമ്മയും അടക്കം അഞ്ച് സ്ത്രീകളുള്ള വീട്ടില്‍ താമസിക്കുന്ന ഏക പുരുഷനാണ് താനെന്നും മന്ത്രി പറഞ്ഞു.

‘സര്‍ക്കാരിന് ഒന്നും മറച്ചുവെക്കാനില്ല. ഇരയോടൊപ്പമാണ്, വേട്ടക്കാരോടൊപ്പമല്ല. ആരെങ്കിലും ഏതെങ്കിലും തരത്തില്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ പരാതിയുടെ അടിസ്ഥാനത്തില്‍ കര്‍ശനമായ നടപടി സ്വീകരിക്കും. അക്കാര്യത്തില്‍ നിയമപരമായ നിലപാട് സ്വീകരിക്കും. സര്‍ക്കാരിന് ആരേയും സംരക്ഷിക്കാനുള്ള ബാധ്യതയില്ല. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയവും മനസും സ്ത്രീ പക്ഷത്താണ്’, സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.