Thu. Sep 19th, 2024

 

ബ്രസീലിയ: വിസ നിഷേധിച്ചതിനെത്തുടര്‍ന്ന് ഇന്ത്യ, നേപ്പാള്‍, വിയറ്റ്നാം എന്നിവിടങ്ങളില്‍നിന്നുള്ള നൂറുകണക്കിന് അഭയാര്‍ഥികള്‍ ബ്രസീലിലെ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നു. വെള്ളവും ഭക്ഷണവും ലഭിക്കാതെയാണ് ഇവര്‍ ഗ്വാരുലൂസ് വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നത്. പലരും തറയില്‍ ഉറങ്ങേണ്ട അവസ്ഥയിലാണെന്നും വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ടു ചെയ്തു.

വിമാനത്താവളത്തില്‍ തുടരുന്ന ഇവരെ പ്രത്യേകമായി ഒരിടത്തേക്ക് മാറ്റിയിരിക്കുകയാണെന്നും കുളിക്കാനോ ഭക്ഷണം വാങ്ങാനോ സാധിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രസീലിലെ ശൈത്യത്തെ പ്രതിരോധിക്കാന്‍ ബ്ലാങ്കറ്റുകള്‍ പോലും ഇവരുടെ കൈവശമില്ല.

ബ്രസീല്‍ വിസയില്ലാതെ മറ്റൊരു രാജ്യത്തേക്ക് പോകാനെത്തുന്നവര്‍ നേരിട്ട് ആ രാജ്യത്തേക്ക് പോവുകയോ സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോവുകയോ ചെയ്യണമെന്ന് പൊതുസുരക്ഷാ മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച മുതല്‍ ഇത് നിലവില്‍ വരും. വടക്കന്‍ അമേരിക്കയിലേക്ക് പോവുന്ന ഏഷ്യയില്‍നിന്നുള്ള യാത്രക്കാരാണ് ഇത്തരത്തില്‍ ബ്രസീലില്‍ ഇറങ്ങുന്നതെന്നാണ് അധികൃതര്‍ പറയുന്നത്.

കാനഡയിലേക്കും യുഎസിലേക്കും ട്രാന്‍സിറ്റ് പോയിന്റായി ബ്രസീലിലേക്ക് എത്തുന്ന വിദേശികളുടെ ഒഴുക്ക് തടയാനാണ് ബ്രസീല്‍ സര്‍ക്കാരിന്റെ നടപടിയെന്നാണ് സൂചന. സ്വന്തം രാജ്യത്ത് പീഡനവും ഭീഷണിയും നേരിടുന്നെന്ന് പറഞ്ഞ് എത്തുന്നവര്‍ ബ്രസീലില്‍ അഭയംതേടിയ ശേഷം അമേരിക്ക, കാനഡ എന്നിവിടങ്ങളിലേക്ക് കുടിയേറുന്ന പ്രവണത വര്‍ധിച്ചുവരുന്നതായി ബ്രസീല്‍ സര്‍ക്കാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കടുത്ത നിയന്ത്രണ നീക്കം.

കൊളംബിയയേയും പാനമയേയും ബന്ധിപ്പിക്കുന്ന ഡാരിയന്‍ ഗ്യാപ്പിലൂടെയാണ് ഇവര്‍ യുഎസിലേക്കും കാനഡയിലേക്കും കടക്കുന്നത്. ഇതിനിടെ അമേരിക്കന്‍ അതിര്‍ത്തിയില്‍ പിടിക്കപ്പെട്ടാല്‍ സ്വന്തം രാജ്യത്തേക്ക് തിരിച്ചയയ്ക്കുന്നതിന് പകരം ബ്രസീലിന് കൈമാറാന്‍വേണ്ടിയാണ് അഭയം തേടുന്നതെന്നാണ് കണ്ടെത്തല്‍. ഇത് തടയുന്നതിനാണ് തിങ്കളാഴ്ച മുതല്‍ നടപ്പാക്കുന്ന പരിഷ്‌കരണം. ഇതിന്റെ ഭാഗമായാണ് ഇന്ത്യക്കാരടക്കം അറുന്നൂറോളം പേരെ വിമാനത്താവളത്തില്‍ തടഞ്ഞതെന്നാണ് സൂചന.