Sun. Dec 22nd, 2024

ന്യൂഡൽഹി: റോഹിങ്ക്യൻ അഭയാർത്ഥികളെ തടങ്കലിൽ പാർപ്പിച്ചതിനെതിരെ കേന്ദ്രത്തോട് പ്രതികരണം തേടി സുപ്രീം കോടതി. അനിശ്ചിതകാലമായി ഇന്ത്യയിൽ തടങ്കലിൽ കഴിയുന്ന റോഹിങ്ക്യൻ അഭയാർത്ഥികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താൽപര്യ ഹർജിക്ക് മറുപടിയായാണ് സുപ്രീം കോടതിയുടെ പ്രതികരണം.

ജസ്റ്റിസുമാരായ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്രത്തോട് മറുപടി നൽകാൻ ആവശ്യപ്പെട്ടത്. റീത്ത മഞ്ചന്ദ എന്ന വ്യക്തിയാണ് ഹർജി സമർപ്പിച്ചത്. 1946ലെ ഫോറിനേഴ്‌സ് ആക്‌ട്, 1920ലെ പാസ്‌പോർട്ട് ആക്‌ട് എന്നിവ പ്രകാരം രണ്ട് വർഷത്തിലേറെയായി തടവിൽ കഴിയുന്ന റോഹിങ്ക്യൻ തടവുകാരെ മോചിപ്പിക്കണമെന്ന് മഞ്ചന്ദ ഹർജിയിലൂടെ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.

ഇന്ത്യയിലുടനീളമുള്ള വിവിധ ജയിലുകളിലും മറ്റും കഴിയുന്ന റോഹിങ്ക്യൻ അഭയാർത്ഥികളുടെ അവസ്ഥകളെക്കുറിച്ച് റിപ്പോർട്ടിൽ പറയുന്നു. തടവുകാർക്ക് ഒരിക്കലും നോട്ടീസ് നൽകുകയോ അഭയാർത്ഥികളായി അവരുടെ കേസുകൾ അവതരിപ്പിക്കാൻ അവസരം നൽകുകയോ ചെയ്തിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

തടങ്കൽ കേന്ദ്രങ്ങളിൽ പ്രായപൂർത്തിയാകാത്ത ഒരാളുടേതുൾപ്പെടെ രണ്ട് മരണങ്ങൾ നടന്നിട്ടുണ്ടെന്നും അത് അഭയാർഥികളുടെ ദുരിതജീവിതത്തെ വ്യക്തമാക്കുന്നെന്നും മഞ്ചന്ദ പറഞ്ഞു. റോഹിങ്ക്യൻ കുട്ടികൾക്ക് വിദ്യാഭ്യാസവും തൊഴിലധിഷ്ഠിത പരിശീലനവും നിഷേധിക്കപ്പെടുന്നുവെന്നും ഇതവരുടെ ഭാവിയെ ദോഷകരമായി ബാധിക്കുമെന്നും റിപ്പോർട്ട് പറയുന്നുണ്ട്.