Sun. Dec 22nd, 2024

 

ഗാസിയാബാദ്: ഗാസിയാബാദ് റെയില്‍വേ സ്റ്റേഷന് സമീപത്ത് കുടില്‍ കെട്ടി താമസിക്കുന്ന മുസ്ലിം കുടുംബങ്ങള്‍ക്ക് നേരെ ഹിന്ദുത്വ സംഘടനയുടെ ആക്രമണം. ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെന്ന് ആരോപിച്ചാണ് ഹിന്ദു രക്ഷാദള്‍ പ്രവര്‍ത്തകര്‍ ഇവരെ ആക്രമിച്ചത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. ഇവര്‍ താമസിച്ചിരുന്ന കുടിലുകള്‍ക്ക് അക്രമികള്‍ തീയിട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു.

ഹിന്ദു രക്ഷാദള്‍ പ്രസിഡന്റ് ‘പിങ്കി’ എന്നറിയപ്പെടുന്ന ഭൂപേന്ദ്ര ചൗധരിയുടെ നേതൃത്വത്തില്‍ വൈകിട്ട് 7.30ഓടെയാണ് ആക്രമണമുണ്ടായത്. ബംഗ്ലാദേശ് വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചെത്തിയ 20ഓളം പ്രവര്‍ത്തകര്‍ കുടിലുകള്‍ തകര്‍ക്കുകയും താമസക്കാരെ ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തിന് ഇരയായവര്‍ ഭൂരിഭാഗവും മുസ്ലിംകളാണെന്ന് പൊലീസ് പറഞ്ഞു.

ഹിന്ദു രക്ഷാദളിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ആക്രമണത്തിന്റെ രണ്ട് വീഡിയോകള്‍ അവര്‍തന്നെ പോസ്റ്റ്ചെയ്തിരുന്നു. ടെന്റുകള്‍ നശിപ്പിക്കുന്നതും താമസക്കാരുടെ സാധനങ്ങള്‍ കത്തിക്കുന്നതും മുസ്ലീങ്ങളെ അക്രമിക്കുന്നതും മതപരമായ അധിക്ഷേപപിക്കുന്നതും വീഡിയോയിലുണ്ട്. ഈ ആഴ്ച ഇത്തരത്തില്‍ രണ്ടാമത്തെ ആക്രമണമാണ് സംഘം നടത്തുന്നതെന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

താന്‍ സ്ഥലത്തെത്തുമ്പോള്‍ ‘പിങ്കി’യും സഹപ്രവര്‍ത്തകരും കുടിലില്‍ താമസിക്കുന്നവരെ അക്രമിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് സബ് ഇന്‍സ്പെക്ടര്‍ സഞ്ജീവ് കുമാര്‍ പറഞ്ഞു. അക്രമികള്‍ ബംഗ്ലാദേശ് വിരുദ്ധ മുദ്രാവാക്യം മുഴക്കുന്നുണ്ടായിരുന്നു. ഇവര്‍ ബംഗ്ലാദേശികളെല്ലെന്ന് പറഞ്ഞു മനസ്സിലാക്കാന്‍ താന്‍ ശ്രമിച്ചെങ്കിലും അത് കേള്‍ക്കാതെ അക്രമം തുടര്‍ന്നുവെന്ന് സഞ്ജീവ് കുമാര്‍ പറഞ്ഞു.

അക്രമത്തിനിരയായവര്‍ ബംഗ്ലാദേശികളല്ലെന്നും ഷാജഹാന്‍പൂര്‍ സ്വദേശികളാണെന്നും ഗാസിയാബാദ് പൊലീസ് കമ്മീഷണര്‍ അജയ് കുമാര്‍ മിശ്ര പറഞ്ഞു. അക്രമികള്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പിങ്കിക്കും കണ്ടാലറിയാവുന്ന 20 പേര്‍ക്കുമെതിരെ പൊലീസ് മനപ്പൂര്‍വമായ ആക്രമണം, കലാപത്തിന് ശ്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.