Sat. Sep 14th, 2024

ഛത്തീസ്ഗഡ്: ഹരിയാനയിലെ സ്കൂളുകളിൽ ഇനി മുതൽ ഗുഡ്മോണിംഗിന് പകരം ജയ് ഹിന്ദ് പറയാൻ നിർദേശം. 

ഹരിയാന സ്‌കൂൾ വിദ്യാഭ്യാസ ഡയറക്ടറേറ്റാണ് പുതിയ തീരുമാനം മുന്നോട്ട് വെച്ചത്. സ്വാതന്ത്ര്യ ദിനം മുതല്‍ തീരുമാനം നടപ്പിലാക്കണമെന്നും നിർദേശിച്ചു. വിദ്യാർത്ഥികളിൽ രാജ്യസ്‌നേഹവും ദേശീയ ബോധവും വളര്‍ത്താന്‍ ലക്ഷ്യമിട്ടിട്ടുള്ള സര്‍ക്കുലര്‍ എല്ലാ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും പ്രിൻസിപ്പൽമാർക്കും പ്രധാന അധ്യാപകർക്കും അയച്ചിട്ടുണ്ട്. സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാക ഉയർത്തുന്നതിന് മുമ്പ് ‘ജയ് ഹിന്ദ്’ ഉപയോഗിക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു.

ബ്രിട്ടീഷ് ഭരണത്തിനെതിരായ പോരാട്ടത്തിൽ നേതാജി സുഭാഷ് ചന്ദ്രബോസ് ആവിഷ്കരിച്ച ‘ജയ് ഹിന്ദ്’ പിന്നീട് ഇന്ത്യയുടെ സായുധ സേന സ്വീകരിച്ചുവെന്നും  മുദ്രാവാക്യം പ്രാദേശികവും സാംസ്കാരികവുമായ വ്യത്യാസങ്ങളെ മറികടന്ന് ഐക്യത്തെ പ്രതീകപ്പെടുത്തുന്നുവെന്നും വകുപ്പ് അഭിപ്രായപ്പെട്ടു. ഹരിയാനയിൽ 14,300 സർക്കാർ സ്‌കൂളുകളിലായി 23.10 ലക്ഷം വിദ്യാർത്ഥികളുണ്ട്. സംസ്ഥാനത്തെ ഏഴായിരത്തോളം സ്വകാര്യ സ്‌കൂളുകളിൽ സർക്കാർ സ്‌കൂളുകൾക്ക് തുല്യമായ വിദ്യാർത്ഥികളുണ്ടെന്നാണ് അധികൃതരുടെ കണക്ക്.

 ‘ഇത് സ്‌കൂളുകളിലെ ദൈനംദിന യോഗ, ക്വിസ് സെഷനുകൾക്കുള്ള നിർദേശങ്ങൾക്ക് സമാനമായ ഒന്നാണ്. നിര്‍ദേശം പാലിച്ചില്ലെങ്കിൽ ശിക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളൊന്നുമില്ലെന്ന്, വിദ്യാഭ്യാസ വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.