Sun. Sep 15th, 2024

 

ന്യൂഡല്‍ഹി: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് പിന്നാലെ രാജിവെച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായുള്ള സൈനികവിമാനം ഇന്ത്യയിലെത്തി. തിങ്കളാഴ്ച വൈകുന്നേരം 5.36 നാണ് ഗാസിയാബാദിലെ ഹിന്‍ഡന്‍ വ്യോമതാവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്തത്.

വ്യോമസേനാ ഉദ്യോഗസ്ഥര്‍ ഹസീനയെ സ്വീകരിച്ചു. അവര്‍ ഉടന്‍ ലണ്ടനിലേക്ക് തിരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ബംഗ്ലാദേശില്‍ പ്രക്ഷോഭം രൂക്ഷമായതിന് പിന്നാലെ യുകെ പൗരത്വമുള്ള സഹോദരിക്കൊപ്പമാണ് 76-കാരിയായ ഹസീന രാജ്യംവിട്ടത്.

അതേസമയം, ബംഗ്ലാദേശിലെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ അവിടേക്കുള്ള മുഴുവന്‍ ട്രെയിന്‍ സര്‍വീസുകളും ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്. ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മിഷന്റെ പരിസരത്ത് സുരക്ഷ കര്‍ശനമാക്കി.

സര്‍ക്കാര്‍ ജോലിയിലെ സംവരണവുമായി ബന്ധപ്പെട്ട പ്രതിഷേധമാണ് രാജ്യവ്യാപക സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് വഴിവെച്ചതും ഷെയ്ഖ് ഹസീനയെ രാജിയിലേക്ക് നയിച്ചതും. ഈ പശ്ചാത്തലത്തില്‍ ബംഗ്ലാദേശിന്റെ ഭരണം സൈന്യം ഏറ്റെടുത്തേക്കും.