Sat. Sep 14th, 2024

 

ഗുവാഹത്തി: അസമില്‍ ലവ് ജിഹാദ് കേസുകളില്‍ ജീവപര്യന്തം തടവ് ശിക്ഷ ഉറപ്പുവരുത്തുന്ന നിയമം ഉടന്‍ നടപ്പാക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ഗുവാഹത്തിയില്‍ നടന്ന ബിജെപി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

‘തിരഞ്ഞെടുപ്പ് സമയത്ത് നമ്മള്‍ ലൗ ജിഹാദിനെ കുറിച്ച് സംസാരിച്ചിരുന്നു. വരും ദിവസങ്ങളില്‍ ലവ് ജിഹാദ് കേസുകള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ നല്‍കുന്ന പുതിയ നിയമം കൊണ്ടുവരും’, അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് മുസ്‌ലിംകള്‍ക്ക് ഭൂമി വില്‍പന നടത്തുന്നത് തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ വിവിധ നടപടികള്‍ സ്വീകരിക്കുമെന്നും ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിലുള്ള ഭൂമി ഇടപാടുകള്‍ക്ക് സംസ്ഥാന സര്‍ക്കാറിന്റെ അനുമതി അനിവാര്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘നേരത്തെ ഇരുമതങ്ങള്‍ക്കിടയില്‍ ഭൂമി കൈമാറ്റം നടന്നിരുന്നു. ഹിന്ദുക്കളുടെ ഭൂമി മുസ്‌ലിംകളും മുസ്‌ലിംകളുടെ ഭൂമി ഹിന്ദുക്കളും വാങ്ങിയിരുന്നു. ഇത്തരം ഇടപാടുകള്‍ തടയാന്‍ സര്‍ക്കാരിന് കഴിയില്ല. എന്നാല്‍ ഹിന്ദുവിന്റെ ഭൂമി ഒരു മുസ്‌ലിമിനും തിരിച്ചും വാങ്ങുന്നതും വില്‍ക്കുന്നതും മുഖ്യമന്ത്രിയുടെ അനുമതിയോടെ മാത്രമായിരിക്കും’, അദ്ദേഹം പറഞ്ഞു.

‘അവിഭക്ത ഗോള്‍പാറ അസമിന്റെ അവിഭാജ്യ ഘടകമായിരുന്നു. ഒരു പ്രത്യേക സമൂഹം തദ്ദേശവാസികളുടെ ഭൂമി തട്ടിയെടുക്കുന്നുണ്ട്. ഗോള്‍പാറ ജില്ലയില്‍ ഭൂമി ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ടവര്‍ക്ക് വില്‍ക്കാന്‍ പാടില്ലെന്ന നിയമം അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ കൊണ്ടുവരാനും സര്‍ക്കാര്‍ തീരുമാനിച്ചു.

ആദിവാസികള്‍, പട്ടികജാതിക്കാര്‍, ഒബിസിക്കാര്‍ എന്നിവര്‍ താമസിക്കുന്ന ഭൂമി ഒരിക്കലും കൈമാറ്റം ചെയ്യാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അസമിലെ നിയോ വൈഷ്ണവ സംസ്‌കാരത്തിന്റെ പ്രധാന കേന്ദ്രങ്ങളായ ബാര്‍പേട്ട, മജൂലി, ബട്ടദ്രാവ എന്നിവിടങ്ങളിലെ ഭൂമി വില്‍പന നാട്ടുകാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ജോലികളില്‍ അസമില്‍ ജനിച്ചവര്‍ക്ക് മാത്രമേ അര്‍ഹതയുണ്ടാകൂ. സര്‍ക്കാറിന്റെ ഒരു ലക്ഷം ജോലി നിയമങ്ങളില്‍ സിംഹഭാഗവും തദ്ദേശീയരായ യുവാക്കളാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അസമില്‍ ജനിച്ചവരെ ഇവിടെ സര്‍ക്കാര്‍ ജോലിക്ക് യോഗ്യരാക്കുന്ന ഒരു താമസ നയം സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

2041 ല്‍ അസം മുസ്‌ലിം ഭൂരിപക്ഷമായി മാറുമെന്ന് ഹിമന്ത ശര്‍മ്മയുടെ പ്രസ്താവന ഏറെ ചര്‍ച്ചയായിരുന്നു. എല്ലാ പത്ത് വര്‍ഷം കൂടുമ്പോഴും മുസ്‌ലിം ജനസംഖ്യയില്‍ 30 ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടാകുമെന്നും ഹിമന്ത ശര്‍മ്മ അവകാശപ്പെട്ടിരുന്നു. സംസ്ഥാനത്തെ ജനസംഖ്യാ അനുപാതത്തില്‍ മാറ്റമുണ്ടാകുന്നത് ഗുരുതരമായ വിഷയമാണെന്നും ശര്‍മ്മ അഭിപ്രായപ്പെട്ടിരുന്നു.