Tue. Oct 8th, 2024

 

മുണ്ടക്കൈ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ബജറ്റില്‍ കേരളത്തിനായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ്. തൃണമൂല്‍ എംപി സാകേത് ഗോഖലേ കേരളത്തിന് പ്രത്യേക പാക്കേജ് എന്ന ആവശ്യവുമായി ധനമന്ത്രി നിര്‍മ്മല സീതാരാമന് കത്ത് നല്‍കി.

കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റ് ലോക്‌സഭയില്‍ പാസാക്കിയിട്ടില്ലാത്തതിനാല്‍ പ്രത്യേക നിര്‍ദേശമായി ഉള്‍പ്പെടുത്തണമെന്നാണ് കത്തിലെ ആവശ്യം. നേരത്തെ തൃണമൂല്‍ എംപിമാരുടെ സംഘം വയനാട് ദുരന്തബാധിത പ്രദേശം സന്ദര്‍ശിച്ചിരുന്നു.

അതേസമയം, ഉരുള്‍പൊട്ടല്‍ തകര്‍ത്ത മുണ്ടക്കൈയിലും ചൂരല്‍മലയിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ചാലിയാര്‍ പുഴയില്‍ മൃതദേഹങ്ങള്‍ക്കായി ഇന്നും തിരച്ചില്‍ തുടരും. ഇന്നലെ ചാലിയാറില്‍ നടത്തിയ തിരച്ചിലില്‍ 2 മൃതദേഹങ്ങളും 10 ശരീര ഭാഗങ്ങളും കണ്ടെത്തിയിരുന്നു. തിരിച്ചറിയാത്ത 8 മൃതദേഹങ്ങള്‍ മേപ്പാടി പുത്തുമലയില്‍ സംസ്‌കരിച്ചു.

53 ക്യാംപുകളിലായി 6759 പേരാണ് കഴിയുന്നത്. ഇന്നു മുതല്‍ ഒരു ദിവസം രാവിലെ ആറ് മുതല്‍ ഒന്‍പതു വരെ ബെയ്ലി പാലത്തിലൂടെ 1500 പേരെ മാത്രമേ കടത്തിവിടൂ. കൂടുതല്‍ ആളുകള്‍ വരുന്നതു തിരച്ചിലിനും സന്നദ്ധ പ്രവര്‍ത്തനത്തിനും മറ്റും ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണിത്.