Sun. Dec 22nd, 2024

 

ടെഹ്റാന്‍: ഹമാസ് തലവന്‍ ഇസ്മാഈല്‍ ഹനിയ്യയെ കൊലപ്പെടുത്തിയതില്‍ അധിനിവേശ ശക്തികളായ ഇസ്രായേലിനും അവരെ പിന്തുണക്കുന്ന യുഎസിനും ഖേദിക്കേണ്ടിവരുമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ഖാലിബാഫ്.

സ്വന്തം സുരക്ഷയും മേഖലയുടെ സമാധാനവും അപകടത്തിലാക്കുന്ന നടപടികള്‍ തെറ്റുകളുടെ പേരില്‍ ഇസ്രായേലിന് അവരുടെ കണക്കുകൂട്ടലുകള്‍ തിരുത്തേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇറാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സയണിസ്റ്റ് രാഷ്ട്രത്തിന്റെ എല്ലാ അവകാശവാദങ്ങളും തകര്‍ക്കുന്നതായിരുന്നു ഒക്ടോബര്‍ ഏഴിലെ ഓപ്പറേഷന്‍ അല്‍ അഖ്സ സ്റ്റോം. തങ്ങളുടെ ശക്തരായ സൈന്യം ഇസ്രായേല്‍ എന്ന ഭീകര രാഷ്ട്രത്തേയും അവര്‍ക്ക് വഞ്ചനാപരമായ പിന്തുണ നല്‍കുന്ന യുഎസിനെയും ഒരിക്കലും മറക്കാത്ത പാഠം പഠിപ്പിക്കുമെന്നും ഖാലിബാഫ് പറഞ്ഞു.

മനുഷ്യാവകാശങ്ങളുടെ കുത്തക അവകാശപ്പെടുന്ന പടിഞ്ഞാറന്‍ രാഷ്ട്രീയക്കാര്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യയെക്കുറിച്ച് മൗനം പാലിക്കുകയാണ്. ഫലസ്തീനിലെ അടിച്ചമര്‍ത്തപ്പെടുന്ന സാധാരണക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ സന്നദ്ധരാവണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഹനിയ്യയുടെയും ഹിസ്ബുള്ള മിലിട്ടറി തലവന്‍ ഫുവാദ് ഷുക്റിന്റെയും കൊലപാതകത്തിനുള്ള തിരിച്ചടി എന്ന നിലയ്ക്ക് ഇറാനും അവരുടെ കൂട്ടാളികളും തിങ്കളാഴ്ച പുലര്‍ച്ചെ തന്നെ ഇസ്രായേലിനെ ആക്രമിച്ചേക്കുമെന്ന് അമേരിക്കയിലെയും ഇസ്രായേലിലെയും ഉന്നതോദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നതായി ആക്സിയോസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ലെബനനിലെ ബെയ്റൂത്തില്‍വെച്ച് ചൊവ്വാഴ്ചയാണ് ഷുക്റിനെ ഇസ്രായേല്‍ കൊലപ്പെടുത്തിയത്. ഈ കൊലപാതകത്തിന് 24 മണിക്കൂര്‍ തികയും മുന്‍പേ ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍വെച്ച് ഹനിയ്യയും കൊല്ലപ്പെട്ടു. അതേസമയം ഹനിയെയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഇസ്രായേല്‍ ഏറ്റെടുക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടുമില്ല.

സംഘര്‍ഷ സാധ്യതയുടെ പശ്ചാത്തലത്തില്‍ തങ്ങളുടെ യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും മേഖലയിലേക്ക് അയക്കുമെന്ന് യുഎസ് വ്യക്തമാക്കിയിട്ടുണ്ട്. ഹിസ്ബുള്ളയുടെ ശക്തികേന്ദ്രമായ ലെബനനില്‍നിന്ന് എത്രയും വേഗം മടങ്ങണമെന്ന് യുഎസ്, യുകെ, ഫ്രാന്‍സ്, കാനഡ, ഫ്രാന്‍സ് തുടങ്ങിയ പാശ്ചാത്യരാജ്യങ്ങള്‍ അവരുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പും നല്‍കിക്കഴിഞ്ഞു.

പല വിമാനക്കമ്പനികളും സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. മേഖലയിലെ സാഹചര്യം രൂക്ഷമായ പശ്ചത്തലത്തില്‍ ജോര്‍ദാന്‍ വിദേശകാര്യമന്ത്രി അയ്മന്‍ സഫദി, ഞായറാഴ്ച ഇറാന്റെ സന്ദര്‍ശിക്കുകയും വിദേശകാര്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.

ജൂലൈ 31ന് ടെഹ്റാനിലാണ് ഇസ്മാഈല്‍ ഹനിയ്യ കൊല്ലപ്പെട്ടത്. ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് അദ്ദേഹം തെഹ്റാനിലെത്തിയിരുന്നത്. ഇറാന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് അതീവ സുരക്ഷയുള്ള കെട്ടിടത്തില്‍ താമസിച്ചിരുന്ന ഹനിയ്യയെ വധിക്കാന്‍ ഇസ്രായേല്‍ ചാരസംഘടനയായ മൊസാദ് പദ്ധതി തയ്യാറാക്കിയത് എന്നാണ് റിപ്പോര്‍ട്ട്.

ഹ്രസ്വദൂര പ്രൊജക്ടൈല്‍ ഉപയോഗിച്ചാണ് ഹനിയ്യയെ വധിച്ചതെന്ന് ഇറാന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഹനിയ്യ താമസിച്ചിരുന്ന ഗസ്റ്റ് ഹൗസിന് പുറത്തുനിന്ന് ഏഴ് കിലോഗ്രാം സ്ഫോടകവസ്തുക്കളടങ്ങിയ ഷോര്‍ട്ട് റേഞ്ച് പ്രൊജക് ടൈല്‍ ഉപയോഗിച്ചാണ് ഹനിയ്യയെ കൊലപ്പെടുത്തിയതെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിനെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.