Tue. Oct 8th, 2024

 

ഹൈദരാബാദ്: വയനാട് ഉരുള്‍പൊട്ടലിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുകോടി രൂപ സംഭാവന നല്‍കി തെലുങ്ക് സൂപ്പര്‍താരങ്ങളായ ചിരഞ്ജീവിയും അദ്ദേഹത്തിന്റെ മകന്‍ കൂടിയായ രാം ചരണും.

ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ ചിരഞ്ജീവിയാണ് ഇക്കാര്യം അറിയിച്ചത്. പ്രകൃതിക്ഷോഭം മൂലം കേരളത്തിലുണ്ടായ നാശത്തിലും നൂറുകണക്കിന് വിലയേറിയ ജീവനുകളുടെ നഷ്ടത്തിലും അഗാധമായ വിഷമമുണ്ടെന്ന് ചിരഞ്ജീവി കുറിച്ചു.

വയനാട്ടില്‍ ദുരന്തത്തിനിരയായവരുടെ വിഷമത്തിനൊപ്പം ചേരുന്നു. താനും ചരണും ഒരുമിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരുകോടി രൂപ സംഭാവന ചെയ്യുന്നു. വേദനിക്കുന്ന എല്ലാവരുടേയും സുഖപ്രാപ്തിക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും ചിരഞ്ജീവി കൂട്ടിച്ചേര്‍ത്തു.

അല്ലു അര്‍ജുന്‍ വയനാടിന് സഹായവുമായി എത്തിയതിനു പിന്നാലെയാണ് ചിരഞ്ജീവിയും രാംചരണും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയാണ് അല്ലു അര്‍ജുന്‍ സംഭാവന നല്‍കിയത്.

മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ, ഫഹദ് ഫാസില്‍, നസ്രിയ, പേളി മാണിയും ശ്രീനിഷും തുടങ്ങിയ താരങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങള്‍ നല്‍കിയിരുന്നു. ദുരിതാശ്വാസ നിധിയിലേക്ക് മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും 35 ലക്ഷം രൂപ കൈമാറി. ആദ്യഘട്ടമായി മമ്മൂട്ടി 20 ലക്ഷം രൂപയും ദുല്‍ഖര്‍ 15 ലക്ഷം രൂപയുമാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.

കാര്‍ത്തിയും സൂര്യയും ജ്യോതികയും ചേര്‍ന്ന് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയിരുന്നു. നടന്മാരായ കമല്‍ഹാസന്‍, വിക്രം എന്നിവര്‍ 20 ലക്ഷം രൂപയും നടി രശ്മിക മന്ദാന 10 ലക്ഷം രൂപയും നല്‍കി. ഫഹദ് ഫാസിലും നസ്രിയയും ചേര്‍ന്ന് 25 ലക്ഷവും നല്‍കിയിരുന്നു.