Wed. Jan 22nd, 2025

കൽപ്പറ്റ: വയനാട് ദുരന്തത്തിൽ അവശേഷിച്ചവർക്കായി കോൺഗ്രസ് നൂറിലധികം വീടുകൾ നിർമിച്ചു നൽകുമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിൽ  സന്ദർശനം നടത്തിയ രാഹുൽ ഗാന്ധി രക്ഷാപ്രവർത്തനം സംബന്ധിച്ച് ജില്ലാ അധികൃതരുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസവും വയനാട്ടിലെത്തിയ രാഹുൽ ഗാന്ധി പ്രിയങ്ക ഗാന്ധിക്കൊപ്പം ദുരന്തം നടന്ന മേഖലകൾ സന്ദർശിച്ചിരുന്നു. 

ഇന്നലെ മുതല്‍ ഇവിടെയുണ്ട്. ഞങ്ങള്‍ ഇന്നലെ ദുരന്തപ്രദേശം സന്ദർശിച്ചിരുന്നു. ക്യാമ്പുകളില്‍ പോയി അവിടത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി. ഇന്ന് അധികൃതരുമായി ചര്‍ച്ച നടത്തി. നാശനഷ്ടങ്ങളേക്കുറിച്ചും പുനരധിവാസത്തേക്കുറിച്ചും അവര്‍ വിവരിച്ചു. സാധ്യമായ സഹായങ്ങളെല്ലാം ഞങ്ങള്‍ ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. നൂറിലധികം വീടുകള്‍ കോണ്‍ഗ്രസ് ഇവിടെ നിര്‍മിച്ചുനല്‍കും. കോണ്‍ഗ്രസ് കുടുംബം അതിന് പ്രതിജ്ഞാബദ്ധമാണ്’, രാഹുല്‍ പറഞ്ഞു.

ഇത്ര വലിയൊരു ദുരന്തം ഇതിന് മുമ്പ് കേരളം അഭിമുഖീകരിച്ചിട്ടില്ല. ഡല്‍ഹിയില്‍ ദുരന്തം സംബന്ധിച്ച കാര്യങ്ങളെല്ലാം ശക്തമായി ഉന്നയിക്കും. മുഖ്യമന്ത്രിയുമായും ഇക്കാര്യം സംസാരിക്കുമെന്നും പ്രത്യേകം പരിഗണിക്കപ്പെടേണ്ട ഒരു സാഹചര്യമാണ് ഇവിടുത്തേതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.