Sat. Sep 14th, 2024

തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ അനാഥരായ കുഞ്ഞുങ്ങളെ ദത്തെടുക്കാൻ തയ്യാറായി നിരവധിപേർ. സാമൂഹികമാധ്യമങ്ങളിലൂടെയാണ് കുഞ്ഞുങ്ങളെ ദത്തെടുക്കാനുള്ള സന്നദ്ധത പലരും അറിയിക്കുന്നത്. ആരോഗ്യ മന്ത്രി വീണ ജോർജിൻ്റെ ഫേസ്ബുക്ക് പേജിൽ ഇത്തരം അഭ്യർഥന കമന്റുകളായി വന്നിരുന്നു.

‘എല്ലാവരും നഷ്ടപ്പെട്ട മക്കൾ ഉണ്ടേൽ ഒരാളെ ഞാൻ നോക്കാം. എനിക്ക് തന്നോളൂ. എൻ്റെ മക്കളുടെ കൂടെ ഞാൻ നോക്കിക്കോളാം’’, ‘‘എനിക്ക് രണ്ടു മക്കളുണ്ട്… ഇനിയും രണ്ടുമക്കളെ ഞാൻ പൊന്നുപോലെ നോക്കിക്കോളാം.’’ ‘‘ആരോരുമില്ലാതായെന്ന് എന്ന് തോന്നുന്ന മക്കൾ ഉണ്ടെങ്കിൽ എനിക്ക് തരുമോ മാഡം. ഞാനും ഭാര്യയും പൊന്നുപോലെ നോക്കാം…’’ ഇത്തരത്തിൽ ധാരാളം പേരാണ് മന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ അഭ്യർഥനയുമായി എത്തുന്നത്. 

തുടർന്ന് ദത്തെടുക്കലിനെക്കുറിച്ച് മന്ത്രിതന്നെ തന്റെ പേജിലൂടെ വ്യക്തത വരുത്തി. കണ്ണ് നനയിക്കുന്ന കമൻ്റുകൾ ശ്രദ്ധയിൽപ്പെട്ടെന്നും അത് കുറിച്ച നല്ലമനസ്സിന് നന്ദി അറിയിക്കുന്നതായും മന്ത്രി പറഞ്ഞു. എന്നാൽ, ഇത്തരം കുഞ്ഞുങ്ങളെ കേന്ദ്ര ബാലനീതി നിയമപ്രകാരമാണ് സർക്കാർ ഏറ്റെടുക്കുന്നത്. ഫോസ്റ്റർ കെയറും ദത്തെടുക്കലുമെല്ലാം നിയമപരമായ നടപടികളാണ്. സെന്റർ അഡോപ്ഷൻ റിസോഴ്‌സ് അതോറിറ്റിയിൽ രജിസ്റ്റർ ചെയ്തവർക്കാണ് കട്ടികളെ ദത്തെടുക്കാനാകുക. ആറുവയസ്സ് മുതൽ 18 വയസ്സുവരെയുള്ള കുഞ്ഞുങ്ങളെ ഫോസ്റ്റർ കെയറിനും നൽകുന്നുണ്ട് മന്ത്രി വ്യക്തമാക്കി.