മേപ്പാടി: വയനാട് ചൂരല്‍മലയില്‍ നിന്ന് മുണ്ടക്കൈയിലേക്ക് ഇന്ത്യന്‍ ആര്‍മിയുടെ നേതൃത്വത്തില്‍ ദ്രുതഗതിയിലാണ് ബെയ്‌ലി പാലം നിർമിച്ചത്. ഈ നിര്‍മാണത്തിന്റെ നെടുംതൂണായത് വനിതാ ഉദ്യോഗസ്ഥയായ മേജര്‍ സീത ഷെല്‍ക്കയാണ്.
ബെംഗളൂരുവില്‍ നിന്നുള്ള സൈന്യത്തിൻ്റെ മദ്രാസ് എഞ്ചിനീയറിങ് ഗ്രൂപ്പിലെ ഉദ്യോഗസ്ഥയാണ് ഈ മഹാരാഷ്ട്രക്കാരി. രാജ്യത്തുടനീളമായി സൈന്യത്തിന് ആവശ്യമായ സഹായങ്ങള്‍ ചെയ്തു നല്‍കുന്നവരാണ് എംഇജി. മദ്രാസ് സാപ്പേര്‍സ് എന്നും ഇവര്‍ അറിയപ്പെടുന്നു. മദ്രാസ് സാപ്പേഴ്‌സിലെ ഏക വനിതാ ഉദ്യോഗസ്ഥ കൂടിയാണ് സീത ഷെല്‍ക്ക.
പ്രത്യേക പരിശീലനം ലഭിച്ച ഇവർ യുദ്ധമുഖത്ത് ആദ്യമെത്തി സൈന്യത്തിന് വഴിയൊരുക്കുക, പാലങ്ങൾ നിർമിക്കുക, കുഴി ബോംബുകൾ കണ്ടെത്തി നിർവീര്യമാക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ചെയ്യുന്നത്.
പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോഴും രക്ഷാപ്രവർത്തനങ്ങൾക്ക് സഹായകമായി എത്താറുണ്ട്. കേരളത്തിൽ മുൻകാലങ്ങളിലും പ്രളയകാലത്ത് രക്ഷാപ്രവർത്തനങ്ങളിൽ ഇവരുടെ സാന്നിധ്യമുണ്ടായിരുന്നു. കർണാടക-കേരള സബ് ഏരിയാ ജനറൽ ഓഫീസർ കമാൻഡിങ് മേജർ ജനറൽ വിനോദ് ടി മാത്യുവിന്റെ നേതൃത്വത്തിലുള്ള 70 അംഗസംഘമാണ് ബെംഗളൂരുവിൽനിന്ന് ചൂരൽമലയിലെത്തിയത്.