Sat. Jan 18th, 2025

 

ന്യൂഡല്‍ഹി: ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരമുണ്ടാവുകയാണെങ്കില്‍ അയോധ്യ സ്ഥിതി ചെയ്യുന്ന ഫൈസാബാദ് മണ്ഡലത്തില്‍നിന്നുള്ള എംപി അവധേശ് പ്രസാദിനെ ഇന്‍ഡ്യ മുന്നണി മത്സരിപ്പിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്.

എന്നാണ് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുക എന്ന് ഇതുവരെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം തന്നെ ഉണ്ടായിരുന്നില്ല.

ഇത്തവണ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇത് നല്‍കില്ലെന്ന് എന്‍ഡിഎ അറിയിച്ചതോടെ സ്പീക്കര്‍ സ്ഥാനത്തേക്ക് ഇന്‍ഡ്യാ മുന്നണി സ്ഥാനാര്‍ഥിയെ നിര്‍ത്തി.

ബിജെപിക്ക് ശക്തമായ സന്ദേശം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് അവധേശ് പ്രസാദിനെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് ഇന്‍ഡ്യാ മുന്നണി പരിഗണിക്കുന്നത്. സമാജ് വാദി പാര്‍ട്ടിയുടെ ദളിത് നേതാവായ ഇദ്ദേഹം ജനറല്‍ സീറ്റില്‍ മത്സരിച്ചാണ് ബിജെപിയെ പരാജയപ്പെടുത്തിയത്.

സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, തൃണമൂല്‍ കോണ്‍ഗ്രസിലെ അഭിഷേക് ബാനര്‍ജി എന്നിവര്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയതായി റിപ്പോര്‍ട്ടുണ്ട്.

അവധേശ് പ്രസാദിന്റെ പേര് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് നിര്‍ദേശിച്ചതെന്നും ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. തങ്ങളുടെ എംപിമാര്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, തിരഞ്ഞെടുപ്പ് ഉടന്‍ നടത്താന്‍ സ്പീക്കര്‍ ഓം ബിര്‍ലക്ക് കത്തയക്കാന്‍ ഇന്‍ഡ്യ മുന്നണി തീരുമാനിച്ചിട്ടുണ്ട്.

രാമക്ഷേത്രം നിലനില്‍ക്കുന്ന ഫൈസാബാദ് മണ്ഡലത്തില്‍ സിറ്റിങ് എംപിയായിരുന്ന ലല്ലു സിങ്ങിനെയാണ് അവധേശ് പ്രസാദ് 54,567 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയത്.