Sat. Oct 5th, 2024

 

ഹൈദരാബാദ്: ബിജെപി എംഎല്‍എ ടി രാജാ സിങ്ങിന്റെ ഭീഷണിയെ തുടര്‍ന്ന് സ്റ്റാന്‍ഡ്-അപ്പ് കൊമേഡിയന്‍ ഡാനിയല്‍ ഫെര്‍ണാണ്ടസ് ഷോ റദ്ദാക്കി. ഹൈദരാബാദില്‍ നടത്തേണ്ടിയിരുന്ന ഷോയാണ് റദ്ദാക്കിയത്.

ജൈന സമുദായത്തെക്കുറിച്ച് ഡാനിയല്‍ ഫെര്‍ണാണ്ടസ് സാമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോ ഏറെ വിവാദമായിരുന്നു. തുടര്‍ന്നായിരുന്നു ഗോഷാമഹല്‍ എംഎല്‍എ ടി രാജാ സിങ്ങിന്റെ ഭീഷണി.

‘ഈദ് ദിനത്തില്‍ ജൈനമത വിശ്വാസികളെ ഫെര്‍ണാണ്ടസ് പരിഹസിച്ചു. ഷോ റദ്ദാക്കിയില്ലെങ്കില്‍ ഞങ്ങളുടെ പ്രവര്‍ത്തകര്‍ ശാരീരികമായി ആക്രമിക്കും’ എന്നായിരുന്നു എംഎല്‍എയുടെ ഭീഷണി.

‘ഞാന്‍ അദ്ദേഹത്തെ ഓര്‍മ്മിപ്പിക്കുകയാണ്, നിങ്ങള്‍ക്ക് ബഞ്ചാര ഹില്‍സില്‍ ഒരു ഷോയുണ്ട്, അല്ലേ? നിങ്ങള്‍ ഷോ റദ്ദാക്കുന്നതാണ് നല്ലത്, അല്ലെങ്കില്‍ ഞങ്ങളുടെ പ്രവര്‍ത്തകര്‍ അവിടെ വന്ന് നിങ്ങളെ മര്‍ദ്ദിക്കും. തെലങ്കാനയിലേക്ക് വരുന്നതിന് മുമ്പ് നിങ്ങള്‍ 50 തവണ ചിന്തിക്കണം’, എംഎല്‍എ ഭീഷണിമുഴക്കി.

പരിപാടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് എംഎല്‍എ ഹൈദരാബാദ് പൊലീസിനെയും സമീപിച്ചിരുന്നു.

‘എന്റെ അവസാനത്തെ വീഡിയോ മൂലമുണ്ടായ പ്രശ്നത്തെത്തുടര്‍ന്ന് ഹൈദരാബാദില്‍ നടത്തേണ്ടിയിരുന്ന ഷോകള്‍ റദ്ദാക്കേണ്ടി വന്നു. ആളുകളെ വ്രണപ്പെടുത്തിയ വീഡിയോ ഞാന്‍ നീക്കം ചെയ്തു. ക്ഷമാപണവും നടത്തി.

പക്ഷേ, ഞങ്ങള്‍ക്ക് ഇപ്പോഴും ഭീഷണിപ്പെടുത്തുന്ന കോളുകളും സന്ദേശങ്ങളും ഇമെയിലുകളും ലഭിക്കുന്നു. എന്റെയും പ്രേക്ഷകരുടെയും ജോലിക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ആരും തയ്യാറല്ല.

ഞാന്‍ പറഞ്ഞതിന്റെ പേരില്‍ ആരെയും അപകടത്തിലാക്കാന്‍ ആഗ്രഹിക്കുന്നില്ല’, ഡാനിയേല്‍ ഫെര്‍ണാണ്ടസ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു.

ഒരു കലാകാരന്റെ സൃഷ്ടിയോട് വിയോജിക്കുന്നത് ശരിയാണെന്നും എന്നാല്‍ ഭീഷണിപ്പെടുത്തുന്നത് പരിഹാരമല്ലെന്നും ഡാനിയല്‍ പറഞ്ഞു.

അതേസമയം, ഷോ റദ്ദാക്കിയതിനെ കുറിച്ചും സുരക്ഷാ ആശങ്കകളെ കുറിച്ചും ഹൈദരാബാദ് പൊലീസ് ഇതുവരെ ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല.

വിവാദങ്ങളുടെ പേരില്‍ സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍മാരുടെ ഷോ ഇതാദ്യമായല്ല റദ്ദാക്കുന്നത്. നേരത്തെ സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനായ മുനവര്‍ ഫാറൂഖിയുടെ ഷോ റദ്ദാക്കിയിരുന്നു.

ഹിന്ദു ദേവന്മാരെയും ദേവതകളെയും അപമാനിച്ചെന്നാരോപിച്ച് ഫാറൂഖിക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അറസ്റ്റിലായ ഫാറൂഖി ഒരു മാസം ജയിലിലും കിടന്നു. പുറത്തിറങ്ങിയ ശേഷം അദ്ദേഹത്തിന്റെ പല ഷോകളും റദ്ദാക്കേണ്ടി വന്നിരുന്നു.