Sat. Oct 12th, 2024

ഐക്യകേരളത്തില്‍ മലബാറിനെ ലയിപ്പിക്കുമ്പോള്‍ മലബാര്‍ കലാപമടക്കം അവര്‍ അഭിമുഖീകരിക്കേണ്ടി വന്ന യുദ്ധക്കെടുതികളെയും സ്വാതന്ത്ര്യ സമരപോരാട്ടങ്ങളെയും പരിഗണിച്ച് മേഖലയെ ശാക്തീകരിക്കാന്‍ പിന്നീട് വന്ന ഭരണകൂടങ്ങള്‍ മുതിര്‍ന്നില്ല. ജനസംഖ്യാനുപാതികമായി അര്‍ഹതയുള്ള പദവികളോ വികസനങ്ങളോ പോലും  മലബാറിന് ലഭിച്ചില്ല

രാജ്യത്തിന്റെ വികസന വിഷയത്തില്‍ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ എക്കാലത്തും ചര്‍ച്ച ചെയ്യപ്പെടുന്നതാണ്. സമൂഹത്തില്‍ ഒരു വിഭാഗം ജനങ്ങള്‍ അസ്ഥിരമായി നിലനില്‍ക്കുന്നത് രാജ്യത്തിന്റെ വികസനത്തെയും പുരോഗതിയെയും പ്രതികൂലമായി ബാധിക്കും എന്നതില്‍ തര്‍ക്കവുമില്ല.

എന്നാല്‍ ഈ പിന്നാക്കാവസ്ഥയെ മറികടക്കാനുള്ള പദ്ധതികളും നയപരമായ ഇടപെടലും നടത്തേണ്ടത് ആരാണ്?  തീര്‍ച്ചയായും അത് ഭരണകൂടങ്ങളാണ്. സവിശേഷമായ, വൈവിധ്യമായ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളുള്ള ഇന്ത്യയില്‍ ജാതിയും മതപരമായ വിവേചനങ്ങളുമാണ് പിന്നാക്ക ജനതയെ മുഖ്യധാരയിലേയ്ക്ക് എത്തുന്നതില്‍ നിന്നും തടയുന്ന പ്രധാന ഘടകങ്ങള്‍.

ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ ഒരു ദേശീയ വിഷയമായിരിക്കെ ന്യൂനപക്ഷത്തിന്റെ അസ്തിത്വം, അവസര സമത്വം, സാമൂഹിക നീതി, സാമൂഹിക പദവി, തുല്യത, സുരക്ഷിതത്ത്വം തുടങ്ങി പലവിധ കാര്യങ്ങള്‍ വിശാലമായി തന്നെ ചര്‍ച്ച ചെയ്യപ്പെടണം (പതിറ്റാണ്ടുകളായി പറയുന്നതാണെങ്കിലും).

ന്യൂനപക്ഷ സമുദായങ്ങളുടെ എല്ലാവിധ മുന്നേറ്റങ്ങള്‍ക്കും അടിസ്ഥാനമാവേണ്ട ഒന്ന് വിദ്യാഭ്യാസമാണ്. ഏതൊരു സമൂഹത്തിന്റെയും പുരോഗതി ആ സമൂഹത്തിലെ വിദ്യാഭ്യാസ പുരോഗതിയെ ആശ്രയിച്ചിരിക്കുന്നു എന്ന് അംബേദ്ക്കര്‍ പറയുന്നുണ്ട്.

കേരളത്തിലേയ്ക്ക് വന്നാല്‍, മുസ്ലീം ന്യൂനപക്ഷങ്ങള്‍ ഏറ്റവും കൂടുതല്‍ ജീവിക്കുന്ന മലബാര്‍ മേഖലയുടെ വിദ്യാഭ്യാസ അവകാശ പോരാട്ടങ്ങള്‍ക്ക് ചരിത്രപരമായി തന്നെ വളരെയധികം പ്രാധാന്യമുണ്ട്, പ്രത്യേകിച്ച് മലപ്പുറം ജില്ലയുടെ. ഐക്യകേരളം രൂപീകൃതമായതിന് ശേഷമാണ് കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് എന്നീ മൂന്ന് ജില്ലകള്‍ നിലവില്‍ വരുന്നത്.

കോഴിക്കോട് ജില്ലയുടെ ഭാഗമായിരുന്ന ഏറനാട് താലൂക്കും തിരൂര്‍ താലൂക്കും പാലക്കാട് ജില്ലയില്‍പ്പെട്ട പൊന്നാനി, പെരിന്തല്‍മണ്ണ താലൂക്കുകളിലെ പ്രദേശങ്ങളും ചേര്‍ത്ത് 1969 ജൂണ്‍ 16ന് മലപ്പുറം ജില്ലയും രൂപീകരിച്ചു.

ഇതില്‍ മലപ്പുറം ജില്ലയിലാണ് മുസ്ലീം ജനസംഖ്യ ഏറ്റവും കൂടുതലുള്ളത്. ഇന്ത്യയില്‍ ആകെ ജനസംഖ്യയില്‍ 50 ശതമാനത്തില്‍ കൂടുതല്‍ മുസ്ലിങ്ങളുള്ള 19 ജില്ലകളില്‍ ഒന്ന് മലപ്പുറമാണ്. മലബാറിലെ മുസ്ലീങ്ങളുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ, വിദ്യാഭ്യാസ മുന്നേറ്റങ്ങള്‍, പുരോഗതികള്‍ തുടങ്ങിയവയെ കുറിച്ചൊക്കെ സംസാരിക്കുമ്പോള്‍ മലപ്പുറം ജില്ലയ്ക്ക് കൂടുതല്‍ പ്രാധാന്യ ലഭിക്കുന്നതും അതുകൊണ്ടാണ്.

ശ്രീരംഗപട്ടണം ഉടമ്പടി പ്രകാരം ടിപ്പു സുൽത്താന്റെ ആൺമക്കളെ ബന്ദികളായി സ്വീകരിക്കുന്ന കോൺവാലിസ്‌ പ്രഭു  Screengrab, Copyright: Wikipedia

1792ല്‍ ശ്രീരംഗപട്ടണം ഉടമ്പടി പ്രകാരം ടിപ്പു സുല്‍ത്താനില്‍ നിന്നാണ്  മലബാര്‍ പ്രദേശങ്ങള്‍ ബ്രിട്ടീഷുകാര്‍ പിടിച്ചുവാങ്ങുന്നത്. തുടര്‍ന്ന് 155 വര്‍ഷക്കാലം ബ്രിട്ടീഷുകാര്‍ മലബാര്‍ ഭരിച്ചു. തിരുവിതാംകൂറും കൊച്ചിയും ബ്രിട്ടീഷ് ഭരണകൂടത്തോട് അനുരഞ്ജനത്തിലേര്‍പ്പെട്ട് ഭരണം നടത്തിയപ്പോള്‍ അധിനിവേശ വിരുദ്ധ പോരാട്ടവീര്യമുള്ള മലബാര്‍ ബ്രിട്ടീഷുകാരോട് സന്ധി ചെയ്തില്ല .

അതുകൊണ്ട് തന്നെ ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിന് കീഴിലായിരുന്ന മലബാര്‍. ബ്രിട്ടീഷുകാരുടെ ചൂഷങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും വിധേയമായിരുന്ന മലബാറിലെ സാമൂഹികാവസ്ഥ തിരുവിതാംകൂറില്‍ നിന്നും കൊച്ചിയില്‍ നിന്നും വ്യത്യസ്തമായിരുന്നു. പൊതുജനത്തിന് വേണ്ടി ഒട്ടേറെ സര്‍ക്കാര്‍ പദ്ധതികളും സംവിധാനങ്ങളും ഈ നാട്ടുരാജ്യങ്ങളിലുണ്ടായിരുന്നു.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മലബാറിലെ തെക്കന്‍ താലൂക്കുകളായ ഏറനാട്ടിലും വള്ളുവനാട്ടിലും മാപ്പിളമാര്‍ ഭൂ ഉടമകള്‍ക്കും ബ്രിട്ടീഷുകാര്‍ക്കുമെതിരെയുള്ള സമരങ്ങളില്‍ ആയിരുന്നു. അന്നത്തെ ആ സാമൂഹിക സാഹചര്യത്തില്‍ മലബാറില്‍ ബ്രിട്ടീഷ് വിരോധം ഇംഗ്ലീഷ് വിദ്യാഭ്യാസത്തോടുള്ള വിരോധമായി മാറി. പോര്‍ച്ചുഗീസ്, ഡച്ച് അധിനിവേഷങ്ങളെ ചെറുത്ത മലബാറിലെ മാപ്പിളമാര്‍ ബ്രിട്ടീഷുകാര്‍ക്കെതിരെയും സമരങ്ങള്‍ ശക്തമാക്കി. 1700 കളുടെ അവസാനത്തില്‍ തന്നെ മലബാറില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെയും ജന്മിമാര്‍ക്കെതിരെയും ലഹളകള്‍ തുടങ്ങിയിരുന്നു. അത് എത്തിനിന്നത് 1921 ലെ മലബാര്‍ കലാപത്തിലാണ്. ഇന്ത്യന്‍ സ്വാതന്ത്ര ചരിത്രത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന ചെറുത്തുനില്‍പ്പില്‍ പ്രധാനപ്പെട്ട സമരമാണ് മലബാറില്‍ അന്നു നടന്നത്. പതിറ്റാണ്ടുകളായി ബ്രിട്ടീഷുകാര്‍ക്കെതിരെ സമരത്തില്‍ ഏര്‍പ്പെട്ട ജനതയ്ക്ക് വിദ്യാഭ്യാസ മുന്നേറ്റങ്ങള്‍ നടത്താന്‍ സാധിക്കാതെ വന്നു. തിരുവിതാംകൂറിനും കൊച്ചിയ്ക്കും നല്‍കിയ ആനുകൂല്യങ്ങള്‍ ഒന്നും മലബാറിന് കിട്ടിയതുമില്ല.

ബ്രിട്ടീഷ് ഭരണത്തിനു മുമ്പ് മലബാറില്‍ ബ്രാഹ്‌മണര്‍ക്കും ഉന്നത ഹിന്ദു ജാതിക്കാര്‍ക്കും മുസ്ലീംങ്ങള്‍ക്കും ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് സ്വകാര്യ പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടായിരുന്നു. ബ്രാഹ്‌മണര്‍ക്ക് വേദങ്ങള്‍ പഠിക്കുന്ന സ്‌കൂളുകളും മുസ്ലീം മതസ്ഥര്‍ക്ക് പഠിക്കാന്‍ മക്താബുകളും ദറസുകളും സജീവമായിരുന്നു. 759 തദ്ദേശീയ സ്‌കൂളുകള്‍ ഉണ്ടായിരുന്നു എന്നാണ് മലബാര്‍ കളക്ടര്‍ ആയിരുന്ന ഐ വോണിന്റെ ഒരു കത്തില്‍ പറയുന്നത്. കോഴിക്കോട് തളിയിലും തിരുനാവായ്‌യിലും സംകൃത കോളേജുകള്‍ ഉണ്ടായിരുന്നു. പൊന്നാനിയില്‍ ഒരു അറബിക് കോളേജും ഉണ്ടായിരുന്നു.

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയ്ക്ക് പ്രത്യേകിച്ചൊരു വിഭ്യാഭ്യാസ നയവും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ബ്രിട്ടീഷ് ഭരണത്തിന്റെ ആദ്യ കാലങ്ങളില്‍ വിദ്യാഭ്യാസ മേഖല സ്വകാര്യ മേഖലയില്‍ തന്നെ ഒതുങ്ങി. 1813 ല്‍ യൂറോപ്പ്യന്‍ മിഷണറിമാര്‍ മലബാറിലെയ്ക്ക് സ്ഥിരമായി താമസത്തിനെത്തി. മിഷിനറി പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ സ്‌കൂളുകള്‍ തുറന്നു. ബേസല്‍ മിഷനായിരുന്നു മലബാറില്‍ സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള ചുമതല. 1834 ല്‍ ഹിന്ദു കളക്ട്രേറ്റ് സ്‌ക്കൂള്‍, 1854 പ്രോവിഷ്യല്‍ സ്‌കൂള്‍ തുടങ്ങിയവ സ്ഥാപിച്ചെങ്കിലും ന്യൂനപക്ഷങ്ങള്‍ക്കും പിന്നോക്കക്കാര്‍ക്കും പ്രവേശനം ഉണ്ടായിരുന്നില്ല. 1852 ല്‍ നിട്ടൂരില്‍ സ്ഥാപിച്ച മലബാറിലെ ആദ്യ മിഡില്‍ സ്‌കൂളിലും ഉയര്‍ന്ന ജാതിക്കരായിരുന്നു പഠിച്ചിരുന്നത്.

Henry Valentine Conolly
നിലമ്പൂരിലെ തേക്ക് മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന ഹെന്റി വാലന്റൈന്‍ കനോലിയുടെ ഫോട്ടോ Screengrab, Copyright: The Hindu

മലബാറിലെ കാര്‍ഷിക അടിമകളായിരുന്ന ഹരിജനങ്ങളുടെ വിദ്യാഭ്യാസത്തിനു വേണ്ടി 1835 ല്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. മലബാര്‍ കലക്ടറായിരുന്ന ഹെന്റി വാലന്റൈന്‍ കനോലിയുടെ നേതൃത്വത്തില്‍ 1844 ജൂലൈ എട്ടിന് കോഴിക്കോട്ട് 20 ഹരിജന്‍ വിദ്യാര്‍ത്ഥികളുമായി ഒരു സ്‌കൂള്‍ പ്രവര്‍ത്തനം തുടങ്ങി.

അതേവര്‍ഷം ഓഗസ്റ്റ് 31 ന് തലശ്ശേരിയിലും സെപ്റ്റംബര്‍ 24 ന് പാലക്കാടും ഹരിജനങ്ങള്‍ക്കുള്ള സ്‌കൂളുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. എന്നാല്‍ പലവിധ സാമൂഹിക കാരണങ്ങളാല്‍ 1850 ല്‍ എല്ലാ സ്‌കൂളുകളും അടച്ചുപൂട്ടി. 1857 മുതല്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ എല്ലാ ജനവിഭാഗങ്ങള്‍ക്കും പ്രവേശനം അനുവദിച്ചിരുന്നു.

താഴ്ന്ന ജാതിയില്‍പ്പെട്ടവര്‍ക്ക് ഒന്നിച്ചിരുന്നുള്ള സ്‌കൂള്‍ വിദ്യാഭ്യാസം നല്‍കുന്നതില്‍ ഉയര്‍ന്ന ജാതിക്കാര്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചു. കോളനി ഭരണത്തിന്റെ ആയുസ് ദീര്‍ഘിപ്പിക്കേണ്ടത് ബ്രിട്ടീഷുകാരുടെ ആവശ്യമായതിനാല്‍ സര്‍ക്കാരും ഉന്നത ജാതിക്കാര്‍ക്കൊപ്പം നിന്നു.

സ്പെഷ്യല്‍ സ്‌കൂളുകള്‍ (പിന്നാക്ക സമുദായക്കാര്‍ക്കും മുസ്‌ലിംങ്ങള്‍ക്കും വേണ്ടിയുള്ള പ്രത്യേക സ്‌കൂളുകള്‍) അല്ലാത്ത, പൂര്‍ണമായും സ്‌കൂള്‍ ബോര്‍ഡിന്റെ ധനസഹായത്താല്‍ നടത്തപ്പെടുന്ന മുഴുവന്‍ സര്‍ക്കാര്‍ പ്രാഥമിക വിദ്യാലയങ്ങളിലും സ്‌കൂള്‍ ബോര്‍ഡിന്റെ ഗ്രാന്റ് ലഭിക്കുന്ന മുഴുവന്‍ എയ്ഡഡ് പ്രാഥമിക വിദ്യാലയങ്ങളിലും എല്ലാ ജാതി, വര്‍ഗ വിഭാഗങ്ങളില്‍പ്പെടുന്ന കുട്ടികളെ പ്രവേശിപ്പിക്കണമെന്ന ഹണ്ടര്‍ കമ്മീഷന്റെ ശുപാര്‍ശ നടപ്പായിട്ടും 1903 ല്‍ ഹരിജനങ്ങളില്‍ രണ്ടര ശതമാനത്തില്‍ താഴെ കുട്ടികള്‍ മാത്രമാണ് സ്‌കൂള്‍ വിദ്യാഭ്യാസം നേടിയത്.

മാത്രമല്ല, മാറി മാറി വരുന്ന ഗവര്‍ണര്‍മാരുടെ നിലപാടുകള്‍ക്കനുസരിച്ച് വിദ്യാഭ്യാസ നയങ്ങളിലും മാറ്റങ്ങള്‍ വന്നിരുന്നു. സ്‌കൂളുകള്‍ കൂടുതലും സ്വകാര്യ മേഖലകളില്‍ കേന്ദ്രികരിക്കാനുണ്ടായ കാരണവും നയ മാറ്റങ്ങളായിരുന്നു.

ഇംഗ്ലീഷ് അറിയുന്ന ക്ലര്‍ക്ക് മാരെ മാത്രമേ ബ്രിട്ടീഷ് സര്‍ക്കാരിന് ആവശ്യമുണ്ടായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ സ്വകാര്യ ഏജന്‍സികളുടെയും പ്രാദേശിക ബോര്‍ഡുകളുടെ സഹായത്തോടെ പ്രധാനപ്പെട്ട പട്ടണങ്ങളില്‍ വളരെ കുറച്ച് സെക്കന്‍ഡറി സ്‌കൂളുകള്‍ സ്ഥാപിച്ചു.

സ്‌കൂളുകളില്‍ നിന്നുള്ള റിസള്‍ട്ടുകള്‍ അനുസരിച്ച് സര്‍ക്കാര്‍ സാമ്പത്തിക സഹായവും നല്‍കി. എന്നാല്‍ കോളേജ് വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തയ്യാറായില്ല. പകരം താരതമ്യേന സര്‍ക്കാരിന് കുറച്ച് പണം ചെലവഴിച്ചാല്‍ മതിയായിരുന്ന സ്വകാര്യ മേഖലയെ പിന്തുണച്ചു.

1906 ല്‍ സെക്കന്‍ഡറി വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാര്‍ മാറ്റങ്ങള്‍ കൊണ്ടുവന്നു. ഇതിന്റെ ചുവടു പിടിച്ച് 1920ല്‍ എസ്എസ്എല്‍സി സംവിധാനം നിലവില്‍ വന്നു. എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മദ്രാസ് സര്‍വകലാശാലയുടെ കീഴിലുള്ള കോളേജുകളില്‍ അഡ്മിഷന്‍ നേടാനുള്ള അനുവാദവും കൊടുത്തു.

എന്നിരുന്നാലും ഉന്നത വിദ്യാഭ്യാസത്തിന് ബ്രിട്ടീഷ് സര്‍ക്കാര്‍ അത്ര പ്രാധാന്യം കൊടുത്തിരുന്നില്ല. കാരണം സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടുപോകാന്‍ വളരെ കുറച്ച് വിദ്യാസമ്പന്നരേയേ ആവശ്യമുണ്ടായിരുന്നുള്ളൂ. നഗര പ്രദേശങ്ങളില്‍ നിന്നുതന്നെ വിദ്യാഭ്യാസം നേടിയവരെ ലഭിച്ചിരുന്നു. അതുകൊണ്ട് ഗ്രാമ പ്രദേശങ്ങളില്‍ ഉന്നത വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ക്കൊന്നിനും സര്‍ക്കാര്‍ മുതിര്‍ന്നില്ല.

മലബാറില്‍ ബ്രിട്ടീഷുകാര്‍ ആദ്യമായി സ്ഥാപിച്ച ബ്രണ്ണന്‍ കോളേജ് Screengrab, Copyright: Wikipedia

മലബാറില്‍ 1923ല്‍ കോളേജ് വിദ്യാഭ്യാസത്തിനുള്ള യോഗ്യത നേടിയവര്‍ 388 ആയിരുന്നു. അഡ്മിഷന്‍ കിട്ടിയവര്‍ ഈ സംഖ്യയിലും എത്രയോ കുറവായിരുന്നു. ഇന്ത്യ സ്വതന്ത്രമായ 1947 ല്‍ നാല് കോളേജുകളാണ് മലബാറില്‍ ഉണ്ടായിരുന്നത്.

പാലക്കാട് വിക്ടോറിയ കോളേജ്, ബ്രണ്ണന്‍ കോളേജ് തലശ്ശേരി, കോഴിക്കോടുള്ള സമൂറിയന്‍ കോളേജ്, മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജ്. വിക്ടോറിയ കോളേജില്‍ മാത്രമേ ഡിഗ്രി കോഴ്‌സുകള്‍ ഉണ്ടായിരുന്നുള്ളൂ. ബാക്കിയെല്ലാം ഇന്റര്‍മീഡിയറ്റ് കോളേജുകള്‍ ആയിരുന്നു. ബിരുദാനന്തര കോഴ്‌സുകള്‍ പഠിക്കാന്‍ മദ്രാസിലേയ്ക്ക് പോകേണ്ടിവന്നു.

പണച്ചിലവുള്ളതിനാല്‍ ഉന്നത വിദ്യാഭ്യാസം സമ്പന്നര്‍ക്ക് മാത്രമേ അന്ന് ലഭിച്ചിരുന്നുള്ളൂ. മാത്രമല്ല, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നഗര കേന്ദ്രീകൃതമായതിനാലും സ്വകാര്യ മേഖലയില്‍ ആയതിനാലും പണമുള്ളവര്‍ക്കും ഉന്നത ജാതിയില്‍പ്പെട്ടവര്‍ക്കും മാത്രമേ ഉയര്‍ന്ന വിദ്യാഭ്യാസം ലഭിച്ചിരുന്നുള്ളൂ.

ബ്രിട്ടീഷ് ഭരണത്തിനു മുമ്പ് തദ്ദേശീയ സ്‌കൂളുകള്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യഭ്യാസം കൊടുത്തിരുന്നെങ്കിലും 1882ന് മുമ്പ് വളരെ തുച്ഛമായ സ്‌കൂളുകളിലെ പെണ്‍കുട്ടികളെ പ്രവേശിപ്പിച്ചിരുന്നുള്ളൂ. പ്രാഥമിക വിദ്യഭ്യാസം കഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ സ്‌കൂളുകളില്‍ പോകുന്നത് അവസാനിപ്പിച്ചിരുന്നു. കാരണം പെണ്‍കുട്ടികള്‍ക്ക് ജീവിക്കാന്‍ വിദ്യാഭ്യാസം ആവശ്യമില്ല എന്നതായിരുന്നു അന്നത്തെ കാഴ്ചപ്പാട്.

മിക്‌സഡ് സ്‌കൂളുകളായിരുന്ന സ്ഥാപനങ്ങളില്‍ പെണ്‍കുട്ടികള്‍ പ്രവേശനം നേടിയിരുന്നില്ല. തുടര്‍ന്ന് പെണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള സ്‌കൂളുകളും സ്ഥാപിച്ചു. പെണ്‍കുട്ടികളുടെ വിദ്യഭ്യാസത്തെ പ്രോത്സാഹിപ്പിക്കാന്‍ മദ്രാസ് സര്‍ക്കാര്‍ സാമ്പത്തിക സഹായങ്ങളും പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും 19ാം നൂറ്റാണ്ടിന്റെ അവസാനത്തിലും പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നേടുന്നതില്‍ കാര്യമായ പുരോഗതിയുണ്ടാക്കാന്‍ കഴിഞ്ഞില്ല.

ആണ്‍കുട്ടികള്‍ക്ക് ലഭിച്ചിരുന്ന തുകയുടെ ഇരട്ടിയായിരുന്നു പെണ്‍കുട്ടികള്‍ക്ക് ലഭിച്ചിരുന്ന ഗ്രാന്‍ഡ്. പെണ്‍കുട്ടികള്‍ക്ക് മാത്രമുള്ള സ്‌കൂളുകളുടെ നടത്തിപ്പിന് കൂടുതല്‍ ചിലവുള്ളതിനാല്‍ മുന്‍സിപ്പാലിറ്റികളോടും പ്രാദേശിക ബോര്‍ഡുകളോടും സ്‌കൂളുകള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. 1920 തോടെ ഗേള്‍സ് എലമെന്ററി സ്‌കൂളുകളുടെ വരണാധികാരികള്‍ മുന്‍സിപ്പാലിറ്റികളും പ്രാദേശിക ബോര്‍ഡുകളുമായി.

ഏറ്റവും വലിയ ബ്രിട്ടീഷ് വിരുദ്ധരായിരുന്ന മാപ്പിള മുസ്ലീംങ്ങള്‍ വിദ്യാഭ്യാസം നേടുന്നതില്‍ ഒരുപാട് പിന്നിലായിരുന്നു. പ്രാഥമിക മത വിദ്യാഭ്യാസം മാത്രം നേടിയിരുന്ന ദരിദ്രരായിരുന്ന മാപ്പിളമാര്‍, തങ്ങളുടെ ബ്രിട്ടീഷ് വിരോധം ആധുനിക വിദ്യാഭ്യാസത്തോടും കാണിച്ചു. ഇംഗ്ലീഷ് ഭാഷയ്ക്ക് പകരമായി മാപ്പിളമാര്‍ അറബി മലയാളം പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു.

1925 സെപ്റ്റംബറില്‍ മലബാര്‍ കലാപത്തില്‍ പങ്കെടുത്ത മാപ്പിള തടവുകാരെ വിചാരണക്കായി കോഴിക്കോട്ടേയ്ക്ക് കൊണ്ടുപോകുന്നു Screengrab, Copyright: The Hindu

ഹിന്ദു ഭൂവുടമകളുടെയും ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെയും നിരന്തരമായ ചൂഷണത്തെ തുടര്‍ന്നും പീഡനങ്ങളെ തുടര്‍ന്നും കര്‍ഷകരായ മാപ്പിളമാര്‍ 1836 മുതല്‍ ചെറുതും വലുതുമായ പ്രതിരോധങ്ങള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ തീര്‍ത്തിരുന്നു. മാപ്പിളമാരുടെ വിദ്യാഭ്യാസത്തെ ബ്രിട്ടീഷ് സര്‍ക്കാര്‍ പരിഗണിക്കാത്തതും ഇക്കാരണങ്ങള്‍ കൊണ്ടായിരുന്നു.

ബ്രിട്ടന്‍ ഇന്ത്യ വിടുക എന്ന ലക്ഷ്യത്തിലധിഷ്ഠിതമായ സ്വാതന്ത്ര്യ സമര പോരാട്ടം കൂടിയായ മലബാര്‍ കലാപത്തോടെയാണ് ലഹളകളെ ബ്രിട്ടീഷ് ഭരണകൂടം അടിച്ചമര്‍ത്തുന്നത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ മുസ്ലിം പരിഷ്‌കര്‍ത്താക്കളായ പണ്ഡിതരെ ഉപയോഗപ്പെടുത്തി ബ്രിട്ടീഷ് സര്‍ക്കാര്‍ ഇംഗ്ലീഷ് വിദ്യാഭ്യാസ സംവിധാനം മാപ്പിളമാര്‍ക്കിടയില്‍ കൊണ്ടുവന്നു.

ഓത്തു പള്ളികള്‍ അടച്ചു പൂട്ടുകയും പകരം സ്‌കൂളുകള്‍ അനുവദിക്കുകയും ചെയ്തു. മലബാര്‍ ജില്ലയിലെ ഏറനാട്, വള്ളുവനാട്, കോഴിക്കോട്, പൊന്നാനി താലൂക്കുകള്‍, വയനാട്, കുറുമ്പ്രനാട് താലൂക്കുകള്‍, ഗൂഡല്ലൂര്‍ ഉള്‍പ്പെടുന്ന നീലഗിരി ജില്ല എന്നെ പ്രദേശങ്ങളാണ് മലബാര്‍ കലാപത്തിന്റെ ഭാഗമായത്. ഇതില്‍ ഏറനാട്, വള്ളുവനാട്, പൊന്നാനി താലൂക്കുകള്‍ മലപ്പുറം ജില്ലയുടെ ഭാഗമായി. 1969ല്‍ ജില്ല രൂപീകരിക്കപ്പെടുമ്പോള്‍ 20ല്‍ താഴെ ഹൈസ്‌കൂളുകള്‍ മാത്രമാണ് മലപ്പുറത്തുണ്ടായിരുന്നത്. സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ 6.85 ശതമാനം മാത്രമാണ് മലപ്പുറത്തുണ്ടായിരുന്നത്.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ തിരുവിതാംകൂറിലും കൊച്ചിയിലും ആധുനിക വിദ്യാഭ്യാസമായ ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചിരുന്നു. 1806 ല്‍ പ്രൊട്ടസ്റ്റന്റ് മിഷനറി റവ. വില്യം ട്രോബിസ് റിംഗിള്‍ ടോബ് ആണ് ആദ്യ ഇംഗ്ലീഷ് സ്‌കൂള്‍ മട്ടാഞ്ചേരിയില്‍ സ്ഥാപിക്കുന്നത്.

1817 ല്‍ കോട്ടയത്ത് ആദ്യ കോളേജായ സിഎംഎസും ആരംഭിച്ചു. 1817 ല്‍ റാണി ഗൗരി പാര്‍വതി ഭായിയുടെ കാലം മുതല്‍ തന്നെ തിരുവിതാംകൂറില്‍ ആധുനിക രീതിയിലുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു.

ഇത് സംബന്ധിച്ച് പുറപ്പെടുവിച്ച രാജ വിളംബരത്തില്‍ ഇങ്ങിനെ കാണാം ‘ജനങ്ങളുടെ വിദ്യാഭ്യാസ ചെലവുകള്‍ പൂര്‍ണമായും ഭരണകൂടം വഹിക്കേണ്ടതാണ്. വിജ്ഞാന സമ്പാദനത്തില്‍ അവര്‍ക്ക് ഒരു തരത്തിലുള്ള പിന്നാക്കാവസ്ഥയും ഉണ്ടായിക്കൂടാ. വിദ്യാഭ്യാസം നല്‍കുന്നതിലൂടെ അവര്‍ നല്ല പ്രജകളും പൊതു ജനസേവകരുമായി മാറും. അതിലൂടെ നമ്മുടെ രാജ്യത്തിന്റെ സല്‍പ്പേര് വര്‍ധിക്കുകയും ചെയ്യും’.

തിരുവിതാംകൂറിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ മാഗ്നാകാര്‍ട്ട ആയി വിശേഷിപ്പിക്കപ്പെടുന്ന രാജ വിളംബരമാണിത്. തുടര്‍ന്ന് 1824 ല്‍ ട്രാവന്‍കൂര്‍ എജ്യൂക്കേഷന്‍ റൂള്‍സ് നിലവില്‍ വന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ക്രിസ്ത്യന്‍, നായര്‍, ഈഴവ സംഘടനകളുടെ നേതൃത്വത്തില്‍ തിരുവിതാംകൂര്‍ മേഖലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉയര്‍ന്നുവരാന്‍ തുടങ്ങി. ബ്രിട്ടീഷുകാരുടെ പിന്തുണയോടെ ക്രിസ്ത്യന്‍ മിഷനറിമാരുടെ നിയന്ത്രണത്തിലും സ്ഥാപനങ്ങള്‍ ഉയരാന്‍ തുടങ്ങിയിരുന്നു.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തില്‍ തന്നെ കൊച്ചിയിലും മിഷനറിമാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചു തുടങ്ങി. 1880-കളുടെ അവസാനം വരെ കൊച്ചിയില്‍ നിരവധി ഇംഗ്ലിഷ് സ്‌കൂളുകള്‍ തുറന്നു. ചില സ്‌കൂളുകള്‍ കോളേജുകളാക്കി ഉയര്‍ത്തി.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആദ്യ ഡയറക്ടറായി സീലി നിയമിതനായാതോടെ 1889 ല്‍ സ്വകാര്യ സ്‌കൂളുകള്‍ക്ക് വിദ്യാഭ്യാസ മേഖല തുറന്നുകൊടുത്തു. ഇതോടെ കൂടുതല്‍ സ്വകാര്യ എയ്ഡഡ് സ്‌കൂളുകള്‍ സ്ഥാപിതമായി. 1949 ല്‍ തിരുവിതാംകൂറുമായി ലയിക്കുമ്പോള്‍ കൊച്ചി നാട്ടുരാജ്യത്ത് മൂന്ന് സര്‍ക്കാര്‍ കോളേജുകളും രണ്ട് സ്വകാര്യ കോളേജുകളും ഉണ്ടായിരുന്നു.

സിഎംഎസ് കോളേജ് കോട്ടയം Screengrab, Copyright: CMS College Archive

ഐക്യ കേരളത്തില്‍ മലബാറിനെ ലയിപ്പിക്കുമ്പോള്‍ മലബാര്‍ കലാപമടക്കം അവര്‍ അഭിമുഖീകരിക്കേണ്ടി വന്ന യുദ്ധക്കെടുതികളെയും സ്വാതന്ത്ര്യ സമരപോരാട്ടങ്ങളെയും പരിഗണിച്ച് മേഖലയെ ശാക്തീകരിക്കാന്‍ പിന്നീട് വന്ന ഭരണകൂടങ്ങള്‍ മുതിര്‍ന്നില്ല. ജനസംഖ്യാനുപാതികമായി അര്‍ഹതയുള്ള പദവികളും വികസനങ്ങളും മലബാറിന് ലഭിച്ചില്ല.

സര്‍ക്കാര്‍ ഓഫീസ് സംവിധാനങ്ങളെ നിയന്ത്രിച്ചിരുന്ന തിരുകൊച്ചിയിലെ ഉദ്യോഗസ്ഥര്‍ മനപ്പൂര്‍വമായ അവഗണന കാണിച്ചു എന്നുതന്നെ പറയാം. സെക്രട്ടേറിയറ്റും ഹൈക്കോടതിയും തിരുവിതാംകൂറും കൊച്ചിയുമാണ് വീതിച്ചെടുത്തത്. മലബാറിന് ഒരു അധികാര കേന്ദ്രമോ ഉന്നത ഉദ്യോഗ സംവിധാനമോ ലഭിച്ചില്ല. കേരളത്തിലെ പകുതിയോളം വരുന്ന ജനങ്ങള്‍ ജീവിക്കുന്ന മലബാറിലെ ആറ് ജില്ലകള്‍ക്ക് ജനസംഖ്യാനുപാതികമായ വികസനം ലഭിച്ചില്ല എന്നത് കഴിഞ്ഞ 68 വര്‍ഷത്തെ ഡേറ്റകള്‍ പരിശോധിച്ചാല്‍ മനസ്സിലാവും.

1815ല്‍ സിഎംഎസ് കോളജ് പ്രവര്‍ത്തനം ആരംഭിച്ച് 75 വര്‍ഷം കഴിഞ്ഞ്, 1890ലാണ് മലബാറിലെ ആദ്യ കോളേജുകളില്‍ ഒന്നായ തലശേരി ബ്രണ്ണന്‍ കോളേജ് സ്ഥാപിതമാകുന്നത്. 1862ല്‍ ബ്രണ്ണന്‍ സായ്പ്പ് തുടങ്ങിയ സ്‌കൂളാണ് 1890ല്‍ കോളേജായി ഉയര്‍ത്തപ്പെട്ടത്.

1888ല്‍ പാലക്കാട് വിക്ടോറിയ കോളേജും 1909ല്‍ മലബാര്‍ ക്രിസ്ത്യന്‍ കോളേജും സ്ഥാപിതമായി. 1937ല്‍ തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ചിത്തിര തിരുനാള്‍ ബാലരാമ വര്‍മയുടെ കാലത്താണ് കേരള യൂണിവേഴ്സിറ്റി സ്ഥാപിതമാകുന്നത്. മലബാറിലെ ആദ്യ യൂണിവേഴ്സിറ്റി കോഴിക്കോട് സ്ഥാപിതമാകുന്നത് 1968ല്‍ പിന്നെയും മൂന്നു പതിറ്റാണ്ടു കഴിഞ്ഞാണ്.

മലപ്പുറം ജില്ല രൂപീകരിക്കപ്പെടുമ്പോള്‍ ആകെയുണ്ടായിരുന്നത് മൂന്ന് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകള്‍ മാത്രമാണ്. 1965ല്‍ പ്രവര്‍ത്തനമാരംഭിച്ച, പിന്നീട് എംഇഎസ് ഏറ്റെടുത്ത മമ്പാട് കോളജ്, 1968ല്‍ സ്ഥാപിതമായ തിരൂരങ്ങാടി പിഎസ്എംഒ കോളേജ്, പൊന്നാനി എംഇഎസ് കോളേജ് എന്നിവയായിരുന്നു അവ. 1962ല്‍ തിരൂരില്‍ പോളിടെക്നിക് കോളജ് തുടങ്ങുന്നതിന് രണ്ട് പതിറ്റാണ്ട് മുമ്പ് തിരുവനന്തപുരത്ത് എഞ്ചിനീയറിങ് കോളജ് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.

വിദ്യാഭ്യാസ കാര്യത്തില്‍ ബ്രിട്ടീഷ് ഭരണത്തില്‍ തന്നെ പിന്നാക്കം നിന്നിരുന്ന മലബാര്‍ മേഖലയെ പ്രത്യേകിച്ചും കൂടുതല്‍ ബാധിക്കപ്പെട്ട മലപ്പുറം ജില്ലയെ ഉയര്‍ത്തുന്നതില്‍ ബ്രിട്ടീഷുകാര്‍ കാണിച്ച അതേ ബോധപൂര്‍വമായ അവഗണന കേരള സര്‍ക്കാരുകളും കാണിച്ചു. മുസ്ലീം ന്യൂനപക്ഷ പ്രദേശമായ മലബാറിലെ കുട്ടികളുടെ വിദ്യാഭ്യാസ പ്രശ്‌നത്തെ ചില സമയങ്ങളില്‍ വംശീയമായി തന്നെ ഭരണകൂടങ്ങള്‍ നേരിട്ടു. എന്നാല്‍ ഗള്‍ഫ് കുടിയേറ്റം നല്‍കിയ സാമ്പത്തിക, സാമൂഹിക ശാക്തീകരണത്തിന്റെ ഭാഗമായി മലബാറിലെ/മലപ്പുറത്തെ കുട്ടികള്‍ വിദ്യാഭ്യാസം എത്തിപ്പിടിച്ചു. പത്താം തരം പാസാകുന്ന വിദ്യര്‍ത്ഥികളുടെ എണ്ണം ഓരോ വര്‍ഷവും കുതിച്ചുയര്‍ന്നു.

ഈ അധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്ത് 4,25,563 കുട്ടികളാണ് എസ്എസ്എല്‍സി പാസായത്. മലപ്പുറം ജില്ലയിലെ 11,974 പേര്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി സംസ്ഥാനത്ത് ഒന്നാമതെത്തി. രണ്ടാം സ്ഥാനം കോഴിക്കോടിനാണ്. 8563 പേര്‍ ഫുള്‍ എ പ്ലസ് നേടി. ഫുള്‍ എ പ്ലസ് കൂടുതലുള്ള വിദ്യാഭ്യാസ ജില്ലയും മലപ്പുറമാണ്.

4934 പേരാണ് ജില്ലയില്‍ നിന്ന് ഫുള്‍ എ പ്ലസ് നേടിയത്. കണ്ണൂര്‍ ജില്ല 99.87 ശതമാനത്തോടെ സംസ്ഥാനത്ത് തന്നെ വിജയിച്ചവരില്‍ രണ്ടാം സ്ഥാനത്തായി. മലപ്പുറം ജില്ലയില്‍ 99.79 ശതമാനമാണ് എസ്എസ്എല്‍സി വിജയം. മലപ്പുറം ജില്ലയുടെ ഈ മുന്നേറ്റം തീര്‍ത്തും വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ഇച്ഛാശക്തി കൊണ്ട് നേടിയെടുത്തതാണ്.

വിദ്യാര്‍ത്ഥികള്‍ Screengrab, Copyright: The Week

പത്താം ക്ലാസ് പാസായി ഉന്നത പഠനത്താനായി കാത്തിരിക്കുന്ന കുട്ടികള്‍ക്ക് എല്ലാവര്‍ക്കും പ്ലസ് വണ്ണിന് പഠിക്കാന്‍ മലപ്പുറത്ത് ആവശ്യത്തിനുള്ള സീറ്റുകള്‍ ഉണ്ടോ എന്നത് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഉയരുന്ന പ്രധാന ചോദ്യമാണ്. ഇല്ലാ എന്നാണ് മറുപടി. മലപ്പുറത്ത് മാത്രമല്ല, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, പാലക്കാട്, വയനാട് ജില്ലകളിലും കുട്ടികള്‍ക്ക് പഠിക്കാന്‍ മതിയായ സീറ്റില്ല.

മലപ്പുറം ജില്ലയില്‍ ഇത്തവണ 79730 പേരാണ് എസ്എസ്എല്‍സി പരീക്ഷ വിജയിച്ചത്. അലോട്ട്മെന്റിന് പരിഗണിക്കുന്ന സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകളുടെ എണ്ണം 59690 ആണ്. 20,040 സീറ്റുകള്‍ കൂടി ഉണ്ടെങ്കിലെ വിജയിച്ച മുഴുവന്‍ കുട്ടികള്‍ക്കും പ്ലസ് വണ്ണിന് ചേരാന്‍ കഴിയൂ.

പാലക്കാട് 7979 സീറ്റുകളുടെയും കോഴിക്കോട് 5321 സീറ്റുകളുടെയും കാസര്‍ഗോട് 4068 സീറ്റുകളുടെയും കുറവുണ്ട്. മൊത്തത്തില്‍ മലബാറില്‍ 41230 സീറ്റുകളുടെ കുറവാണുള്ളത്. കേരള സിലബസില്‍ പരീക്ഷ പാസായവരുടെ മാത്രം കണക്കാണിത്. മികച്ച ഗ്രേഡ് നേടിയവര്‍ക്ക് പോലും ഇഷ്ടവിഷയത്തിന് പഠിക്കാന്‍ കഴിയാത്ത അവസ്ഥയാണ് മലബാറിലുള്ളത്.

എന്നാല്‍ തെക്കന്‍ ജില്ലകളില്‍ ആവശ്യത്തിലധികം സീറ്റുകളുണ്ട്. പത്തനംതിട്ട ജില്ലയില്‍ 2809 സീറ്റുകളും ആലപ്പുഴയില്‍ 961 സീറ്റുകളും കോട്ടയത്ത് 87 സീറ്റുകളും അധികമാണ്. അണ്‍ എയ്ഡഡ് സീറ്റുകള്‍ പരിഗണിക്കാതെയുള്ള കണക്കാണിത്.

മലപ്പുറം ജില്ലയില്‍ 82,434 പേരാണ് 2024-25 അധ്യയന വര്‍ഷത്തെ പ്ലസ് വണ്ണിന് അപേക്ഷിച്ചിട്ടുള്ളത്. എസ്എസ്എല്‍സി വിഭാഗത്തില്‍ 79,637, സിബിഎസ്ഇയില്‍ 2,031, ഐസിഎസ്ഇയില്‍ 12, മറ്റുള്ളവയില്‍ 754 അടക്കമാണ് ഈ കണക്ക്. മറ്റ് ജില്ലകളില്‍നിന്ന് 7,621 അപേക്ഷകരുണ്ട്.

സ്‌പോര്‍ട്‌സ് ക്വാട്ട വിഭാഗത്തില്‍ 960 പേരും മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ വിഭാഗത്തില്‍ 30 പേരുമുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ളതും മലപ്പുറത്താണ്. സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങിയ സിലബസ് പഠിച്ചു വരുന്ന കുട്ടികളുടെ എണ്ണം കൂടി ചേര്‍ത്താല്‍ സീറ്റ് പ്രതിസന്ധി ഇനിയും വര്‍ധിക്കുമെന്ന് ഈ കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.

സര്‍ക്കാര്‍-എയ്ഡഡ് വിഭാഗത്തിലായി 52,600, അണ്‍ എയ്ഡഡ് വിഭാഗത്തില്‍ 11,300, വിഎച്ച്എസ്ഇ, ഐടിഐ, പോളിടെക്നിക് എന്നിവയെല്ലാമായി 4800 എന്നിങ്ങനെയാണ് മലപ്പുറം ജില്ലയിലുള്ള സീറ്റുകള്‍. ഇതെല്ലാം കൂടി കൂട്ടിയാല്‍ 68700 സീറ്റുകള്‍ വരും. അതായത് 82434 കുട്ടികള്‍ ഹയര്‍ സെക്കന്‍ഡറിയിലേക്ക് കടക്കാനിരിക്കുന്ന ജില്ലയിലുള്ള സീറ്റുകളുടെ എണ്ണം 68700.

ബാക്കി 14000 ത്തോളം കുട്ടികള്‍ക്ക് പഠിക്കാന്‍ സീറ്റില്ല. 48140 കുട്ടികള്‍ ഹയര്‍സെക്കന്‍ഡറി പഠനത്തിനായി അപേക്ഷിച്ച കോഴിക്കോട് ജില്ലയിലും, എയ്ഡഡ്, അണ്‍എയ്ഡഡ്, വിഎച്ച്എസ്‌സി, ഐടിഐ, പോളിടെക്നിക് സീറ്റുകള്‍ എല്ലാം കൂട്ടിയാലും ഏകദേശം 11000 ലധികം വിദ്യാര്‍ത്ഥികള്‍ പടിക്ക് പുറത്താണ്.

കഴിഞ്ഞ അധ്യയന വര്‍ഷം തൃശ്ശൂര്‍ മുതല്‍ തിരുവനന്തപുരം വരെ 48,732 പ്ലസ് വണ്‍ സീറ്റുകള്‍ കുട്ടികള്‍ ഇല്ലാത്തതുമൂലം ഒഴിഞ്ഞുകിടന്നിരുന്നുവെന്ന് മനസ്സിലാക്കണം. കോട്ടയം ജില്ലയില്‍ ഈ വര്‍ഷം എസ്എസ്എല്‍സി പാസായത് 18813 പേരാണ്. ഇവിടെ 24383 സീറ്റുകളുണ്ട്. 5500 ല്‍ അധികം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു എന്നര്‍ത്ഥം. പത്തനംതിട്ടയില്‍ 9991 പേരാണ് എസ്എസ്എല്‍സി പാസായത്. ജില്ലയില്‍ 16471 സീറ്റുകളുണ്ട്. ഇവിടെയും ആയിരക്കണക്കിന് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ട്.

വിദ്യാര്‍ത്ഥികള്‍ Screengrab, Copyright: Facebook

മലബാറിലെ/ മലപ്പുറത്തെ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ തെക്കന്‍ ജില്ലയില്‍ ഒഴിഞ്ഞു കിടക്കുന്ന ബാച്ചുകള്‍ മലബാറിലേയ്ക്ക് മാറ്റണമെന്നും ഹൈസ്‌കൂളുകള്‍ക്ക് ഹയര്‍ സെക്കന്‍ഡറി പദവികള്‍ നല്‍കണമെന്നും കാലങ്ങളായി ആവശ്യപ്പെടുന്നതാണ്. ബാച്ച് കൂട്ടുന്നതിന് പകരം സീറ്റ് കൂട്ടി പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ആണ് കാലകാലങ്ങളായി ഭരണകൂടങ്ങള്‍ നടത്തിയത്.

ഇതോടെ 50 കുട്ടികള്‍ ഇരിക്കേണ്ട ക്ലാസില്‍ 70 വരെ കുട്ടികളെ ഇരുത്തി പഠിപ്പിക്കേണ്ട അവസ്ഥയായി. മലബാറിലെ സീറ്റ് ക്ഷാമം പഠിക്കാന്‍ പിണറായി സര്‍ക്കാര്‍ നിയമിച്ച വി കാര്‍ത്തികേയന്‍ നായര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഇതുവരെ പുറത്തു വിട്ടിട്ടില്ല. എന്നാല്‍ റിപ്പോര്‍ട്ടിലെ ചില ശുപാര്‍ശകള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.

മലബാറില്‍ 150 ഹയര്‍സെക്കന്‍ഡറി അധിക ബാച്ചുകള്‍ വേണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളില്‍ കുട്ടികള്‍ തീരെ കുറഞ്ഞ ബാച്ചുകള്‍ ഇവിടേക്ക് മാറ്റാമെന്നും കമ്മിറ്റി നിര്‍ദേശിക്കുന്നുണ്ട്.

15ാം നിയമസഭയുടെ ഒമ്പതാം സമ്മേളനത്തില്‍ എപി അനില്‍ കുമാര്‍, ടിജെ വിനോദ്, പിടിഎ റഹീം, ഡോ. കെടി ജലീല്‍, ടിവി ഇബ്രാഹിം, കെഎം സച്ചിന്‍ദേവ്, എം വിജിന്‍, കെ പ്രേംകുമാര്‍, നജീബ് കാന്തപുരം തുടങ്ങിയ എംഎല്‍എമാര്‍ കാര്‍ത്തികേയന്‍ നായര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ചും പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയെ കുറിച്ചും ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു.

കാര്‍ത്തികേയന്‍ നായര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ വിവരങ്ങള്‍ ശേഖരിച്ചു വരുന്നു എന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മറുപടി നല്‍കിയത്. മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ കൂടുതല്‍ സീറ്റുകള്‍ അനുവദിച്ചിട്ടുണ്ട് എന്ന മറുപടിയും മന്ത്രി നല്‍കിയിട്ടുണ്ട്. സീറ്റുകളുടെ എണ്ണം കൂട്ടുന്നതല്ലാതെ ബാച്ചുകളുടെ എണ്ണം കൂട്ടുന്ന നടപടികളിലേയ്ക്ക് നീങ്ങാന്‍ വിദ്യാഭ്യാസ മന്ത്രിയും തയ്യാറല്ല.

പ്ലസ് വണ്‍ സീറ്റില്ലെന്ന പരാതി ഒരു വിദ്യാര്‍ത്ഥിപോലും ഉന്നയിച്ചിട്ടില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. സീറ്റിനു വേണ്ടി പ്രതിഷേധം ഉയര്‍ത്തുന്നവര്‍ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളാണ് ഉള്ളതെന്ന് വിദ്യാഭ്യാസ മന്ത്രിയും പറയുന്നു.

വി കാര്‍ത്തികേയന്‍ നായര്‍ കമ്മിറ്റി റിപ്പോര്‍ട്ടും മറ്റനേകം റിപ്പോര്‍ട്ടുകളും കയ്യിലുണ്ടായിട്ടാണ് സര്‍ക്കാര്‍ ഇത്തരത്തിലുള്ള പൊള്ളയായ വാദങ്ങള്‍ ഉന്നയിക്കുന്നത്. മലബാറില്‍ പ്ലസ് വണ്‍ ബാച്ചുകള്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി പ്രത്യക്ഷമായി സമരത്തിലുണ്ട്. ലീഗ് അടക്കമുള്ള സാമുദായിക സംഘടനകളും ഈ വിഷയങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.

”ഫ്രറ്റേണിറ്റി മൂവ്‌മെന്റ് രണ്ട് രീതിയിലാണ് ഈ വിഷയത്തെ നോക്കിക്കാണുന്നത്. ഒന്ന് സാമൂഹ്യ നീതിയുടെ വിഷയമാണ്. ഒരു പ്രദേശത്തോടും ഒരു പ്രദേശത്തിലെ ജന വിഭാഗങ്ങളോടും കാലാകാലങ്ങളായി കേരളം ഭരിച്ചിട്ടുള്ള ഭരണകൂട സംവിധാങ്ങള്‍ ബോധാപൂര്‍വമായി നടത്തികൊണ്ടിരിക്കുന്ന വിവേചനമോ അല്ലെങ്കില്‍ അവഗണനയോ ഈ വിഷയത്തില്‍ വ്യക്തമായി നിഴലിച്ച് കാണാന്‍ കഴിയും.

1998 ലാണ് പ്രീ ഡിഗ്രീയ്ക്ക് പകരമായി നായനാര്‍ സര്‍ക്കാര്‍ പ്ലസ് ടു സംവിധാനം കൊണ്ടുവരുന്നത്. അന്നു മുതല്‍ അനുവദിച്ച ബാച്ചുകള്‍ക്ക് ആനുപാതികമായ ബാച്ചുകള്‍ മലബാറിലേക്കോ, മലപ്പുറം ജില്ലയിലേക്കോ അനുവദിച്ചിട്ടില്ല എന്ന് ഡാറ്റകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. അതിനു ശേഷം വന്ന ആന്റണി സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ ബാച്ചുകള്‍ കുറച്ചൊക്കെ അനുവദിച്ചെങ്കിലും അപ്പോഴും ആനുപാതിക എണ്ണത്തില്‍ വലിയ വ്യത്യാസങ്ങള്‍ ഉണ്ടായി.

ജംഷീല്‍ അബൂബക്കര്‍ Screengrab, Copyright: Facebook

മലബാറിലേയ്ക്ക് ബാച്ചുകള്‍ കൊണ്ടുവരുന്നതിനോടൊപ്പം തന്നെ അത്യാവശ്യത്തിന് ബാച്ചുകള്‍ ഉണ്ടായിരുന്ന കൊച്ചി, തിരുവിതാംകൂര്‍ ജില്ലകളിലേയ്ക്കും ബാച്ചുകള്‍ അനുവദിച്ചു. ഇതോടെ അവിടെ ബാച്ചുകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയും ഇവിടെ മലബാര്‍ മേഖലയില്‍ ആവശ്യത്തിന് ബാച്ചുകള്‍ ഇല്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടായി എന്നത് നമ്മുക്ക് ഡാറ്റകള്‍ പരിശോധിക്കുമ്പോള്‍ മനസ്സിലാകും.

അതിനുശേഷം വന്നിട്ടുള്ള വിഎസ് അച്ച്യുതാനന്ദന്റെ സര്‍ക്കാര്‍ ആയിക്കോട്ടെ ഉമ്മന്‍ ചാണ്ടിയുടെ സര്‍ക്കാര്‍ ആയിക്കോട്ടെ ഇതേ അവഗണന തുടര്‍ന്നു. ഇതില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ അബ്ദുറബ്ബ് വിദ്യാഭ്യാസ മന്ത്രി ആയിരിക്കുമ്പോള്‍ കുറച്ചൊക്കെ ബാച്ചുകള്‍ അനുവദിച്ചിട്ടുണ്ട്. പക്ഷേ, സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ബാച്ചുകള്‍ അനുവദിക്കുക എന്ന മലബാറിന്റെ ആവശ്യത്തെ കാര്യമായി പരിഗണിച്ചില്ല. അതിനു പകരം അണ്‍ എയ്ഡഡ് മേഖലയിലാണ് സീറ്റുകള്‍ അനുവദിച്ചത്.

തെക്കന്‍ കേരളത്തില്‍ സര്‍ക്കാര്‍ സംവിധാനത്തില്‍ തന്നെ അത്യാവശ്യത്തില്‍ കൂടുതല്‍ ഹയര്‍ സെക്കന്‍ഡറി ബാച്ചുകള്‍ ഉണ്ടായിരിക്കെ മലബാറില്‍, മലപ്പുറത്ത് പണം കൊടുത്ത് കുട്ടികള്‍ പഠിക്കട്ടെ എന്ന നിലപാടാണ് അന്ന് സ്വീകരിച്ചത്. ഒന്നാം പിണറായി സര്‍ക്കാരും രണ്ടാം പിണറായി സര്‍ക്കാരും ഒരു ബാച്ച് പോലും മലബാറിലേയ്‌ക്കോ മലപ്പുറത്തേക്കോ ഇതുവരെ അനുവദിച്ചിട്ടില്ല.

എട്ട് വര്‍ഷമായി ഈ വിഷയത്തില്‍ ഒരു സമീപനവും സ്വീകരിക്കാത്ത സര്‍ക്കാര്‍ ആണ് കേരളത്തിലുള്ളത് എന്നതാണ് ഫ്രറ്റേണിറ്റി ഈ വിഷയത്തില്‍ സാമൂഹ്യ മൂലധനവുമായി ബന്ധപ്പെട്ട് ഉയര്‍ത്തുന്ന ആശങ്ക. ഒരു പ്രദേശത്തോടും ആ പ്രദേശത്തെ വിദ്യാര്‍ത്ഥികളോടും രക്ഷിതാക്കളോടും കാണിക്കുന്ന ബോധപൂര്‍വമായ അവഗണനയും വിവേചനവും ഈ വിഷയത്തിലുണ്ട്.”, ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ പ്രസിഡന്റ് ജംഷീല്‍ അബൂബക്കര്‍ വോക്ക് മലയാളത്തോട് പറഞ്ഞു.

”മറ്റൊന്ന് ഇതൊരു മൗലികാവകാശവുമായി ബന്ധപ്പെട്ട വിഷയം കൂടിയാണ്. വിദ്യാഭ്യാസം നേടാനുള്ള അവകാശം, വിവേചനത്തിനെതിരായ അവകാശം എന്നീ മൗലികാവകാശങ്ങള്‍ ഭരണഘടനയില്‍ പറയുന്നുണ്ട്. ഈ രണ്ട് മൗലികാവകാശങ്ങള്‍ മലപ്പുറത്തിനും മലബാറിനും നിഷേധിക്കുന്നുണ്ട്.

ഇവിടുത്തെ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം നേടാനുള്ള അവകാശം അവര്‍ക്ക് സംവിധാനങ്ങള്‍ നിഷേധിക്കുക വഴി സര്‍ക്കാരും ഭരണകൂടവും റദ്ദുചെയ്യുന്ന എന്ന ഒരു കാഴ്ച്ചപ്പാടില്‍ കൂടിയാണ് ഞങ്ങളീ വിഷയത്തെ നോക്കിക്കാണുന്നത്. ഒരു പ്രദേശത്തെ ജനങ്ങള്‍ക്ക് വിദ്യാഭ്യാസം നേടാനുള്ള അടിസ്ഥാന അവകാശത്തെ പോലും നിഷേധിക്കുന്നു എന്നത് ഗുരുതരമായ ഭരണഘടനാ ലംഘന വിഷയമാണ്.

നികുതിധായകരായ ഒരു സമൂഹത്തോട് ഭരണകൂടം കാണിക്കുന്ന ഒരു വിവേചനവും ഇതിലുണ്ട്. മലപ്പുറം ജില്ലയിലെ അരക്കോടി മനുഷ്യര്‍ സര്‍ക്കാരിന്റെ ഖജനാവിലേയ്ക്ക് നികുതി കൊടുക്കുന്നുണ്ട്. സ്വാഭാവികമായും നികുതി കൊടുക്കുന്ന മനുഷ്യര്‍ക്ക് ജനസംഖ്യാനുപാതികമായി വിഭവങ്ങളുടെ വിതരണം നടക്കുക എന്നുപറയുന്നത് അടിസ്ഥാന ന്യായവും നീതിയുമാണ്.

കേരളത്തിന്റെ ഖജനാവിലേയ്ക്ക് ഏറ്റവും കൂടുതല്‍ നികുതി കൊടുക്കുന്ന ജില്ല, അവര്‍ക്ക് ജനസംഖ്യാനുപാതികമായി വിഭവങ്ങളുടെ വിതരണം ഉറപ്പുവരുത്തുക എന്നുപറയുന്നത് ഒരു സര്‍ക്കാരിന്റെ മിനിമം ബാധ്യതയാണ് എന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നുണ്ട്. മലപ്പുറം ജില്ലയില്‍ ഈ വര്‍ഷം പത്താം തരം പാസായ മൂന്നു കുട്ടികളില്‍ ഒരു കുട്ടിയ്ക്ക് സര്‍ക്കാര്‍ സംവിധാനത്തില്‍ പഠനത്തിന് അവസരം ഇല്ലാ എന്ന് പറയുന്നത് വികസനപരമായ വലിയൊരു വിവേചനമാണ്. ഈ വിഷയത്തിന്റെ ഏറ്റവും കൂടുതല്‍ തീവ്രത നിലനില്‍ക്കുന്നത് മലപ്പുറത്ത് ആയത് കൊണ്ടാണ് മലപ്പുറത്തെ എടുത്തുപറയുന്നത്.”, ജംഷീല്‍ അബൂബക്കര്‍ പറയുന്നു.

”ഈ വിഷയത്തെ സത്യസന്ധമായി സമീപിക്കാന്‍ ഒന്നാം പിണറായി സര്‍ക്കാരോ രണ്ടാം പിണറായി സര്‍ക്കാരോ സന്നദ്ധമാകുന്നില്ല. ഇതിനകത്ത് പരിഹാര നടപടികള്‍ നടപ്പാക്കാനുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ അല്ലെങ്കില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ എന്നിവയെകുറിച്ച് സര്‍ക്കാര്‍ പറഞ്ഞിരുന്നെങ്കില്‍ അതിനൊരു മാന്യത ഉണ്ടായിരുന്നു.

സര്‍ക്കാര്‍ അവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്തിട്ട് ബാക്കിയുള്ളത് പിന്നീട് പരിഹരിക്കാം അല്ലെങ്കില്‍ പഠനം നടത്തേണ്ടതുണ്ട് എന്നൊക്കെ പറയുന്നതില്‍ സാമാന്യ മര്യാദയുണ്ട്. നേരെ മറിച്ച് സര്‍ക്കാര്‍ രണ്ട് മൂന്ന്  വര്‍ഷമായി ഈ വിഷയത്തെ കൈകാര്യം ചെയ്യുന്നത് ഇങ്ങനെ ഒരു പ്രശ്‌നമേ ഇല്ലാ എന്നു പറഞ്ഞാണ്.

സര്‍ക്കാര്‍ ഇതിനെ നിഷേധിക്കുന്നു എന്ന് മാത്രമല്ല വ്യാജ കണക്കുകള്‍ നിരത്തി ഈ അവകാശത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയുമാണ്. 2005 ലെ വിവരാവകാശ നിയമപ്രകാരം ആര്‍ക്കും കിട്ടുന്ന ഒരു ഡാറ്റ വളച്ചൊടിച്ച് സര്‍ക്കാര്‍ നിഷേധിക്കാന്‍ ശ്രമിക്കുന്നു എന്ന് പറയുന്നതിലും വലിയൊരു അപഹാസ്യം വേറെയില്ല എന്നതാണ് ഞങ്ങള്‍ക്ക് ഇതില്‍ പറയാനുള്ളത്. ഈ അവകാശ നിഷേധത്തോട് സത്യസന്ധമായുള്ള സമീപനം പുലര്‍ത്താന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി തയ്യാറാവണം.

മലബാറില്‍ പ്ലസ് വണ്ണിന് അധിക ബാച്ചുകള്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടുള്ള നിവേദനം പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ്‌ ജംഷീൽ അബൂബക്കർ കൈമാറുന്നു Screengrab, Copyright: Facebook

മലബാറില്‍ അല്ലെങ്കില്‍ മലപ്പുറത്ത് വിദ്യാഭ്യാസ പ്രതിസന്ധികള്‍ ഉണ്ട് എന്നതില്‍ വളരെ ആധികാരികമായ പഠനങ്ങള്‍ നടന്നിട്ടുണ്ട്. എപി മുഹമ്മദ് അനീഷ് ഐഎഎസ് പൊതുവിഭ്യാഭ്യാസ ഡയറക്ടര്‍ ആയിരുന്ന സമയത്ത് നടത്തിയിരുന്ന പഠന റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.

അതിനുശേഷം കഴിഞ്ഞ എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വാഗ്ദാനമായി പറഞ്ഞിട്ടുള്ളതാണ് മലബാര്‍ സ്‌പെഷ്യല്‍ പാക്കേജ് നടപ്പാക്കുമെന്ന്. തുടര്‍ന്ന് വി കാര്‍ത്തികേയന്‍ നായര്‍ കമ്മീഷനെ സര്‍ക്കാര്‍ നിയോഗിക്കുകയും ഒന്നര വര്‍ഷം മുമ്പേ സര്‍ക്കാരിന് മുമ്പില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.

എന്നാല്‍ റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ചില നിര്‍ദേശങ്ങള്‍ ചോര്‍ന്നിട്ടുണ്ട്. മലബാറില്‍ സ്ഥിരമായി 150 ബാച്ചുകള്‍ കൂടുതലായി വേണം എന്നൊക്കെയാണ് പുറത്തുവന്ന ഡാറ്റയില്‍ പറയുന്നത്. ഈ ഡാറ്റയൊക്കെ സര്‍ക്കാരിന്റെ മുമ്പില്‍ കണക്കായും രേഖയായും ഉണ്ടായിട്ടാണ് ഇങ്ങനെയൊരു വിഷയമേ ഇല്ലാ എന്ന് പറയുന്നത്.

ഇതൊരു ഗുണമേന്മയുടെ കൂടി വിഷയമാണ്. 40 കുട്ടികള്‍ക്ക് ഒരു അധ്യാപകന്‍ എന്ന ശരാശരിയില്‍ അധ്യയനം നടന്നാലാണ് ഏറ്റവും ഫലവത്തായ വിദ്യാഭ്യാസ പ്രവര്‍ത്തനം നടക്കുക എന്നുള്ളത് ലബ്ബ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കേരളത്തില്‍ 40:1 എന്ന ശരാശരിയില്‍ കാര്യങ്ങള്‍ നടത്താന്‍ പ്രയാസമായതുകൊണ്ട്, ജന സാന്ദ്രതയുള്ള ഒരു സംസ്ഥാനം ആയതുകൊണ്ട് പിന്നീട് സര്‍ക്കാര്‍ 50:1 എന്ന ശരാശരിയിലേയ്ക്ക് മാറ്റി.

ഒരു ക്ലാസില്‍ ഇങ്ങനെയേ അധ്യാപനം നടക്കാന്‍ പാടുള്ളൂ എന്നത് സര്‍ക്കാരിന്റെ തന്നെ ഒരു ഗൈഡ്‌ലൈനാണ്. എന്നാല്‍ മലപ്പുറത്ത് 60, 65, 70 കുട്ടികളെ കുത്തിനിറച്ചാണ് ക്ലാസുകള്‍ നടക്കുന്നത്. എല്ലാ വര്‍ഷവും എയിഡഡ് സ്ഥാപനങ്ങളില്‍ 20 ശതമാനവും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 30 ശതമാനവും താല്‍ക്കാലികമായി സീറ്റ് വര്‍ധിപ്പിക്കുന്ന സര്‍ക്കാര്‍ ഈ വര്‍ഷവും നേരത്തെ തന്നെ സീറ്റ് കൂട്ടി ഞങ്ങളിതാ പ്രശ്‌നം പരിഹരിച്ചു എന്ന് പറയുന്നത് കാപട്യമാണ്.

ഇത് ഇവിടുത്തെ വിദ്യാഭ്യാസ നിലവാരത്തെ വളരെ സാരമായി ബാധിക്കും. തെക്കന്‍ ജില്ലകളില്‍ 50, 45, 40 എന്ന ശരാശരിയിലാണ് ഒരു ക്ലാസില്‍ വിദ്യാര്‍ത്ഥികളുള്ളത്. മലപ്പുറത്തേയും മലബാറിലേയും കുട്ടികള്‍ ഇത്രയധികം വിവേചനങ്ങളോട് പോരാടി പഠിച്ച് മുന്നേറുന്നു എന്നത് ആ കുട്ടികളുടെ മിടുക്കാണ്. നിലവില്‍ അമിതഭാരമുള്ള ബാച്ചുകളാണ് മലപ്പുറത്തുള്ളത്. ഇവിടെയാണ് സര്‍ക്കാര്‍ സീറ്റുകള്‍ വര്‍ധിപ്പിക്കുന്നത്.”, ജംഷീല്‍ അബൂബക്കര്‍ പറഞ്ഞു.

”ഇടതുപക്ഷത്തിന്റെ കാപട്യവുമായി ബന്ധപ്പെട്ട ഒരു വിഷയമാണ് അടുത്തത്. പൊതുവെ അവരുടെ പ്രചാരണം ഞങ്ങള്‍ പൊതു വിദ്യാഭ്യാസ സമ്പ്രദായത്തെ ശക്തിപ്പെടുത്തുന്ന ആളുകളാണ് എന്നാണ്. ഞങ്ങള്‍ മാനവികമായ മൂല്യങ്ങളുള്ള ആളുകളാണ് എന്ന് നിരന്തരം പ്രചരിപ്പിക്കുകയും അതിന് ക്യാംപയില്‍ നടത്തുന്ന ആളുകള്‍ കൂടിയാണ് ഇടതുപക്ഷം.

എന്നാല്‍ അതേ ഇടതുപക്ഷം മലപ്പുറത്തേക്കും മലബാറിലേയ്ക്കും വരുമ്പോള്‍ കുട്ടികള്‍ പൈസ കൊടുത്ത് പഠിച്ചാല്‍ മതി എന്ന നിലപാട്. ആ ഒരു കാപട്യത്തെ അംഗീകരിച്ചുതരാന്‍ സാധിക്കില്ല എന്നതും ഞങ്ങള്‍ ഈ വിഷയത്തില്‍ പ്രധാനമായും ഉന്നയിക്കുന്നുണ്ട്.

ഈ വിഷയത്തില്‍ പരിഹാരമെന്താണെന്ന് സര്‍ക്കാര്‍ ചോദിക്കുന്നു. 25 കുട്ടികള്‍ക്ക് താഴെ മാത്രമുള്ള 129 ബാച്ചുകള്‍ കേരളത്തിലുണ്ട്. സര്‍ക്കാരിന് ഇച്ഛാശക്തിയുണ്ടെങ്കില്‍ ഈ 129 ബാച്ചുകളെ മലബാറിലേയ്ക്കും മലപ്പുറത്തേയ്ക്കും വളരെ പെട്ടെന്ന് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയും. ഈ 129 ബാച്ചുകളെ അടിയന്തരമായി മലബാറിലേയ്ക്കും മലപ്പുറത്തേയ്ക്കും ട്രാന്‍സ്ഫര്‍ ചെയ്യണം എന്നതാണ് ഞങ്ങള്‍ക്ക് ഈ വിഷയത്തില്‍ നിര്‍ദേശമായി വെക്കാനുള്ളത്.

അതുപോലെ മലപ്പുറത്ത് സര്‍ക്കാര്‍/എയിഡഡ് മേഖലയില്‍ നിലവില്‍ 55 സ്‌കൂളുകള്‍ ഹൈസ്‌കൂളുകള്‍ മാത്രമായി നിലനില്‍ക്കുന്നുണ്ട്. ഈ ഹൈസ്‌കൂളുകളെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളായി അപ്പ്ഗ്രേഡ് ചെയ്യണം. അതുപോലെ ഹയര്‍ സെക്കന്‍ഡറിയ്ക്ക് രണ്ട് ബാച്ചുകള്‍ മാത്രമുള്ള 19 സ്‌കൂളുകള്‍ മലപ്പുറം ജില്ലയില്‍ മാത്രമായുണ്ട്. ഈ സ്‌കൂളുകളില്‍ എല്ലാ സൗകര്യങ്ങളും സംവിധാനങ്ങളുമുണ്ട്. ഇവിടെ കൂടുതല്‍ ബാച്ചുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാവണം.

50:1 എന്ന ശരാശരിയില്‍ വളരെ ആരോഗ്യകരമായി അധ്യയന പ്രവര്‍ത്തനം നടക്കണമെങ്കില്‍ മലപ്പുറം ജില്ലയില്‍ മാത്രം അടിയന്തരമായി 730 ബാച്ചുകള്‍ അനുവദിക്കണം. എന്നാല്‍ മാത്രമാണ് മലപ്പുറത്തോട് നീതി ചെയ്തു എന്ന് പറയാന്‍ പറ്റൂ. സര്‍ക്കാര്‍ പെട്ടെന്ന് വിചാരിച്ചാല്‍ ഏതാണ്ട് ഇരുനൂറോളം ബാച്ചുകള്‍ അനുവദിക്കാന്‍ കഴിയുമെന്നിട്ടും ഇതൊന്നും ചെയ്യാതെ കഴിഞ്ഞ വര്‍ഷം വലിയ പ്രക്ഷോഭങ്ങള്‍ ഉണ്ടായപ്പോള്‍ താല്‍ക്കാലികമായി 100ല്‍ താഴെ ബാച്ചുകള്‍ മലബാറിലെയ്ക്ക് മൊത്തമായി അനുവദിച്ചു.

അവിടെയും സര്‍ക്കാര്‍ നീതി പുലര്‍ത്തിയില്ല. തെക്കന്‍ കേരളത്തില്‍ ഒഴിഞ്ഞുകിടന്ന ബാച്ചുകളാണ് താല്‍ക്കാലികമായി ഇങ്ങോട്ട് ഷിഫ്റ്റ് ചെയ്തത്. ഈ ബാച്ചുകള്‍ക്കൊക്കെ തത്തുല്യമായ അധ്യാപകരും ഉണ്ടല്ലോ. പക്ഷേ, അധ്യാപകരെ ഷിഫ്റ്റ് ചെയ്തില്ല. തെക്കന്‍ ജില്ലകളിലെ അധ്യാപകരെ ഡെപ്പ്യൂട്ടേഷനില്‍ അവര്‍ക്ക് ഇഷ്ടമുള്ള വകുപ്പുകളിലേയ്ക്ക് നിയമിക്കുകയും മലബാറില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുകയും ചെയ്ത വിവേചനം കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ കാണിച്ചു.

അധ്യാപകരായി ജോലിയില്‍ പ്രവേശിക്കുമ്പോള്‍ കേരളത്തില്‍ എവിടെയും ജോലി ചെയ്യാന്‍ സന്നന്ധമാണ് എന്ന അഫിഡവിറ്റ് എഴുതി ഒപ്പിട്ടു കൊടുക്കുന്നുണ്ട്. ഇവിടുത്തെ ട്രേഡ് യൂണിയന്‍ ലോബിയുടെ സമ്മര്‍ദ്ധത്തിന് വഴങ്ങി താല്‍ക്കാലികമായി അനുവദിച്ച ബാച്ചുകളിലേയ്ക്ക് അധ്യാപകരെ നിയമിക്കാതെ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്ന കാപട്യം കൂടിയുണ്ട് ഇതില്‍. മനപ്പൂര്‍വമായ ഒരു നടപടി സ്വീകരിക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം സന്നന്ധമായില്ല എന്നതും ഇതുമായി ബദ്ധപ്പെട്ട് ഞങ്ങള്‍ ഉന്നയിക്കുന്ന ഒരു വിഷയമാണ്.”, ജംഷീല്‍ അബൂബക്കര്‍ പറഞ്ഞു.

മലബാറില്‍ പ്ലസ് വണ്ണിന് അധിക ബാച്ചുകള്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മലപ്പുറം നടത്തിയ സമരം Screengrab, Copyright: Facebook

”ഇതൊക്കെ ഒരു വിഷയമായി നിലനില്‍ക്കെ, ലോകത്താകമാനം മാര്‍ക്കറ്റുള്ള ഇസ്ലാമോഫോബിയയുടെ ടൂള്‍ ഉപയോഗിച്ച് ഇതിനെ പൈശാചികവല്‍ക്കരിക്കുകയും വംശീയവല്‍ക്കരിക്കുകയും വര്‍ഗീയവല്‍ക്കരിക്കുകയും ചെയ്യാനാണ് സര്‍ക്കാരും ഇടതുപക്ഷവും ശ്രമിക്കുന്നത് എന്നത് ഏറെ ഖേദകരമാണ്. നിങ്ങള്‍ എന്തിനാണ് മലപ്പുറം എന്ന് പറഞ്ഞ് വികാരമുണ്ടാക്കുന്നത് എന്നതാണ് മന്ത്രിയുടെ വാദം.

കുട്ടികള്‍ക്ക് പഠിക്കാന്‍ സീറ്റില്ല എന്ന് പറയുന്നതില്‍ എന്ത് സാമുദായിക വാദമാണുള്ളത്. മൗലികാവകാശവുമായി ബന്ധപ്പെട്ട, വികസനവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യവുമായി ബന്ധപ്പെട്ട കുട്ടികളുടെ പഠനാവകാശങ്ങളുമായി ബന്ധപ്പെട്ട ഒരു കാര്യത്തെ വര്‍ഗീയവല്‍ക്കരിക്കുന്നത് സര്‍ക്കാരാണ്. ഈ ഒരു സംവാദത്തിലേയ്ക്ക് കൊണ്ടുപോയി എല്ലാ ആവശ്യങ്ങളെയും എല്ലാ അവകാശ പോരാട്ടങ്ങളെയും റദ്ദുചെയ്യാനും അതിനെ തളര്‍ത്താനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

അതിലൊന്നും മലപ്പുറത്തേയും മലബാറിലെയും വിദ്യാര്‍ത്ഥികളോ രക്ഷിതാക്കളോ വീണുപോകില്ല. കാരണം മുമ്പത്തെ പോലെയല്ല, ഇപ്പോള്‍ ആളുകള്‍ക്ക് ഈ വിഷയത്തില്‍ അവബോധമുണ്ട്. അവര്‍ സര്‍ക്കാര്‍ മേഖലയില്‍ തന്നെ തങ്ങള്‍ക്ക് സംവിധാനങ്ങള്‍ കിട്ടണം എന്ന് വാദിക്കുന്ന ആളുകളാണ്.

സര്‍ക്കാര്‍ പറയുന്ന മറ്റൊരു വിഷയം ഇവിടെ സീറ്റിന്റെ പ്രതിസന്ധിയൊന്നും ഇല്ലാ എന്നതാണ്. മലപ്പുറത്തെ കുട്ടികള്‍ എന്‍ട്രന്‍സ് കൊച്ചിങ്ങിന് പോകുന്നത് കൊണ്ടാണ് ഇവിടെ സീറ്റുകള്‍ നിറഞ്ഞ് പോകുന്നത് എന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതിന് ഉദാഹരണമായി പറയുന്നത് കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ ഓപ്പണ്‍ സ്‌കൂള്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതൊക്കെ മലബാറിലെ, മലപ്പുറം ജില്ലയിലെ എന്‍ട്രന്‍സ് കൊച്ചിങ്ങിന് പോകുന്ന സയന്‍സ് വിദ്യാര്‍ത്ഥികള്‍ ആണ് എന്നാണ്. ഈ ഡാറ്റ ഞങ്ങള്‍ പരിശോധിച്ചു. കഴിഞ്ഞ വര്‍ഷം മലപ്പുറം ജില്ലയില്‍ നിന്നുമാത്രം 15988 കുട്ടികളാണ് സ്കോള്‍ കേരളയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ കുട്ടികളില്‍ കേവലം 581 കുട്ടികള്‍ മാത്രമാണ് സയന്‍സ് ഗ്രൂപ്പ് എടുത്തിട്ടുള്ളത്. ഈ സയന്‍സ് ഗ്രൂപ്പ് എടുക്കുന്ന ആള്‍ക്കാര്‍ ആണല്ലോ എന്‍ട്രന്‍സ് കോച്ചിങ്ങിനു പോവുക. അപ്പോള്‍ സര്‍ക്കാരിന്റെ ഈ വാദവും കളവാണ്. ആളുകള്‍ക്ക് ഈ വിഷയത്തില്‍ ധാരണയില്ലാ എന്ന വ്യാജേന സര്‍ക്കാര്‍ ഒരുപാട് വാദങ്ങള്‍ ഉന്നയിക്കുകയും ഇവിടുത്തെ അവകാശ പോരാട്ടങ്ങളെ നിഷേധിക്കുകയും ചെയ്യുകയാണ് ചെയ്യുന്നത്. അടിസ്ഥാന ആവശ്യവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സാമ്പത്തികം എന്നത് ഒരു പ്രതിസന്ധിയും പ്രതിബന്ധവുമായി സര്‍ക്കാര്‍ അവതരിപ്പിക്കുന്നത് സര്‍ക്കാരിന് സാമൂഹികമായ പ്രതിബദ്ധത ഇല്ലാ എന്ന് സൂചിപ്പിക്കുന്നതിന് തുല്യമാണ് എന്നതാണ് ഞങ്ങളുടേ മറ്റൊരു വാദം.’, ജംഷീല്‍ അബൂബക്കര്‍ കൂട്ടിച്ചേര്‍ത്തു.

”ഏതാണ്ട് എട്ട് വര്‍ഷമായി ഈ പ്രതിസന്ധി മലബാര്‍ മേഖലയില്‍ നിന്ന് ഉന്നയിക്കപ്പെടുന്നുണ്ട്. ഇതൊരു വസ്തുതാപരമായ കാര്യമാണ്. ഇതിനെകുറിച്ച് പഠനങ്ങളൊക്കെ നടന്നിട്ടുള്ളതാണ്. കണക്കുകളൊക്കെ സംസ്ഥാന സര്‍ക്കാരിന്റെ കൈവശമുണ്ട്. സീറ്റ് കുറവ് എന്നുള്ളത് വസ്തുതാപരമാണെന്ന് ഉദ്യോഗസ്ഥര്‍ക്കറിയാം. പ്രത്യേകിച്ചും വിദ്യാഭ്യാസ വകുപ്പിന്. പ്ലസ് വണ്‍ സീറ്റ് വര്‍ധനവ് ആവശ്യപ്പെടുമ്പോള്‍ അത് സര്‍ക്കാരിനെതിരെയുള്ള വികാരമാണ് എന്ന് പറഞ്ഞ് ചില ഓട്ടയടക്കലിലൂടെയാണ് ഈ പ്രശ്‌നത്തിനെ ഇവര്‍ പരിഹരിക്കാന്‍ ശ്രമിച്ചിട്ടുള്ളത്. അതുതന്നെയാണ് ഇന്നും ഈ പ്രശ്‌നം തുടരുന്നതിന്റെ കാരണവും. സര്‍ക്കാരിനെതിരെയുള്ള വികാരമാണ്, രാഷ്ട്രീയ പ്രേരിതമാണ് എന്നൊക്കെയുള്ള ഒരു പ്രചരണം കൊണ്ട് അടിസ്ഥാനപരമായ പ്രശ്‌നത്തെ ഇവര്‍ മൂടിവെക്കുന്നു. ഈ പ്രശനം പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല.”, വിഭ്യാഭ്യാസ പ്രവര്‍ത്തകന്‍ ഒപി രവീന്ദ്രന്‍ വോക്ക് മലയാളത്തോട് പറഞ്ഞു.

”തെക്കന്‍ ജില്ലകളില്‍ സീറ്റുണ്ട്. പക്ഷേ, വിദ്യാര്‍ത്ഥികളില്ല. സ്വാഭാവികമായും ചെയ്യേണ്ടത് അവിടെയുണ്ടാവുന്ന വേക്കന്‍സികളിലെ അധ്യാപകരെ ഇവിടെയ്ക്ക് മാറ്റുകയാണ്. എന്നിട്ട് ഇവിടെ കൂടുതല്‍ ബാച്ചുകള്‍ അനുവദിക്കണം. വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരിക്കുന്നത് ഇവിടെ സീറ്റുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട് എന്നാണ്. സീറ്റുകള്‍ വര്‍ധിപ്പിക്കലല്ല ഈ പ്രശ്‌നം പരിഹരിക്കാനുള്ള മാര്‍ഗം. ബാച്ചുകള്‍ ആണിവിടെ കൂട്ടേണ്ടത്. തെക്കന്‍ ജില്ലകളിലെ ബാച്ചുകള്‍ കുറയ്ക്കുകയും മലബാര്‍ മേഖലയില്‍ ബാച്ചുകള്‍ കൂട്ടുകയും ചെയ്യണം. എന്നാല്‍ മാത്രമേ ഈ പ്രശ്‌നത്തിന് പരിഹാരമുള്ളൂ.

ഒപി രവീന്ദ്രന്‍ Screengrab, Copyright: Facebook

സര്‍ക്കാര്‍ സ്‌കൂളുകളെ സംബന്ധിച്ചടുത്തോളം ബാച്ച് കൂട്ടുക എന്നാല്‍ അധ്യാപക പോസ്റ്റുകള്‍ കൂടുതല്‍ വരും. അപ്പോള്‍ അവിടെ കൂടുതല്‍ അധ്യാപകരെ നിയമിക്കേണ്ടി വരും. അതിന് സര്‍ക്കാരിന് പറ്റുന്നില്ല. പിഎസ്‌സി ലിസ്റ്റിലുള്ള ഒരു പാട് പേര്‍ കാത്തിരിക്കുന്നുണ്ട്. അവര്‍ക്ക് അപ്പോയിന്റ്‌മെന്റ് കിട്ടുന്നില്ല എന്നുള്ള യാഥാര്‍ത്ഥം ഒരുവശത്തുണ്ട്. അവരെ അപ്പോയിന്റ് ചെയ്തുകഴിഞ്ഞാല്‍ ഈ പ്രശ്‌നം പരിഹരിക്കാം. സര്‍ക്കാര്‍ ലാഭമാണ് നോക്കുന്നത്. ഇത് ആര്‍ക്കു വേണ്ടിയാണ് ലാഭം നോക്കുന്നത്. മൊത്തത്തില്‍ സാമ്പത്തിക പ്രശ്‌നം ആണെന്നാണ് പറയുന്നത്. സാമ്പത്തിക പ്രശ്‌നം പരിഹരിക്കാന്‍ വേണ്ടി മലബാറിലെ വിദ്യാര്‍ത്ഥിയുടെ അവകാശങ്ങള്‍ നിഷേധിക്കുക എന്നുള്ളതാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

എയ്ഡഡ് സ്‌കൂളുകളെ സംബന്ധിച്ച് അവിടെ ഉണ്ടാകുന്ന അധിക സീറ്റുകള്‍ ഒന്നും ചെയ്യാന്‍ പറ്റില്ല. കാരണം അവിടുത്തെ അധികാരി മാനേജറാണ്. സര്‍ക്കാര്‍ ശബളം കൊടുക്കുന്നുണ്ടെങ്കിലും മാനെജ്‌മെന്റ് നിയമിച്ച ആളാണ്. അവര്‍ക്ക് ഇങ്ങോട്ട് ട്രാന്‍സ്ഫര്‍ കൊടുക്കാന്‍ പറ്റില്ല. അവിടുത്തെ അധ്യാപകരെ ഇവിടുത്തെ അവരുടെ സ്ഥാപനങ്ങളിലേയ്ക്ക് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ പറ്റില്ല. കാരണം അവിടെ ക്രിസ്റ്റ്യന്‍ മാനേജ്‌മെന്റ് ആണെങ്കില്‍ ഇവിടെ മുസ്ലീം മാനേജ്‌മെന്റ് ആയിരിക്കും. അല്ലെങ്കില്‍ എന്‍എസ്എസ് ആയിരിക്കും. അപ്പോള്‍ മാനേജ്‌മെന്റുകള്‍ പരസ്പരം ഇന്റര്‍ ക്രോസ് ചെയ്തുകൊണ്ട് നിയമനം സാധ്യമല്ല. എയിഡഡ് സ്ഥാപനങ്ങളെ സംബന്ധിച്ചടുത്തോളം അധ്യാപകരെ മാറ്റാന്‍ ബുദ്ധിമുട്ടുണ്ട്. അടിസ്ഥാനപരമായി നോക്കുകയാണെങ്കില്‍ അതും പൊതുവിദ്യാഭ്യാസ രംഗത്തെ ഏറ്റവും വലിയ പ്രശ്‌നമാണ്. ഇതുപോലുള്ള പ്രശ്‌നത്തെ പരിഹരിക്കാന്‍ മാനേജ്‌മെന്റ് സംവിധാനം പര്യാപ്തമല്ല. അങ്ങനെയുള്ള സിസ്റ്റമാണത്.”, ഒപി രവീന്ദ്രന്‍ പറഞ്ഞു.

”സര്‍ക്കാരിനെ സംബന്ധിച്ചടുത്തോളം സര്‍ക്കാര്‍ സ്‌കൂളുകളില്‍ തന്നെ അധിക ബാച്ചുകള്‍ കൊണ്ടുവരാന്‍ പറ്റുന്നതേ ഉള്ളൂ. എളുപ്പത്തില്‍ പരിഹരിക്കാന്‍ പറ്റുന്ന കാര്യമാണത്. സര്‍ക്കാര്‍ എല്ലാ കാലത്തും ഇവിടെ ന്യൂനപക്ഷങ്ങള്‍ പ്രശ്‌നമുണ്ടാക്കുന്നു ലീഗ് പ്രശ്‌നമുണ്ടാക്കുന്നു എന്ന് പറയുന്നു. മുസ്ലീങ്ങളെ കോര്‍ണറൈസ് ചെയ്തുകൊണ്ടാണ് യഥാര്‍ത്ഥത്തില്‍ ആ പ്രശ്‌നങ്ങള്‍ അവസാനം എത്തിനില്‍ക്കാറ്. ഇടതുപക്ഷ സര്‍ക്കാര്‍ ആണെങ്കിലും മതേതര സ്വഭാവമാണ് പറയുന്നതെങ്കിലും അവസാനം ആവുമ്പോഴേക്കും മുസ്ലീം സമുദായം സര്‍ക്കാരിനെതിരെ തിരിയുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ഈ പ്രശ്‌നം അവസാനിപ്പിക്കാറ്.

സര്‍ക്കാരിന് സാമ്പത്തിക പ്രതിസന്ധി ഉണ്ട് എന്ന് പറഞ്ഞ് മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് ബാച്ച് അനുവദിക്കാതിരിക്കല്‍ എന്നുപോലെ തന്നെയാണ് ഇ-ഗ്രാന്‍ഡ് അനുവദിക്കാതിരിക്കല്‍. സര്‍ക്കാര്‍ സാമ്പത്തിക പ്രശ്‌നം അനുഭവിക്കുന്നുണ്ട്. അതുകൊണ്ട് ആദ്യം എസ്‌സി, എസ്ടി, ഒഇസി വിദ്യാര്‍ത്ഥികളുടെ ഗ്രാന്‍ഡ് തടഞ്ഞുവെക്കുകയാണ് ചെയ്തത്. കഴിഞ്ഞ വര്‍ഷം തന്നെ ഏതാണ്ട് 500 കോടിയിലധികം അരിയര്‍ ഉണ്ട് എന്നാണ് മന്ത്രി രാധാകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞത്. ജീവനക്കാരുടെ ശമ്പളമൊന്നും വൈകിപ്പിക്കാന്‍ കഴിയില്ല. ആദ്യം അരിയര്‍ ആക്കാന്‍ പറ്റുന്നത് ഇ-ഗ്രാന്‍ഡുകളാണ്. ഇതേ ലോജിക്കാണ് ബാച്ച് അനുവദിക്കാതിരിക്കുന്നതിലും.

മലബാറില്‍ ഏറ്റവും കൂടുതല്‍ മുസ്ലീം വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കാണ് സീറ്റ് നഷ്ടപ്പെടുന്നത്. പ്രത്യേകിച്ചും മലപ്പുറം ജില്ലയിലാണ് ശതമാനം കൂടുതല്‍. അപ്പോള്‍ ന്യൂനപക്ഷങ്ങളുടെയും പട്ടികജാതിക്കാരുടെയും അവകാശങ്ങള്‍ റദ്ദ് ചെയ്യുന്നത് ഒരു പ്രശ്‌നമല്ല, അല്ലെങ്കില്‍ അത് പരിഹരിച്ചിട്ടില്ലെങ്കില്‍ കുഴപ്പമില്ല, എന്തെങ്കിലും മുട്ടാപോക്ക് പറഞ്ഞ് മാറ്റിവെക്കാം എന്നുള്ളതാണ് സര്‍ക്കാരിന്റെ നയം. ഈ പ്രശ്‌നത്തെ പരിഹരിക്കാനുള്ള നയപരമായ ഒരു തീരുമാനം, അല്ലെങ്കില്‍ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നില്ലാ എന്നുള്ളതാണ് ഇത്ര വര്‍ഷത്തെ അനുഭവത്തില്‍ നിന്നും കേരളത്തിലെ ആള്‍ക്കാര്‍ക്ക് മനസ്സിലാവുന്ന ഒരു കാര്യം.’, ഒപി രവീന്ദ്രന്‍ പറയുന്നു.

‘ബാച്ച് അനുവദിക്കുന്നതില്‍ സര്‍ക്കാരിന് സമ്മര്‍ദ്ദമുണ്ട്. കരണം ബാച്ച് അനുവദിക്കുക എന്നുള്ളത് പോസ്റ്റ് അനുവദിക്കുന്നതിന് തുല്യമാണ്. എയിഡഡ് സ്ഥാപനങ്ങളില്‍ ബാച്ച് അനുവദിക്കാതെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മാത്രം ബാച്ച് അനുവദിച്ചാല്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റ്, എന്‍എസ്എസ് പോലുള്ള സ്ഥാപനങ്ങള്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും. വിദ്യാഭ്യാസ വകുപ്പ് കാലാകാലങ്ങളായി ഭരിക്കുന്നത് തന്നെ ഈ പറയുന്ന ക്രിസ്ത്യന്‍ മാനേജ്‌മെന്‍നറും എന്‍എസ്എസ് അടക്കമുള്ള വിഭാഗങ്ങളുമാണ്. അവരാണ് ഇതിനൊക്കെ തടസ്സങ്ങളുണ്ടാക്കുന്നത്. അവരാണ് സര്‍ക്കാരിന് ഡാറ്റ കൊടുക്കുന്നതും കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതും. അപ്പോള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കൂടുതല്‍ ആള്‍ക്കാരെ നിയമിക്കുക എന്ന് പറഞ്ഞാല്‍ എയ്ഡഡ് മേഖല പിന്നാക്കം പോവുക എന്നാണ് ഇവര്‍ മനസ്സിലാക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ Screengrab, Copyright: Wikipedia

ഹയര്‍ സെക്കന്‍ഡറിയില്‍ മാത്രമാണ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കൂടുതലുള്ളത്. മലബാര്‍ മേഖലയില്‍ വലിയ സാമ്പത്തിക സാധ്യതയുള്ള കുട്ടികള്‍ പബ്ലിക് സ്‌കൂളുകളിലും ഇന്റര്‍നാഷണല്‍ സ്‌കൂളുകളിലുമാണ് പഠിക്കുന്നത്. അവരൊന്നും പൊതുവിദ്യാഭ്യാസ മേഖലയിലേയ്ക്ക് അധികം വരുന്നില്ല. നല്ലൊരു ശതമാനം വിദ്യാര്‍ത്ഥികളും മറ്റുള്ള ഓപ്ഷനുകളിലേയ്ക്ക് പോകുന്നുണ്ട്. എന്നിട്ടും സീറ്റില്ലാ എന്നുള്ളതാണ് മലബാറിനെ സംബന്ധിച്ചുള്ള മറ്റൊരു പ്രശ്‌നം.

സീറ്റില്ലാത്ത പ്രശ്‌നങ്ങള്‍ എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലാണ് വന്നതെങ്കില്‍ എന്നോ പരിഹരിക്കപ്പെടുമായിരുന്നു. മലബാര്‍ ഒരു ന്യൂനപക്ഷ ഏരിയ ആയതുകൊണ്ടും അവരെ നിഴലില്‍ നിര്‍ത്തികൊണ്ട് ഇത്തരം പ്രശ്‌നങ്ങളില്‍ നിന്നും എപ്പോഴും സര്‍ക്കാരിന് തടിയൂരാന്‍ പറ്റുന്നുണ്ട്. അതിവരുടെ മതേതര മനസിന്റെ ഇരട്ടത്താപ്പ് കൂടിയാണ്. സര്‍ക്കാരില്‍ ബാച്ചുകള്‍ അനുവദിച്ചു കഴിഞ്ഞാല്‍ എയ്ഡഡില്‍ ഇത്ര ബാച്ച് കൊടുക്കണം എന്നുള്ള ഒരു അലിഘിതമായ നിയമവുമുണ്ട്.”, ഒപി രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ട്രയല്‍ അലോട്ട്‌മെന്റില്‍ പാലക്കാട് മുതല്‍ കാസര്‍ഗോഡ് വരെയുള്ള ആറ് ജില്ലകളിലായി 2,45,976 അപേക്ഷകരാണുള്ളത്. ആകെയുള്ള 1,60,267 മെറിറ്റ് സീറ്റുകളില്‍ 1,20,939 എണ്ണത്തിലേക്കാണ് ട്രയല്‍ അലോട്ട്‌മെന്റ് നടന്നത്. അവശേഷിക്കുന്ന 39,328 സീറ്റുകള്‍ കൂടി പരിഗണിച്ചാലും 85,709 പേര്‍ക്ക് സീറ്റുണ്ടാകില്ല. മലപ്പുറം ജില്ലയില്‍ ആകെയുള്ള മെറിറ്റ് സീറ്റുകള്‍ 49,664 ആണ്. 36,385 പേര്‍ക്കാണ് ട്രയല്‍ അലോട്ട്‌മെന്റില്‍ സീറ്റ് ലഭിച്ചത്. ജില്ലയില്‍ 82,425 അപേക്ഷകരണുള്ളത്. അവശേഷിക്കുന്ന സീറ്റുകള്‍കൂടി ചേര്‍ത്ത് ഒന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചാലും 32000 ത്തോളം പേര്‍ക്ക് സീറ്റുണ്ടാകില്ല. പാലക്കാട് ജില്ലയില്‍ 45,203 അപേക്ഷകര്‍ക്കായി മെറിറ്റിലുള്ളത് 27,199 സീറ്റുകളാണ്. 22,565 പേരാണ് ട്രയല്‍ അലോട്ട്‌മെന്റില്‍ ഇടംപിടിച്ചത്. 18004 സീറ്റുകളുടെ കുറവുണ്ട് പാലക്കാട്ട്. കോഴിക്കോട് ജില്ലയില്‍ 48,121 അപേക്ഷകര്‍ക്ക് 31,151 മെറിറ്റ് സീറ്റുകളാണുള്ളത്. ഇതിലേക്ക് 23,731 പേര്‍ക്കാണ് ട്രയല്‍ അലോട്ട്‌മെന്റ് ലഭിച്ചത്. ഇവിടെ 16,970 സീറ്റുകളുടെ കുറവുണ്ട്.

ഈ കണക്കുകളില്‍ നിന്നുതന്നെ മനസ്സിലാക്കാം മലബാറിലെ സീറ്റ് ക്ഷാമം എത്രത്തോളം ആണെന്ന്. ചരിത്രപരമായ കാരണങ്ങള്‍ കൊണ്ട് പിന്നാക്കം പോയ ഒരു പ്രദേശത്തെ, അവിടുത്തെ ജനതയെ മുഖ്യധാരയ്‌ക്കൊപ്പം നിര്‍ത്തല്‍ ഭരണകൂടങ്ങളുടെ ഉത്തരവാദിത്തമാണ്. ഈ ഉത്തരവാദിത്തങ്ങള്‍ ഭരണകൂടങ്ങള്‍ നിര്‍വഹിച്ചിട്ടില്ലാ എന്ന് മാത്രമല്ല
പൗരന്റെ വിദ്യാഭ്യാസം നേടാനുള്ള മൗലികാവകാശത്തെ മനപ്പൂര്‍വമായി ഹനിക്കുക കൂടി ചെയ്യുന്നുണ്ട്. ഏതൊരു സമൂഹത്തിന്റെയും സാമൂഹിക പദവിയുടെ അടിസ്ഥാനം വിദ്യാഭ്യാസമായിരിക്കെ മുസ്ലീം ന്യൂനപക്ഷ പ്രദേശത്തോട് കാലങ്ങളായി ഭരണകൂടങ്ങള്‍ കാണിക്കുന്ന ഈ അവഗണന ഭരണഘടനാ വിരുദ്ധവും വംശീയവുമാണ്.

FAQs

എന്താണ് വിദ്യാഭ്യാസം?

അതാത് കാലത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് തലമുറകളെ സജ്ജമാക്കുകയാണ് ഭൗതിക വിദ്യാഭ്യാസത്തിന്റെ ആത്യന്തികമായ പ്രായോഗിക ലക്ഷ്യം. കുട്ടിയുടെ അറിവ്, കഴിവ്, മനോഭാവം, മൂല്യബോധം ഇവയെയെല്ലാം വിദ്യാഭ്യാസം സമഗ്രമായി സ്വാധീനിക്കുന്നു. വിദ്യാഭ്യാസം കുട്ടികളെ സാമൂഹികവൽക്കരിക്കുകയും സമൂഹത്തില്‍ ഉൽപ്പാദനക്ഷമതയുള്ള അംഗമാവകാന്‍ സജ്ജമാക്കുകയും ചെയ്യും.

എന്താണ് മലബാര്‍ കലാപം?

ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഏറ്റവും ഉജ്ജ്വലമായ അധ്യായങ്ങളിൽ ഒന്നാണ് ‘1921’ ലെ മലബാര്‍ കലാപം. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെയും അവരോട് കൈകോർത്തുനിന്ന ജന്മിത്വത്തിനെതിരെയും മലബാറിലെ ജനങ്ങള്‍ പോരാടി. ഏറനാട്, വള്ളുവനാട്, കോഴിക്കോട്, പൊന്നാനി താലൂക്കുകൾക്ക് പുറമേ, വയനാട്, കുറുമ്പ്രനാട് താലൂക്കുകളും ഗൂഡല്ലൂർ ഉൾപ്പെടുന്ന നീലഗിരി ജില്ലയിലുമാണ് പോരാട്ടം നടന്നത്. 1921 ആഗസ്​റ്റ്​​ ​20 മുതൽ 1922 ജനുവരി അവസാനം വരെയാണ് മലബാർ കലാപം നടന്നത്. വൻ സായുധസേനയെ അണിനിരത്തി കൂട്ടക്കൊല അഴിച്ചുവിട്ടാണ് കലാപത്തെ ബ്രിട്ടീഷുകാർ അടിച്ചമർത്തിയത്.

ആരാണ് മാപ്പിള മുസ്‌ലിംങ്ങള്‍?

കേരളത്തിലെ ഒരു മുസ്‌ലിം വിഭാഗമാണ് മാപ്പിള മുസ്‌ലിങ്ങൾ അല്ലെങ്കിൽ മാപ്പിളമാർ. ജോനകമാപ്പിള അഥവാ ചോനകമാപ്പിള എന്നാണ് ചരിത്രപരമായി മാപ്പിള സമുദായം അറിയപ്പെട്ടിരുന്നത്. കുടിയേറ്റക്കാരായ അറബികളുടെ പിന്തുടര്‍ച്ചക്കാരാണ് മലബാറിലെ മാപ്പിളമാര്‍. ഇസ്‌ലാം മലബാർ തീരത്ത് എ.ഡി ഏഴാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ എത്തിയത് മുതൽ മാപ്പിളമാർ ഇവിടെയുണ്ട് എന്ന് വിശ്വസിക്കപ്പെടുന്നു.

Quotes

“ഏതൊരു സമൂഹത്തിന്‍റെയും പുരോഗതി ആ സമൂഹത്തിലെ വിദ്യാഭ്യാസ പുരോഗതിയെ ആശ്രയിച്ചിരിക്കുന്നു- ഡോ. ബി ആർ അംബേദ്ക്കർ.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.