Thu. May 9th, 2024

വംശഹത്യ, ഫലസ്തീന്‍, അഭയാര്‍ത്ഥി ക്യാമ്പ്, വംശീയ ഉന്മൂലനം തുടങ്ങിയ നിരവധി വാക്കുകള്‍ വാര്‍ത്തകളില്‍ ഉപയോഗിക്കരുതെന്നാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയ ഇന്റേണല്‍ മെമ്മോയില്‍ ന്യൂയോര്‍ക്ക്‌ ടൈംസ് പറയുന്നത്

ണവും ആയുധവും ഇസ്രായേലിലേയ്ക്ക് ഒഴുക്കി ഗാസയില്‍ നടക്കുന്ന വംശഹത്യയ്ക്ക് കൂട്ടുത്തരവാദിയായ അമേരിക്കയ്‌ക്കെതിരെ സ്വന്തം മണ്ണില്‍ നിന്നുതന്നെ കൂടുതല്‍ പ്രതിഷേധങ്ങള്‍ ഉയരുകയാണ്. കൊളംബിയ സര്‍വകലാശാലയില്‍ നിന്നും തുടങ്ങിയ വിദ്യാര്‍ത്ഥികളുടെ സമരം രാജ്യത്തെ പ്രധാനപ്പെട്ട സര്‍വകലാശാലകളിലേയ്ക്ക് വ്യപിച്ചു കഴിഞ്ഞു. ഫലസ്തീനിലെ ഇസ്രായേല്‍ ആക്രമണം അവസാനിപ്പിക്കുക, അമേരിക്ക ഇസ്രായേലിന് നല്‍കുന്ന സഹായം നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നത്. ഗാസ ഐക്യദാര്‍ഢ്യ ടെന്റുകള്‍ നിര്‍മിച്ചാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം.

ഗാസ വംശഹത്യ ആരംഭിച്ചതിനു ശേഷം അമേരിക്കന്‍ ഭരണകൂടം പൂര്‍ണമായും ഇസ്രായേലിനൊപ്പം ആണെങ്കിലും രാജ്യത്തെ പല മേഖലകളില്‍ നിന്നും ഫലസ്തീനുവേണ്ടിയുള്ള ശബ്ദം ഉയരുന്നുണ്ട്. അതില്‍ ഒന്നാണ് വിദ്യാര്‍ത്ഥികളുടെയും. വംശ ഹത്യയില്‍ പങ്കാളിയായ അമേരിക്കയെ തള്ളിപ്പറഞ്ഞാണ് വിദ്യാര്‍ത്ഥികള്‍ സമരരംഗത്തുള്ളത്.

പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളെ പോലീസിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്യിച്ചും സര്‍വകലാശാലകളില്‍ നിന്നും സസ്‌പെന്റ് ചെയ്തുമാണ് അമേരിക്ക വെല്ലുവിളിക്കുന്നത്. യുഎസിലെ പ്രധാന സര്‍വകലാശാലകളില്‍ നിന്നായി 550 ഓളം വിദ്യാര്‍ത്ഥികളുടെ അറസ്റ്റ് നടന്നതായി റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

പ്രതിഷേധത്തില്‍ പങ്കെടുത്തതിന് ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിയും അറസ്റ്റിലായി. തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ സ്വദേശി അചിന്ത്യ ശിവലിംഗമാണ് പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ അറസ്റ്റിലായത്. അച്ചടക്ക നടപടിയുടെ ഭാഗമായി അചിന്ത്യയെ ക്യാമ്പസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.

കഴിഞ്ഞയാഴ്ച ഗാസ ഐക്യദാര്‍ഢ്യ ക്യാമ്പ് നടത്തിയ നൂറിലധികം പ്രതിഷേധകരെയാണ് കൊളംബിയ യൂണിവേഴ്സിറ്റിയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി ക്യാമ്പസില്‍ അതിക്രമിച്ചുകയറിയെന്നാരോപിച്ച് 90ലധികം പേരെ യൂണിവേഴ്സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയയില്‍ നിന്നും അറസ്റ്റ് ചെയ്തു.

കൊളംബിയ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന ഇസ്രായേല്‍-അമേരിക്ക വിരുദ്ധ സമരം screengrab, copyright: AP

ടെക്സസില്‍ നിന്നും ഡസന്‍ കണക്കിന് വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ജോര്‍ജ്ജ് വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയില്‍ 50ഓളം വിദ്യാര്‍ത്ഥികളാണ് സമരരംഗത്തുണ്ടായിരുന്നത്. ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രശസ്തമായ ഹാര്‍വാര്‍ഡ് യാര്‍ഡിലേക്കുള്ള പ്രധാന ഗേറ്റുകളെല്ലാം സര്‍വകലാശാല അടച്ചുപൂട്ടി. എങ്കിലും, വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ ക്യാമ്പ് ഇപ്പോഴും ഇവിടെ സജ്ജമാണ്.

കാലിഫോര്‍ണിയ സ്റ്റേറ്റ് പോളിടെക്നിക് യൂണിവേഴ്സിറ്റി, ഹംബോള്‍ട്ടിലെ രണ്ട് കെട്ടിടങ്ങള്‍ പ്രതിഷേധക്കാര്‍ കൈവശപ്പെടുത്തിയിരിക്കുകയാണെന്നാണ് സര്‍വകലാശാല അധികൃതര്‍ അറിയിച്ചിരിക്കുന്നത്. എമേഴ്സണ്‍ കോളേജില്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത 108 പേരെ അറസ്റ്റ് ചെയ്തതായി ബോസ്റ്റണ്‍ പോലീസ് അറിയിച്ചു. ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയില്‍ പ്രതിഷേധിച്ച 133 പേരെയാണ് അറസ്റ്റ് ചെയ്തത്.

എമോറി യൂണിവേഴ്സിറ്റി ക്യാംപസിലെ പ്രതിഷേധ ക്യാമ്പ് പോലീസ് പൊളിച്ചുനീക്കി. 17 പേരെ കസ്റ്റഡിയിലെടുത്തതായി അസോസിയേറ്റഡ് പ്രസ് വാര്‍ത്താ ഏജന്‍സി പറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 48 പേരെ അറസ്റ്റ് ചെയ്തതിന് ശേഷവും യേല്‍ യൂണിവേഴ്സിറ്റി ക്യാംപസില്‍ പ്രതിഷേധം തുടര്‍ന്നു. ജോര്‍ജിയ സ്റ്റേറ്റ് പട്രോള്‍ ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച അറ്റ്‌ലാന്റയിലെ എമോറി യൂണിവേഴ്‌സിറ്റി കാമ്പസില്‍ 28 പേരെ അറസ്റ്റ് ചെയ്തതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതിഷേധക്കാരെ നീക്കാന്‍ കുരുമുളക് സ്‌പ്രേ അടക്കമാണ് പോലീസ് പ്രയോഗിക്കുന്നത്.

കൂടാതെ, ഇന്ത്യാന യൂണിവേഴ്സിറ്റി ബ്ലൂമിംഗ്ടണ്‍, മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഈസ്റ്റ് ലാന്‍സിങ് കാമ്പസ്, സിറ്റി കോളേജ് ഓഫ് ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലും കടുത്ത പ്രതിഷേധമാണ് നടക്കുന്നത്. പോലീസ് നിരന്തരം മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ടെങ്കിലും ഇവയെല്ലാം അവഗണിച്ച് കൂടുതല്‍ വിദ്യാര്‍ത്ഥികളാണ് സംഘടിതമായി ക്യാംപസുകളില്‍ എത്തുന്നത്.

അതേസമയം, സര്‍വകലാശാലകളിലെ ഫലസ്തീന്‍ അനുകൂലികളായ വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കാന്‍ നാഷണല്‍ ഗാര്‍ഡിനെ ഉപയോഗിക്കുമെന്നാണ് യുഎസ് ഹൗസ് സ്പീക്കര്‍ മൈക്ക് ജോണ്‍സന്‍ ഭീഷണിപ്പെടുത്തിയത്. കൊളംബിയ സര്‍വകലാശാലയില്‍ നടന്ന ഫലസ്തീന്‍ അനുകൂല പ്രകടനങ്ങള്‍ തടയുന്നതില്‍ യൂണിവേഴ്‌സിറ്റി പ്രസിഡന്റ് മിനൗഷെ ഷാഫിക്ക് പരാജയപ്പെട്ടുവെന്നും ലോ ലൈബ്രറിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ റിപ്പബ്ലിക്കന്‍ സ്പീക്കറും ഹൗസ് അംഗങ്ങളും കുറ്റപ്പെടുത്തുകയും ചെയ്തു.

വിദ്യാര്‍ത്ഥികള്‍ക്ക് ഒപ്പം തന്നെ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ അമേരിക്കയ്‌ക്കെതിരെയും ഇസ്രായേലിനെതിരെയും പ്രത്യക്ഷ സമരത്തിലുണ്ട്. ഇതില്‍ ഒരാളായിരുന്നു ഫലസ്തീനിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സ്വയം ജീവനൊടുക്കിയ അമേരിക്കന്‍ വ്യോമസേനാംഗമായ ആരോണ്‍ ബുഷ്നെൽ.

ഇസ്രായേല്‍- അമേരിക്ക കൂട്ടുകെട്ടിനെതിരെ സമരം ചെയ്യുന്ന മിഷിഗൺ സർവ്വകലാശാലയിലെ വിദ്യാർത്ഥികള്‍ screengrab, copyright: REUTERS

ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കുരുതിയിലും അതിന് അമേരിക്ക നല്‍കുന്ന പിന്തുണയിലും പ്രതിഷേധിച്ചാണ് ആരോണ്‍ ബുഷ്നെല്‍ തീകൊളുത്തി ജീവനൊടുക്കുന്നത്. വാഷിങ്ടണ്‍ ഡിസിയിലെ ഇസ്രായേല്‍ എംബസിക്ക് മുന്നിലായിരുന്നു ആത്മഹത്യ. സൈനിക യൂണിഫോം ധരിച്ച് ജീവനൊടുക്കുന്ന ദൃശ്യം ലൈവ് സ്ട്രീമിങ് പ്ലാറ്റ്‌ഫോമില്‍ തത്സമയം സംപ്രേഷണം ചെയ്തിരുന്നു. തീനാളങ്ങള്‍ വിഴുങ്ങുമ്പോള്‍ ‘ഫലസ്തീനെ സ്വതന്ത്രമാക്കൂ’ എന്ന് ഉറക്കെ മുദ്രാവാക്യം വിളിക്കുന്നത് ദൃശ്യങ്ങളിലുണ്ട്.

‘ഞാന്‍ യുഎസ് എയര്‍ഫോഴ്‌സിലെ സൈനികനാണ്. വംശഹത്യയില്‍ ഞാന്‍ പങ്കാളിയാകില്ല’ എന്നും ആരോണ്‍ ബുഷ്‌നെല്‍ മരണത്തിന് തൊട്ടുമുമ്പ് പറഞ്ഞു. ”ഞാന്‍ കടുത്ത പ്രതിഷേധത്തില്‍ ഏര്‍പ്പെടാന്‍ പോവുകയാണ്. എന്നാല്‍, ഫലസ്തീനികള്‍ തങ്ങളെ കോളനിവല്‍കരിച്ചവരില്‍ നിന്ന് അനുഭവിക്കുന്നതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് ഒട്ടും തീവ്രമല്ല’ എന്ന് പറഞ്ഞാണ് അദ്ദേഹം ഇസ്രായേല്‍ എംബസിക്ക് അടുത്തേക്ക് നടന്നുവന്നത്. ആരോണ്‍ ബുഷ്നെല്‍ തന്റെ സ്വത്തുക്കള്‍ ഫലസ്തീന്‍ ചില്‍ഡ്രന്‍സ് റിലീഫ് ഫണ്ടിലേക്ക് സംഭാവന ചെയ്യണമെന്ന് വില്‍പ്പത്രത്തില്‍ എഴുതിവെച്ചിരുന്നു.

ഗാസയില്‍ വംശഹത്യ നടത്തുന്ന ഇസ്രായേലിന് അമേരിക്ക ആയുധങ്ങളും ധനസഹായവും നല്‍കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച ജൂതമത വിശ്വാസികളെയും യുഎസ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. യുഎസ് സെനറ്റംഗം ചക്ക് ഷൂമറിന്റെ ന്യൂയോര്‍ക്ക് ഗ്രാന്‍ഡ് ആര്‍മി പ്ലാസയിലെ വീടിനുമുന്നില്‍ ജ്യൂവിഷ് വോയ്സ് ഫോര്‍ പീസ് (ജെവിപി) എന്ന സംഘടനയുടെ ആഭിമുഖ്യത്തിലാണ് പ്രകടനം നടത്തിയത്.

ജ്യൂവിഷ് വോയ്സ് ഫോര്‍ പീസ് മുമ്പും നിരവധി പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞമാസം കാലിഫോര്‍ണിയയില്‍ നിയമസഭ സമ്മേളനം നടക്കുന്നതിനിടെ കറുത്ത കുപ്പായം ധരിച്ച 300 ഓളം ജെവിപി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം ലോകശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഫ്രീ ഫലസ്തീന്‍, ഉടന്‍ വെടിനിര്‍ത്തുക, ഞങ്ങളുടെ പേരില്‍ കൂട്ടക്കൊല നടത്തരുത് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ അച്ചടിച്ച കുപ്പായങ്ങള്‍ ധരിച്ചാണ് പ്രതിഷേധക്കാര്‍ നിയമസഭയിലെത്തിയത്.

മുകളിലെ ഗാലറിയില്‍നിന്ന് സാമാജികരുടെ ചേംബറിന് നേരെ ഫലസ്തീന്‍ അനുകൂല, ഇസ്രായേല്‍ വിരുദ്ധ ബാനറുകള്‍ പ്രദര്‍ശിപ്പിച്ചു. ഗാസ കൂട്ടക്കൊലക്ക് യുഎസ് പണം നല്‍കരുതെന്നും ഞങ്ങളുടെ പേരില്‍ കൂട്ടക്കൊല നടത്തരുതെന്നും എഴുതിയ ബാനറുകളാണ് ഇവര്‍ തൂക്കിയത്. നിയമസഭ സമ്മേളനം തുടങ്ങിയ ഉടന്‍ ‘ഫ്രീ ഫലസ്തീന്‍, നോട്ട് ഇന്‍ ഔര്‍ നെയിം, ലെറ്റ് ഗസ്സ ലിവ്’ എന്നീ വരികളടങ്ങിയ പ്രതിഷേധഗാനം കൂട്ടത്തോടെ ആലപിച്ചു. ഇതോടെ നിമിഷങ്ങള്‍ക്കകം നിയമസഭ സമ്മേളനം നിര്‍ത്തിവെക്കേണ്ടി വന്നു.

ഗാസയില്‍ ഇസ്രായേല്‍ കൂട്ടക്കുരുതി നടത്തുന്നതിനും ഭക്ഷ്യവസ്തുക്കള്‍ നിഷേധിച്ച് കുഞ്ഞുങ്ങളെയടക്കം പട്ടിണിക്കിടുന്നതിനും എതിരെ അമേരിക്കന്‍ ക്രിസ്ത്യാനികള്‍ സെനറ്റ് കാന്റീന്‍ ഉപരോധിച്ചിരുന്നു. ‘ഗസ്സക്കാര്‍ ഭക്ഷിക്കുന്നത് വരെ കോണ്‍ഗ്രസും ഭക്ഷണം കഴിക്കേണ്ട’ എന്ന മുദ്രാവാക്യവുമായാണ് ക്രിസ്ത്യന്‍സ് ഫോര്‍ എ ഫ്രീ ഫലസ്തീന്‍ (Christians for a Free Palestine) എന്ന സംഘടനയുടെ ആഭിമുഖ്യത്തിലുള്ള സമരക്കാര്‍ കാന്റീന്‍ ഉപരോധിച്ചത്.

”ഭക്ഷണമാണ് അയക്കേണ്ടത്, ബോംബുകളല്ല”, ”ബ്രഡ് മുറിക്കുക, ശരീരങ്ങളല്ല” തുടങ്ങിയ ബാനറുകളും പ്രതിഷേധക്കാര്‍ ഉയര്‍ത്തി. കോഡ്പിങ്ക് എന്ന ഫെമിനിസ്റ്റ് സംഘടനയും സമരത്തില്‍ പങ്കുചേര്‍ന്നു. മാത്രമല്ല വെടിനിര്‍ത്തലിന് പിന്തുണ നല്‍കണമെന്നും ഫലസ്തീനിലെ യുഎന്‍ സന്നദ്ധ സംഘടനയായ യുഎന്‍ആര്‍ഡബ്ല്യുഎക്ക് നല്‍കുന്ന സഹായം പുനസ്ഥാപിക്കണമെന്നും ഇസ്രായേലിനുള്ള സൈനിക സഹായം അവസാനിപ്പിക്കാനും സമരക്കാര്‍ പാര്‍ലമെന്റിനോട് ആവശ്യപ്പെടുകയും ചെയ്തു.

‘ബ്രഡ് മുറിക്കുക, ശരീരങ്ങളല്ല’ എന്ന മുദ്രാവാക്യമുയര്‍ത്തി അമേരിക്കയില്‍ പ്രതിഷേധിക്കുന്ന ‘ക്രിസ്ത്യന്‍സ് ഫോര്‍ എ ഫ്രീ ഫലസ്തീന്‍’ അംഗങ്ങള്‍ screengrab, copyright: Christians for a Free Palestine website

ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ഓഫ് അമേരിക്ക, ഫലസ്തീനിയന്‍ യൂത്ത് മൂവ്‌മെന്റ്, ന്യൂയോര്‍ക്ക് സിറ്റി ഫോര്‍ പീസ്, ന്യൂയോര്‍ക്ക് സിറ്റി ചാപ്റ്റര്‍ അടക്കമുള്ള സംഘടനകളിലെ അംഗങ്ങളും ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന യുദ്ധത്തെ എതിര്‍ക്കുന്ന എഴുത്തുകാരും വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുകൊണ്ട് ന്യൂയോര്‍ക്ക് നഗരത്തിലെ മൂന്ന് പ്രധാന പാലങ്ങളും ഒരു തുരങ്ക കവാടവും ഉപരോധിച്ചിരുന്നു.

പ്രതിഷേധത്തെ തുടര്‍ന്ന് ഹോളണ്ട് ടണലിനൊപ്പം നഗരത്തിലെ ബ്രൂക്ലിന്‍, മാന്‍ഹട്ടന്‍, വില്യംസ്ബര്‍ഗ് അടക്കമുള്ള പാലങ്ങള്‍ മണിക്കൂറുകളോളം അടച്ചിട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫലസ്തീന്‍ അനുകൂലികള്‍ ഉപരോധിച്ച പ്രദേശങ്ങള്‍ വ്യാപാര കേന്ദ്രമായ ലോവര്‍ മാന്‍ഹട്ടനിലേക്ക് പ്രവേശിക്കുന്നതിനുള്ള പ്രധാന പ്രവേശന കേന്ദ്രങ്ങളാണ്.

അമേരിക്കയുടെ യുദ്ധ സഹായവും ലാറ്റിനമേരിക്കയും

യുഎസ് നിര്‍മിത യുദ്ധോപകരണങ്ങള്‍ ഉപയോഗിച്ച് ഇസ്രായേല്‍ സൈന്യം ഗാസയില്‍ ഫലസ്തീന്‍ ജനതക്കെതിരെ യുദ്ധക്കുറ്റങ്ങള്‍ ചെയ്യുകയാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ യുഎസ്എ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പോള്‍ ഒബ്രിയന്‍. ഇസ്രായേലിലേക്ക് ആയുധങ്ങള്‍ അയക്കുന്നത് യുഎസ് അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഇസ്രായേല്‍ ഗാസയില്‍ യുദ്ധം തുടരരുതെന്ന് അമേരിക്ക പറയുമ്പോഴും ഇസ്രായേലിനു വേണ്ടിയുള്ള ആയുധകൈമാറ്റവും പണമെത്തിക്കലും നിര്‍ബാധം തുടരുകയാണ്. ഐക്യരാഷ്ട്ര സഭയില്‍ ഫലസ്തീന് സ്ഥിരാംഗത്വം നല്‍കുന്നതിന് വിലങ്ങുതടിയായി നിന്ന ഒരെേയാരു രാജ്യം അമേരിക്കയാണ്. ഗാസയില്‍ വെടിനിര്‍ത്തലിനെ എതിര്‍ത്ത് യുഎന്നില്‍ വോട്ടു ചെയ്ത ഒരേയൊരു രാഷ്ട്രവും അമേരിക്കയാണ്.

യുഎസ് നിര്‍മിത യുദ്ധോപകരണങ്ങള്‍ ഉപയോഗിച്ചാണ് ഇസ്രായേല്‍ സൈന്യം ഗാസയില്‍ ഫലസ്തീന്‍ ജനതക്കെതിരെ യുദ്ധക്കുറ്റങ്ങള്‍ ചെയ്യുന്നതെന്ന് യുഎന്‍ അടക്കമുള്ള ഏജന്‍സികളും വിവിധ രാജ്യങ്ങളും ഇതിനോടകം പറഞ്ഞിട്ടുണ്ട്.
അടുത്തിടെ പുറത്തുവന്ന ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ അന്വേഷ റിപ്പോര്‍ട്ടും ഇക്കാര്യങ്ങള്‍ അടിവരയിട്ടു പറയുന്നു.

ആംനസ്റ്റി നടത്തിയ അന്വേഷണത്തില്‍ ഇസ്രായേല്‍ സൈന്യം ഫലസ്തീനില്‍ യുദ്ധക്കുറ്റം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, ഇസ്രായേല്‍ സേനയ്ക്ക് 26.38 ബില്യണ്‍ ഡോളര്‍ അധിക സൈനിക സഹായം നല്‍കാനുള്ള യുഎസ് ബില്ലിനെതിരെയും രൂക്ഷ വിമര്‍ശനമാണ് ആംനസ്റ്റി ഉന്നയിച്ചത്. ഇസ്രായേലിന് അയണ്‍ ഡോം, മിസൈല്‍ സംവിധാനങ്ങളും മറ്റ് ആയുധങ്ങളും സംഭരിക്കുന്നതിനാണ് യുഎസ് പുതിയ ബില്ല് പാസാക്കിയിരിക്കുന്നത്.

ഇസ്രായേലിന് അനുകൂലമായി സെനറ്റുകളിലും സഭകളിലും സംസാരിക്കാന്‍ നിരവധി പേരെ അമേരിക്കന്‍ ഭരണകൂടം ചട്ടംകെട്ടിയിട്ടുണ്ട്. ഇതേപോലെ രാജ്യത്തെ പ്രധാന മാധ്യമ സ്ഥാപങ്ങളും ഇസ്രായേലിനു വേണ്ടിയാണ് സംസാരിക്കുന്നത്.

ഗാസയിലെ ഇസ്രായേല്‍ ആക്രമണവുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ വാക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ അമേരിക്കയിലെ പ്രമുഖ മാധ്യമ സ്ഥാപനമായ ന്യൂയോര്‍ക്ക് ടൈംസിന്റെ ഒരു സര്‍ക്കുലര്‍ ഞെട്ടലോടെയാണ് മാധ്യമരംഗം കണ്ടത്.

വംശഹത്യ, ഫലസ്തീന്‍, അഭയാര്‍ത്ഥി ക്യാമ്പ്, വംശീയ ഉന്മൂലനം തുടങ്ങിയ നിരവധി വാക്കുകള്‍ വാര്‍ത്തകളില്‍ ഉപയോഗിക്കരുതെന്നാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയ ഇന്റേണല്‍ മെമ്മോയില്‍ നിര്‍ദേശിക്കുന്നത്. അമേരിക്കന്‍ അന്വേഷണാത്മക മാധ്യമ സ്ഥാപനമായ ‘ദ ഇന്റര്‍സെപ്റ്റ്’ ആണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ഗാസയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ‘ഫലസ്തീന്‍’ എന്ന വാക്ക് പരമാവധി ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ന്യൂയോര്‍ക് ടൈംസ് മെമോയില്‍ പറയുന്നു. വര്‍ഷങ്ങളായുള്ള ഇസ്രായേല്‍ ആക്രമണത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ താമസിക്കുന്ന കേന്ദ്രങ്ങളെ ‘അഭയാര്‍ത്ഥി ക്യാമ്പുകള്‍’ എന്ന് വിശേഷിപ്പിക്കരുത്. ‘വംശഹത്യ’ എന്ന് റിപ്പോര്‍ട്ട് ചെയ്യരുത്. പകരം സംഭവത്തെ സൂചിപ്പിക്കുന്ന മറ്റെന്തെങ്കിലും വാക്ക് ഉപയോഗിക്കണം. ‘അധിനിവേശ ഭൂമി’ എന്ന വാക്ക് ഉപയോഗിക്കരുതെന്നും മെമ്മോയിലുണ്ട്.

ഒക്ടോബര്‍ ഏഴ് മുതലുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍, നിഷ്പക്ഷരെന്ന് സ്വയം വിശേഷിപ്പിക്കുന്ന അമേരിക്കന്‍ മാധ്യമങ്ങള്‍ കാണിക്കുന്ന പക്ഷപാതത്തെ കുറിച്ച് നേരത്തെ ‘ദ ഇന്റര്‍സെപ്റ്റര്‍’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹമാസ് ഇസ്രായേലില്‍ നടത്തിയ ആക്രമണ വാര്‍ത്തകളില്‍ ‘കൂട്ടക്കൊല’, ‘കുരുതി’, ‘ഭയാനകം’ തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ചപ്പോള്‍ ഇസ്രായേല്‍ ഗാസയിലും മറ്റിടങ്ങളിലും നടത്തിയ ക്രൂരതകളുടെ വാര്‍ത്തകളില്‍ ഈ വാക്കുകള്‍ പ്രയോഗിച്ചില്ല. നവംബര്‍ 24 വരെയുള്ള ന്യൂയോര്‍ക്ക് ടൈംസ്, വാഷിങ്ടണ്‍ പോസ്റ്റ്, ലോസ് ഏഞ്ചലസ് ടൈംസ് എന്നീ മാധ്യമങ്ങളിലെ വാര്‍ത്തകള്‍ പരിശോധിച്ചായിരുന്നു ‘ദ ഇന്റര്‍സെപ്റ്റര്‍’ റിപ്പോര്‍ട്ട്.

അമേരിക്കയും അമേരിക്കയിലെ മാധ്യമങ്ങളും ഇസ്രായേലിനൊപ്പം ആണെങ്കിലും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ ഫലസ്തീനൊപ്പമാണ്. ഭാഷക്കും ദേശീയതക്കും വംശത്തിനും അതീതമായ മാനുഷിക പിന്തുണയാണ് ലാറ്റിന്‍ അമേരിക്കയിലെ രാഷ്ട്രങ്ങള്‍ ഫലസ്തീന് നല്‍കുന്നത്. ഇസ്രായേലുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിച്ചാണ് ബൊളീവിയ ഫലസ്തീനൊപ്പം നിന്നത്. 2008ലും ഇസ്രായേലുമായുള്ള ബന്ധം ബൊളീവിയ അവസാനിപ്പിച്ചിരുന്നെങ്കിലും 2020ല്‍ പുനസ്ഥാപിക്കുകയായിരുന്നു.

ഇസ്രായേല്‍ ആക്രമണങ്ങളെ ‘വംശഹത്യ’യെന്ന് വിമര്‍ശിച്ച ആദ്യത്തെ നേതാക്കളില്‍ ഒരാളാണ് കൊളംബിയന്‍ പ്രസിഡന്റ് ഗസ്താവോ പെട്രോ. കൊളംബിയയും ചിലിയും ഹോണ്ട്യൂറയും തങ്ങളുടെ അംബാസിഡര്‍മാരെ ഇസ്രായേലില്‍ നിന്ന് തിരിച്ചു വിളിച്ചു. ഇസ്രായേലുമായി ഔദ്യോഗിക ബന്ധം സ്ഥാപിച്ചിട്ടില്ലാത്ത ബ്രസീലും വെനസ്വേലയും ക്യൂബയും ഇസ്രായേല്‍ ആക്രമണങ്ങളെ ശക്തമായി അപലപിക്കുകയും നടപടികളെടുക്കാന്‍ യുഎന്നിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

കൊളംബിയന്‍ പ്രസിഡന്റ് ഗസ്താവോ പെട്രോ screengrab, copyright: Alexa Rochi-Presidencia

ലാറ്റിന്‍ അമേരിക്കയിലെ 14 രാജ്യങ്ങളിലായി ഏഴ് ലക്ഷത്തോളം ഫലസ്തീന്‍ വംശജരുണ്ട്. ചിലിയില്‍ മാത്രം ഫലസ്തീന്‍ അഭയാര്‍ത്ഥികളുടെ അഞ്ച് ലക്ഷം പിന്‍ഗാമികളുണ്ട്. സാന്റിയാഗോ നഗരത്തില്‍ ഫലസ്തീന്‍ പാരമ്പര്യത്തെ ആദരിക്കുന്നതിന്റെ ഭാഗമായി രൂപം നല്‍കിയ ഡിപോര്‍ട്ടീവോ ഫലസ്തീനോ എന്ന ഫുട്‌ബോള്‍ ക്ലബ് വളരെ ജനകീയമാണ്. ബ്രസീലില്‍ 70,000ത്തോളം ഫലസ്തീനികളാണ് താമസിക്കുന്നത്.

വിസയില്ലാതെ ഫലസ്തീനികള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാനും താമസ അവകാശങ്ങളും ലഭ്യമാക്കിക്കൊണ്ടായിരുന്നു വെനസ്വേല തങ്ങളുടെ പിന്തുണ പരസ്യപ്പെടുത്തിയത്. ഫലസ്തീനികള്‍ക്ക് വെനസ്വേലയില്‍ മെഡിസിന്‍ പഠിക്കാനുള്ള സ്‌കോളര്‍ഷിപ്പുകള്‍ ഉള്‍പ്പെടെ അവര്‍ ലഭ്യമാക്കിയിരുന്നു. ജനസംഖ്യയുടെ വലിയ ശതമാനവും ജൂതരുള്ള അര്‍ജന്റീനയും അന്താരാഷ്ട്ര നിയമലംഘനങ്ങളുടെ പേരില്‍ ഇസ്രായേലിനെ എതിര്‍ത്തിരുന്നു.

ലാറ്റിനമേരിക്കയോടൊപ്പം ദക്ഷിണാഫ്രിക്കയും ഫലസ്തീന് വേണ്ടി നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഫലസ്തീനികള്‍ക്ക് സൗജന്യ വിസയില്‍ യാത്ര ചെയ്യാന്‍ അനുവദിക്കുന്ന 12 രാജ്യങ്ങളും ലാറ്റിന്‍ അമേരിക്കയിലോ ആഫ്രിക്കയിലോ ആണ്. ദക്ഷിണാഫ്രിക്കയും ഇസ്രായേലില്‍ നിന്ന് തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കുകയും ആഫ്രിക്കയിലെ ആംഗ്ലിക്കന്‍ ചര്‍ച്ച് ബിഷപ്പ് ഇസ്രായേലിനെ വര്‍ണവിദ്വേഷ രാഷ്ട്രമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

അമരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ ഇപ്പോള്‍ വിളിക്കുന്നത് ജനസൈഡ് ജോ എന്നാണ്. ബൈഡന്റെ ഇസ്രായേല്‍ വിധേയത്വം അമേരിക്കക്കാരെത്തന്നെ അമ്പരപ്പിച്ചിരിക്കുന്നതാണ്. അതുകൊണ്ടായിരിക്കാം നാള്‍ക്കുനാള്‍ അമേരിക്കയുടെ തെരുവുകളില്‍ ഫലസ്തീന് വേണ്ടിയുള്ള മുദ്രാവാക്യങ്ങള്‍ കൂടുതല്‍ ഉയരുന്നത്.

FAQs

എന്താണ് വംശഹത്യ?

മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം ഏതെങ്കിലും ഗോത്ര, വർഗ്ഗ, മത, ഭാഷാ, സംസ്കാര, ദേശീയ വിഭാഗങ്ങളെ ഉന്മൂലനം ചെയ്യുന്ന പ്രക്രിയയാണ് വംശഹത്യ. കൃത്യമായി തയ്യാറാക്കിയ ഹിംസാത്മകമായ മാർഗ്ഗങ്ങൾ ഉപയോഗിച്ച് ഏതെങ്കിലും പ്രത്യേക വിഭാഗത്തെ പൂർണ്ണമായും ഇല്ലാതാക്കുകയോ നശിപ്പിക്കുകയോ ആണ് വംശഹത്യയുടെ ലക്ഷ്യം.

എന്താണ് ലാറ്റിൻ അമേരിക്ക ?

അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ ലാറ്റിനിൽ നിന്ന് ഉരുത്തിരിഞ്ഞ യുഗ്മ ഭാഷകൾ (പ്രധാനമായും സ്പാനിഷ്, പോർച്ചുഗീസ്) സംസാര ഭാഷയായി ഉള്ള രാജ്യങ്ങളെയാണ് ലാറ്റിൻ അമേരിക്ക എന്ന് വിളിക്കുന്നത്. മെക്‌സിക്കോ, മധ്യ അമേരിക്ക, റൊമാൻസ് ഭാഷ സംസാരിക്കുന്ന കരീബിയൻ ദ്വീപുകൾ എന്നിവയും ലാറ്റിൻ അമേരിക്കയിലാണ്.

എന്താണ് യുദ്ധം?

രണ്ടോ അതിലധികമോ പ്രദേശങ്ങളോ വിഭാഗങ്ങളോ ചേരി തിരിഞ്ഞ് ആയുധങ്ങളോടു കൂടിയും സേനയെ ഉപയോഗിച്ചും നടത്തുന്ന പോരാട്ടമാണ് യുദ്ധം. കീഴടക്കുക, ഉദ്ദേശ്യം അടിച്ചേൽപ്പിക്കുക, അവകാശം പിടിച്ചു വാങ്ങുക എന്നിവയാകാം യുദ്ധത്തിന്റെ ലക്ഷ്യങ്ങൾ. ഈ ലക്ഷ്യങ്ങൾ രാഷ്ട്രീയം, വ്യാവസായം, മതം, വംശീയത എന്നിവയിൽ അടിസ്ഥാനപ്പെട്ടിരിക്കാം. യുദ്ധത്തിന്റെ കാരണമായും ഇവയെ കണക്കാക്കുന്നു.

Quotes

“മരിച്ചവർ മാത്രമേ യുദ്ധത്തിൻ്റെ അവസാനം കണ്ടിട്ടുള്ളൂ- ജോർജ് സന്റയാന

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.