Sat. May 4th, 2024

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാമക്ഷേത്ര പരാമർശത്തിൽ ചട്ടലംഘനമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. സിഖ് വിശുദ്ധ ഗ്രന്ഥം രാജ്യത്ത് എത്തിക്കാൻ എടുത്ത നടപടികൾ മോദി പരാമർശിച്ചതും ചട്ടലംഘനമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

മതത്തിന്റെ പേരിൽ വോട്ട് തേടിയതായി ഇതിനെ പരിഗണിക്കാൻ കഴിയില്ലെന്നും സര്‍ക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് മാത്രമാണ് മോദി വിശദീകരിച്ചതെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണ്ടെത്തൽ.

ഏപ്രിൽ ഒൻപതിന് ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ മോദി അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തെ കുറിച്ച് നടത്തിയ പരാമർശത്തിലായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി ലഭിച്ചത്.

ഇതിന് പുറമെ, കര്‍താര്‍പൂര്‍ ഗുരുദ്വാരയിലേക്കുള്ള ഇടനാഴി വികസനം, അഫ്ഗാനിസ്ഥാനില്‍നിന്ന് സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് ഇന്ത്യയിലേക്ക് കൊണ്ട് വന്നത് എന്നീ വിഷയങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും മോദി പരാമർശിച്ചിരുന്നു.

ഇതിൽ പെരുമാറ്റ ചട്ടലംഘനം ആരോപിച്ച് സുപ്രീംകോടതി അഭിഭാഷകൻ ആനന്ദ് എസ് ജോണ്ടാലെയാണ്‌ മോദിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.

അതേസമയം, രാജസ്ഥാനിൽ മുസ്ലീങ്ങൾക്കെതിരെ മോദി നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ നിരവധി പരാതികളാണ് തിരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചിട്ടുള്ളത്. ഈ പരാതികളിൽ ഇതുവരെ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനമെടുത്തിട്ടില്ല.