Mon. May 6th, 2024

ന്യൂഡൽഹി: പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ അനുവദിക്കുന്നതിനും പുതിയ ഓണ്‍ലൈന്‍ ഉപഭോക്താക്കളെ ചേര്‍ക്കുന്നതിനും കൊട്ടക് മഹീന്ദ്ര ബാങ്കിന് വിലക്കേർപ്പെടുത്തി ആർബിഐ. ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

സാങ്കേതിക വിദ്യയുടെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, വിവരങ്ങള്‍ ചോരാതിരിക്കാന്‍ സ്വീകരിക്കുന്നതിലെ നടപടികളിലെ വീഴ്ച തുടങ്ങിയ പ്രശ്‌നങ്ങള്‍ മുൻ നിർത്തിയാണ് ആർബിഐയുടെ വിലക്ക്.

2022, 2023 വര്‍ഷങ്ങളില്‍ ആര്‍ബിഐ കണ്ടെത്തിയ സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ബാങ്കിന്റെ ഭാഗത്ത് നിന്ന് തൃപ്തികരമായ നടപടികളുണ്ടാകാത്ത സാഹചര്യത്തിലാണ് നടപടിയെന്നും ആര്‍ബിഐ പറയുന്നു.

നിലവിലുള്ള ഉപയോക്താക്കള്‍ക്കുള്ള ക്രെഡിറ്റ് കാര്‍ഡ്, ഓണ്‍ലൈന്‍ സേവനങ്ങള്‍ തുടരാമെന്നും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. 1949 ലെ ബാങ്കിങ് റെഗുലേഷന്‍ ആക്ടിലെ സെക്ഷന്‍ 35 എ പ്രകാരമാണ് ബാങ്കിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.

നേരത്തെ, പേടിഎമ്മിന് എതിരേയും റിസര്‍സ് ബാങ്ക് നടപടി സ്വീകരിച്ചിരുന്നു. വ്യവസസ്ഥകള്‍ പാലിക്കാത്തതിനെ തുടര്‍ന്നായിരുന്നു പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ ആര്‍ബിഐ തടഞ്ഞത്.