Fri. Nov 22nd, 2024

ഹസാരിബാഗ്: ഝാർ​ഖണ്ഡിലെ ഹസാരിബാ​ഗ് ലോക്സഭാ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിക്കെതിരെ സംയുക്ത സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ബജ്റംഗ് ദൾ അടക്കമുള്ള ഹിന്ദുത്വ സംഘടനകൾ.

എഎച്ച്പി, രാഷ്ട്രീയ ബജ്‌റംഗ് ദൾ തുടങ്ങി സംഘപരിവാറുമായി ആശയപരമായി അടുപ്പമുള്ള നിരവധി ദേശീയ, പ്രാദേശിക ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ ഹിന്ദു രാഷ്ട്ര സംഘ് എന്ന പേരിൽ സംഘടന രൂപീകരിച്ചാണ് മത്സരം.

ബിജെപി സ്ഥാനാർത്ഥിയും 10 വർഷമായി എംഎൽഎയുമായ മനീഷ് ജയ്‌സ്വാളിനെതിരെ ഹിന്ദു രാഷ്ട്ര സംഘ് സ്ഥാനാർത്ഥി ശശിഭൂഷൺ കേസരിയാണ് മത്സരിക്കുന്നത്.

തങ്ങൾ യുവാക്കൾക്ക് തൊഴിൽ നൽകാനാണ് പോരാടുന്നതെന്നും മനീഷ് ജെയ്സ്വാൾ ഹസാരിബാഗ് മണ്ഡലത്തിന് കാര്യമായി ഒന്നും ചെയ്തിട്ടില്ലെന്നും ശശിഭൂഷൺ കേസരി പറഞ്ഞു.

ഇവിടെയുള്ള ഹിന്ദുക്കളുടെ താൽപര്യം സംരക്ഷിക്കാനാണ് മത്സരിക്കുന്നതെന്ന് ഹിന്ദു രാഷ്ട്ര സംഘം നേതാവും ബാരാ അഖാഡ തലവനുമായ വിജയാനന്ദ് ദാസ് പറഞ്ഞു.

“എംഎൽഎ എന്ന നിലയിൽ കഴിഞ്ഞ 10 വർഷമായി ഞാൻ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ഹസാരിബാഗിലെ 500 ലധികം ക്ഷേത്രങ്ങളും മതകേന്ദ്രങ്ങളും നവീകരിച്ചു. ചൗപരൻ, ബർഹി, ബിഷ്ണുഗർ തുടങ്ങിയ സ്ഥലങ്ങളിലെ ക്ഷേത്രങ്ങളിലേക്കുള്ള റോഡുകൾ നവീകരിച്ചു. ഹസാരിബാഗിൽ നദിക്ക് കുറുകെ ഒരു പാലം നിർമ്മിച്ചു.”, എന്നാണ് മനീഷ് ജയ്‌സ്വാൾ ആരോപണങ്ങളോട് പ്രതികരിച്ചത്.

ബിജെപിയിൽ നിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്ന ജയ് പ്രകാശ് ഭായ് പട്ടേലാണ് ഇൻഡ്യ മുന്നണി സ്ഥാനാർത്ഥി. മേയ് 20 നാണ് ഇവിടുത്തെ തിരഞ്ഞെടുപ്പ്.