Sat. May 4th, 2024

ഹൈദരാബാദ്: തിരഞ്ഞെടുപ്പിൽ കെട്ടിവെയ്ക്കാനുള്ള പണം ഒരു രൂപ നാണയങ്ങളായി നൽകി സ്വതന്ത്ര സ്ഥാനാർത്ഥി. തെലങ്കാനയിലെ കരിംനഗർ ലോക്സഭാ മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന പെരല മാനസ റെഡ്ഡിയാണ് നാമനിർദേശ പത്രികയ്‌ക്കൊപ്പം കെട്ടി വെയ്ക്കാനുള്ള പണം ഒരു രൂപ നാണയങ്ങളായി നൽകിയത്.

തന്നെ പിന്തുണയ്ക്കുന്ന ആളുകളിൽ നിന്നും ഒരു രൂപ നാണയങ്ങളാണ് മാനസ പിരിച്ചെടുത്തത്. ഈ പണമാണ് മാനസ കലക്ടറേറ്റിൽ കെട്ടിവെച്ചത്.

30000 രൂപയാണ് മാനസയ്ക്ക് പിരിച്ച് കിട്ടിയത്. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ 25000 രൂപയാണ് സെക്യൂരിറ്റി ഡിപ്പോസിറ്റായി കെട്ടി​വെക്കേണ്ടത്. കെട്ടിവെക്കണ്ട പണത്തിനേക്കാൾ 5000 രൂപ കൂടുതൽ അവർക്ക് ലഭിച്ചു.

സൗജന്യ വിദ്യാഭ്യാസം, ആരോഗ്യ രംഗത്തെ വികസനം, ജൈവവളം, കർഷകർക്ക് മിനിമം താങ്ങുവില എന്നിവയെല്ലാമാണ് മാനസ വാഗ്ദാനം ചെയ്യുന്നത്. ഓട്ടോ ഡ്രൈവർമാർക്ക് 2000 രൂപ പ്രതിമാസ ഓണറേറിയം, രണ്ട് പെൺമക്കളുള്ള മാതാപിതാക്കൾക്ക് പ്രതിവർഷം 10000 രൂപ ധനസഹായം, 200 ഗ്രാമങ്ങളിൽ സൗജന്യ സോളാർ വൈദ്യുതി എന്നിവയും മാനസയുടെ മറ്റ് വാഗ്ദാനങ്ങളിൽ ഉൾപ്പെടുന്നു.

26 കാരിയായ മാനസ സിവിൽ എൻജിനീയറിങ് ബിരുദദാരിയാണ്. 2021 ൽ ഇവർ ഡിസൈൻ ചെയ്ത ചെലവ് കുറഞ്ഞ വീടുകൾ ശ്രദ്ധ നേടിയിരുന്നു.