Mon. May 6th, 2024

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താലിമാല വിദ്വേഷ പരാമർശനത്തിനെതിരെ മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. 55 വർഷം കോണ്‍ഗ്രസ് ഭരിച്ചിട്ട് ആര്‍ക്കെങ്കിലും സ്വത്തുവകകളോ അവരുടെ താലിമാലകളോ നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് പ്രിയങ്ക ഗാന്ധി ചോദിച്ചു.

കോൺഗ്രസ് ഭരണത്തിലെത്തിയാൽ സ്ത്രീകളുടെ സ്വർണവും താലിമാലയും (മംഗല്യസൂത്ര) എല്ലാം കോൺഗ്രസ് അപഹരിക്കുമെന്നായിരുന്നു മോദിയുടെ പരാമർശം.

താലിമാല വരെ എന്റെ അമ്മ രാജ്യത്തിന് വേണ്ടിയാണ് ത്യജിച്ചതെന്നും എന്റെ മുത്തശ്ശി അവരുടെ സ്വര്‍ണാഭരണങ്ങള്‍ യുദ്ധകാലത്ത് രാജ്യത്തിന് വേണ്ടിയാണ് നല്‍കിയതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ വികസനത്തെ കുറിച്ചോ, ജനങ്ങളുടെ പുരോഗതിയെ കുറിച്ചോ ആയിരുന്നില്ല മോദി പറഞ്ഞതെന്നും വിദ്വേഷ പരാമര്‍ശങ്ങൾ മാത്രമായിരുന്നുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

ഭരണഘടന മാറ്റുമെന്ന് പറഞ്ഞുകൊണ്ടിരിക്കുന്ന മോദിയെ പോലുള്ളവരെയാണോ നമുക്ക് വേണ്ടതെന്ന് ചിന്തിക്കണമെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ സ്വത്ത് നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികളുള്ളവര്‍ക്കും നല്‍കുമെന്നും അതിന് നിങ്ങള്‍ തയ്യാറാണോയെന്നും കഴിഞ്ഞ ദിവസം മോദി വിദ്വേഷ പ്രസംഗം നടത്തിയിരുന്നു.

മോദിയുടെ പ്രസംഗത്തിനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയർന്ന് വന്നിരുന്നു. മോദിയ്ക്ക് പിന്നാലെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും വിദ്വേഷ പ്രസംഗം നടത്തിയിരുന്നു.