Fri. Nov 22nd, 2024

വാഷിങ്ടണ്‍: യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ വാര്‍ഷിക മനുഷ്യാവകാശ റിപ്പോര്‍ട്ടിൽ ഇന്ത്യക്കെതിരെ രൂക്ഷവിമര്‍ശനം. മണിപ്പൂരില്‍ വലിയ തോതിലുള്ള പീഡനങ്ങൾ നടന്നെന്നും കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ ഇന്ത്യയില്‍ ഭീഷണി നേരിടുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

“ഇന്ത്യയിലെ വടക്കുകിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍ കുകി-മെയ്തി സമുദായങ്ങൾക്കിടയില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷങ്ങള്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കാരണമായി. മെയ് മൂന്ന് മുതല്‍ നവംബര്‍ 15 വരെ ഇടയിൽ കുറഞ്ഞത് 175 പേരെങ്കിലും കൊല്ലപ്പെടുകയും 60000 ത്തിലധികം പേര്‍ പലായനം ചെയ്തതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.”, എന്ന് റിപ്പോര്‍ട്ടിൽ പറയുന്നു.

ഇന്ത്യയുടെ പലയിടങ്ങളിലും കേന്ദ്ര സര്‍ക്കാറിനെയും അവരുടെ സഖ്യകക്ഷികളെയും വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ ഭീഷണി നേരിടുകയാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ബിബിസി ഉള്‍പ്പടെയുള്ള മാധ്യമ സ്ഥാപനങ്ങളില്‍ നടന്ന ആദായ നികുതി വകുപ്പിന്റെ നടപടിയും റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നുണ്ട്. ബിബിസിയിൽ റെയ്ഡ് നടന്നത് പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്ന ഡോക്യുമെന്ററി പ്രസിദ്ധീകരിച്ചതുകൊണ്ടാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണം നടത്താനുള്ള ആഹ്വാനങ്ങൾ ഇന്ത്യയില്‍ ഉണ്ടാകുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായതിന് ശേഷം ന്യൂനപക്ഷങ്ങളുടെ സാഹചര്യം മോശമായെന്ന് വിവിധ മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.