Fri. Nov 8th, 2024

അമ്രോഹ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദ പ്രസംഗത്തിന് സമാനമായ വിദ്വേഷ പരാമര്‍ശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും. അധികാരത്തിലെത്തിയാല്‍ ശരീഅത്ത് നിയമം നടപ്പാക്കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞുവെന്നാണ് യോഗി ആദിത്യനാഥിന്റെ പ്രസംഗം.

ഉത്തര്‍പ്രദേശിലെ അമ്രോഹയില്‍ ബിജെപിയുടെ പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്‌.

“1970 ല്‍ കോണ്‍ഗ്രസ് ഗരീബി ഹഠാവോ മുദ്രാവാക്യം ഉയര്‍ത്തി. എന്നാല്‍, ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യപ്പെട്ടില്ല. പക്ഷേ, രാജ്യത്തിന്റെ വിഭവങ്ങള്‍ കൊള്ളയടിക്കാന്‍ ഒരു കുടുംബത്തിന് സ്വാതന്ത്ര്യം ലഭിച്ചു. രാജ്യത്തിന്റെ പൊതുസ്വത്തില്‍ മുസ്ലീംങ്ങള്‍ക്കാണ് ആദ്യ അവകാശമെന്ന് പ്രധാനമന്ത്രിയായിരിക്കെ മന്‍മോഹന്‍ സിങ് പറഞ്ഞു. അങ്ങനെയെങ്കില്‍ നമ്മുടെ ദളിതരും പിന്നാക്കക്കാരും പാവപ്പെട്ടവരും കര്‍ഷകരും എവിടേക്ക് പോവും.”, യോഗി ആദിത്യനാഥ് പറഞ്ഞു.

ഇന്ത്യ മുന്നണിയെന്ന പേരില്‍ വന്നിരിക്കുന്നവര്‍ രാജ്യത്തെ വഞ്ചിച്ചവരാണെന്നും വീണ്ടും വഞ്ചിക്കാനാണ് അവര്‍ പ്രകടനപത്രികയുമായി വന്നതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

സര്‍ക്കാര്‍ രൂപവത്കരിക്കുകയാണെങ്കില്‍ ശരീഅത്ത് നിയമങ്ങള്‍ നടപ്പാക്കുമെന്നാണ് കോണ്‍ഗ്രസ് പറയുന്നതെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.

അതേസമയം, കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ സ്വത്ത് നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികളുള്ളവര്‍ക്കും നല്‍കുമെന്നും അതിന് നിങ്ങള്‍ തയ്യാറാണോയെന്നും കഴിഞ്ഞ ദിവസം രാജസ്ഥാനില ജലോറിലും ബന്‍സ്വാഡയിലെ പ്രസംഗത്തില്‍ മോദി ചോദിച്ചിരുന്നു.

മോദിയുടെ പ്രസംഗത്തിനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയർന്ന് വന്നിരുന്നു. എന്നാല്‍, ജനങ്ങളുടെ വികാരമാണ് പ്രധാനമന്ത്രി പ്രകടിപ്പിച്ചതെന്ന് ബിജെപി ന്യായീകരിച്ചത്.