Sat. Jan 18th, 2025

ന്യൂഡൽഹി: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ സൂറത്ത് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് ദലാലിന് എതിരില്ലാതെ ജയം. വോട്ടെടുപ്പിന് മുമ്പേയാണ് ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചത്.

പത്രിക പിന്‍വലിക്കാനുള്ള അവസാന ദിനമായ ഇന്ന് മണ്ഡലത്തിലെ മറ്റു സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ പത്രിക പിന്‍വലിച്ചതോടെയാണ് മുകേഷ് ദലാല്‍ എതിരില്ലാതെ വിജയിച്ചത്.

മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥി നിലേശ് കുംഭാണിയുടെ പത്രിക കഴിഞ്ഞ ദിവസം തള്ളിയിരുന്നു. സ്ഥാ​നാ​ർ​ത്ഥി​യെ പിന്തുണച്ച് പത്രികയിൽ ഒപ്പിട്ട മൂന്ന് പേരിൽ ഒരാളെ പോലും ഹാജരാക്കാൻ സാധിക്കാത്തതാണ് പത്രിക തള്ളിയതിന് പിന്നിലെ കാരണം. നിലേശ് കുംഭാണിയെ പിന്തുണച്ച മൂന്ന് പേരും പിന്മാറുകയായിരുന്നു.

ഇതിന് പിന്നാലെ കോൺഗ്രസിന്റെ ഡമ്മി സ്ഥാനാര്‍ത്ഥി സു​രേ​ഷ് പഡ്സല​യു​ടെ പ​ത്രി​ക​യും സ​മാ​ന കാ​ര​ണ​ങ്ങ​ളാ​ൽ ത​ള്ളി. മറ്റു സ്വതന്ത്രരടക്കമുള്ള സ്ഥാനാര്‍ത്ഥികള്‍ ഇന്ന് പത്രിക പിന്‍വലിക്കുകയായിരുന്നു.

തുടർന്ന് മുകേഷ് ദലാൽ എതിരില്ലാതെ ജയിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിക്കുകയായിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് മേയ് ഏഴിനാണ് ഗുജറാത്തില്‍ നടക്കുന്നത്.