Fri. Nov 8th, 2024

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സ്വത്ത് കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷവിമർശനമുന്നയിച്ച് കോൺ​ഗ്രസ്. മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് കോൺ​ഗ്രസ് പരാതി നൽകുമെന്നാണ് റിപ്പോർട്ടുകൾ.

രാജ്യത്തിന്റെ സ്വത്ത് കോണ്‍ഗ്രസ് മുസ്ലീങ്ങള്‍ക്ക് നല്‍കുമെന്നായിരുന്നു രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി നടത്തിയ പ്രസംഗം. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ സ്വത്ത് നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികളുള്ളവര്‍ക്കും നല്‍കുമെന്നും അതിന് നിങ്ങള്‍ തയ്യാറാണോയെന്നും പ്രസംഗത്തില്‍ മോദി ചോദിച്ചിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട തിരഞ്ഞെടുപ്പ് പൂർത്തിയായപ്പോൾ ഇന്ത്യ സഖ്യം വിജയിക്കുമെന്ന് തിരിച്ചറിഞ്ഞ പ്രധാനമന്ത്രി വർ​ഗീയ കാർഡ് ഇറക്കുകയാണെന്ന് കോൺ​ഗ്രസ് നേതാക്കൾ ആരോപിച്ചു.

രാജ്യത്തിന്റെ സമ്പത്തിന് മുകളിൽ ഏറ്റവും കൂടുതൽ അവകാശമുള്ളത് മുസ്ലീങ്ങള്‍ക്കാണ് എന്നായിരുന്നു മൻമോഹൻ സിങ് സർക്കാരിന്റെ വാദമെന്നും മോദി ആരോപിച്ചിരുന്നു. മോദിയുടെ പ്രസംഗത്തിനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയർന്ന് വന്നിരിക്കുന്നത്.

“കോൺ​ഗ്രസിന്റെ പ്രകടനപത്രിക ഓരോ ഇന്ത്യക്കാരനുമുള്ളതാണ്. അത് തുല്യതയെക്കുറിച്ചും എല്ലാവരുടെ നീതിയെക്കുറിച്ചും സംസാരിക്കുന്നു. ഇന്ത്യയുടെ ചരിത്രത്തിൽ ഒരു പ്രധാനമന്ത്രിയും തന്റെ പദവിയുടെ അന്തസ്സ് മോദിയോളം താഴ്ത്തിയിട്ടില്ല.”, കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ എക്സിൽ കുറിച്ചു.

ആദ്യഘട്ട വോട്ടെടുപ്പിന് പിന്നാലെയുള്ള ഭയം കാരണം മോദി പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിലാണെന്നും കോൺ​ഗ്രസിന്റെ വിപ്ലവകരമായ പ്രകടന പത്രികയ്ക്ക് വൻ പിന്തുണയാണ് ലഭിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.