Mon. Dec 23rd, 2024

 

ന്യൂഡല്‍ഹി: മിഡില്‍ ഈസ്റ്റിലെ സ്ഥിതിഗതികള്‍ കണക്കിലെടുത്ത് 2024 ഏപ്രില്‍ 30 വരെ ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ നിര്‍ത്തിവെച്ചതായി എയര്‍ ഇന്ത്യ. ഇസ്രായേലിന്റെ ഇറാനിലെ ആക്രമണത്തെ തുടര്‍ന്ന് ഉടലെടുത്ത മേഖലയിലെ സംഘര്‍ഷം മുന്‍നിര്‍ത്തിയാണ് ഈ തീരുമാനം.

യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്ന് എയര്‍ ഇന്ത്യയുടെ വക്താവ് അറിയിച്ചു. നിലവില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ നല്‍കുമെന്നും ആവശ്യമെങ്കില്‍ യാത്ര റീ ഷെഡ്യൂള്‍ ചെയ്ത് നല്‍കുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കായും യാത്രാ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട സഹായത്തിനായും ഉപഭോക്തൃ സേവനവുമായി ബന്ധപ്പെടാനും എയര്‍ ഇന്ത്യ അറിയിച്ചു.

അതേസമയം, ദുബൈയിലേക്കുള്ള സര്‍വീസുകളും എയര്‍ ഇന്ത്യ നിര്‍ത്തിവെച്ചിട്ടുണ്ട്. യുഎഇയില്‍ കഴിഞ്ഞദിവസങ്ങളില്‍ പെയ്ത മഴ വിമാന സര്‍വീസുകളെ സാരമായി ബാധിച്ചിട്ടുണ്ട്.

ദുബൈ എയര്‍പോര്‍ട്ട് റണ്‍വേ വെള്ളത്തില്‍ മുങ്ങിയിരുന്നു. നിരവധി അന്താരാഷ്ട്ര സര്‍വീസുകളാണ് ഇതുകാരണം മുടങ്ങിയത്. ദുബൈയില്‍ ഇറങ്ങേണ്ട വിമാനങ്ങളുടെ നിയന്ത്രണം 48 മണിക്കൂര്‍ കൂടി നീട്ടിയിട്ടുണ്ട്.

ബുക്ക് ചെയ്ത ടിക്കറ്റുകള്‍ ഈ മാസം 21 വരെ മറ്റൊരു ദിവസത്തേക്ക് മാറ്റിയെടുക്കാം. റദ്ദാക്കുന്ന ടിക്കറ്റുകള്‍ക്ക് റീഫണ്ടും നല്‍കും.