Sat. Nov 23rd, 2024

ഹൈദരാബാദ്: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ ഡി) അന്വേഷണത്തിൽ ഭയന്ന് തെലുങ്കാനയിലെ രണ്ട് പ്രമുഖ കോൺഗ്രസ് നേതാക്കൾ.

തെലുങ്കാനയിലെ മുൻ എംപിയായ നിലവിലെ എംഎൽഎയും സിറ്റിംഗ് എംപിയുമാണ് വ്യത്യസ്ത രണ്ട് കേസുകളിൽ ഇ ഡി അന്വേഷണത്തെ ഭയക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്നും ഭാഗികമായി വിട്ടുനിൽക്കുകയാണിവർ.

നിയമസഭാ തിരഞ്ഞെടുപ്പിനിടെ എംഎൽഎയ്ക്കെതിരെ കേസെടുത്ത ഇ ഡി, അന്വേഷണത്തെ വേഗത്തിലാക്കിയെന്നാണ് റിപ്പോർട്ട്. എംഎൽഎയെ ചോദ്യം ചെയ്യുന്നതിനായി വിളിച്ച് വരുത്തി ഉടൻ നോട്ടീസ് അയക്കുമെന്നാണ് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തത്.

ഈ സാഹചര്യത്തിൽ എംഎൽഎ ബിജെപി നേതാവും അസം മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശർമയോട് സഹായത്തിനായി ബന്ധപ്പെട്ടെന്നാണ് റിപ്പോർട്ട്. എംഎൽഎ ബിജെപിയിൽ ഉണ്ടായിരുന്ന കാലം മുതലുള്ള ബന്ധമാണ് ഹിമന്ത ബിശ്വ ശർമയുമായി.

കേസ് ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെൻ്റ് ആക്ടിൻ്റെ (ഫെമ) പരിധിയിൽ വരാവുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് നിയമവിദഗ്ധർ എംഎൽഎയോട് നിർദേശിച്ചതായും പറയുന്നുണ്ട്.

അതേസമയം, ബിആർഎസിൽ നിന്ന് കോൺഗ്രസിലേക്ക് കൂറുമാറിയ സിറ്റിംഗ് എംപി വായ്പാ തട്ടിപ്പ് കേസിൽ ഉൾപ്പെട്ടതിൻ്റെ പേരിലാണ് ഇ ഡി നടപടിയിൽ ഭയക്കുന്നത്. സിറ്റിംഗ് എംപി പാർട്ടി വിട്ടതിന് ശേഷമാണ് ബിആർഎസ് നേതാക്കൾ കേന്ദ്ര ഏജൻസികൾക്ക് പരാതി നൽകിയത്. വായ്പാ തട്ടിപ്പ് കേസിൽ എംപി പ്രശ്‌നങ്ങൾ നേരിടുന്നതായും റിപ്പോർട്ടുണ്ട്.