Mon. Nov 25th, 2024

ന്യൂഡല്‍ഹി: പ്രമുഖ ബേബി ഫുഡ് നിര്‍മാതാക്കളായ നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന ഉത്പന്നങ്ങളിൽ ഉയര്‍ന്ന അളവില്‍ പഞ്ചസാര ചേര്‍ക്കുന്നതായി റിപ്പോര്‍ട്ട്. സ്വിസ് അന്വേഷണ ഏജന്‍സിയാണ് പബ്ലിക് ഐയുടെ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

അതേസമയം, ഇത്തരം ഉത്പന്നങ്ങള്‍ പഞ്ചസാര ഇല്ലാതെയാണ് യുകെ, ജര്‍മനി, സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നെസ്‌ലെ വിറ്റഴിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയടക്കമുള്ള താഴ്ന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണ് നെസ്‌ലെ ഇത്തരത്തില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ചേര്‍ത്ത് ബേബി ഫുഡ് വിപണനം ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കുഞ്ഞുങ്ങൾക്ക് നൽകുന്ന പാലിലും ധാന്യ ഉത്പന്നങ്ങളിലും ഉയർന്ന അളവിൽ പഞ്ചസാര ചേർക്കുന്നത് അമിതവണ്ണവും വിട്ടുമാറാത്ത രോഗങ്ങള്‍ക്കും കാരണമാകുമെന്നും ഇത് തടയാന്‍ ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര മാര്‍ഗ നിര്‍ദേശങ്ങളുടെ ലംഘനമാണ് നെസ്‌ലെയുടേതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2022 ല്‍ ഇന്ത്യയില്‍ നെസ്‌ലെയുടെ സെര്‍ലാക് ഉത്പന്നങ്ങളുടെ വിൽപന 20,000 കോടി രൂപയായിരുന്നു. ഒരു തവണ കുഞ്ഞിന് നൽകുന്ന ഭക്ഷണത്തിൽ ശരാശരി മൂന്ന് ഗ്രാം പഞ്ചസാര ചേര്‍ക്കുന്നതായാണ് കണക്ക്. ഇന്ത്യയില്‍ സെര്‍ലാകിന്റെ 15 ഓളം വരുന്ന ബേബി ഉത്പന്നങ്ങളിലും ശരാശരി മൂന്ന് ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്.

സമാനമായ രീതിയിൽ ബ്രസീലിലെ സെര്‍ലാക് ഉത്പന്നങ്ങളില്‍ മൂന്ന് ഗ്രാം പഞ്ചസാര ചേര്‍ത്തിട്ടുണ്ടെന്നും കണ്ടെത്തി. ദക്ഷിണാഫ്രിക്കയിൽ നാല് ഗ്രാമും അതിലധികവും പഞ്ചസാര സെര്‍ലാക് ഉത്പന്നത്തില്‍ നിന്നും കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നത്.

ഇന്ത്യോനേഷ്യയില്‍ നെസ്‌ലെയുടെ തന്നെ നിഡോയുടെ തേന്‍ രൂപത്തിലുള്ള ബേബി ഉത്പന്നത്തില്‍ 100 ഗ്രാമില്‍ രണ്ട് ഗ്രാം പഞ്ചസാരയുണ്ടെന്ന് കണ്ടെത്തി. എതോപ്യയിലും തായ്ലന്‍ഡിലും ഏകദേശം ആറ് ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ടെന്നും പഠനം പറയുന്നു.

അതേസമയം, ഫിലിപ്പീന്‍സില്‍ വില്‍ക്കുന്ന നെസ്‌ലയുടെ ബേബി ഉത്പന്നങ്ങളില്‍ പഞ്ചസാര കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.