Sun. Dec 22nd, 2024

കൊല്ലം: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തില്‍ എന്‍ഡിഎയ്ക്ക് മുന്‍തൂക്കമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളത്തിൽ ഇത്തവണ എന്‍ഡിഎ രണ്ടക്കം കടക്കുമെന്നും കൊല്ലം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാർത്ഥി കൃഷ്ണ കുമാറിനെ വിജയിപ്പിച്ചാൽ കേന്ദ്രമന്ത്രിയാക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

‘ഒന്നും ജയിക്കാതെ മോദി സര്‍ക്കാര്‍ കേരളത്തിന് രണ്ട് കേന്ദ്രമന്ത്രിമാരെ തന്നു. കേരളത്തിൽ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ വ്യാജ പ്രചരണം നടത്തുന്നുണ്ട്. ഇത്തരമൊരു കാര്യത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശാസിക്കുന്ന സ്ഥിതിയുണ്ടായി. എന്‍ഡിഎ മുന്നേറ്റത്തില്‍ എല്‍ഡിഎഫും യുഡിഎഫും വെപ്രാളത്തിലാണ്’ എന്നും കെ സുരേന്ദ്രൻ പറഞ്ഞു.

എൻഡിഎയുടെ തിരഞ്ഞെടുപ്പ് പത്രികയിൽ മോദി ഗ്യാരണ്ടി എന്താണെന്ന് വ്യക്തമാണെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു. കേരളത്തിലെ എംപിമാര്‍ ഫ്‌ളക്‌സ് ബോര്‍ഡ് എംപിമാര്‍ ആണെന്നും കെ സുരേന്ദ്രന്‍ പരിഹസിച്ചു. മോദി സര്‍ക്കാരിന്റെ പദ്ധതികള്‍ എംപിമാര്‍ സ്വന്തം പേരിലാക്കി ഫ്‌ളക്‌സ് ബോര്‍ഡ് വെച്ചുവെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്ഐ), പിണറായി വിജയൻ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) യെയും കൂട്ടുപിടിക്കുകയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.