Mon. Dec 23rd, 2024

കോഴിക്കോട്: 3000 കോടി കടമെടുക്കാൻ കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നൽകി. 5000 കോടി രൂപയായിരുന്നു കേരളം ആവശ്യപ്പെട്ടത്. എന്നാല്‍ 3000 കോടി രൂപ കടമെടുക്കാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ആദ്യമായാണ് സംസ്ഥാനം വായ്പാ പരിധിയില്‍ നിന്ന് മുന്‍കൂര്‍ കടമെടുക്കുന്നതിന് അനുമതി ചോദിച്ചത്.

ഈ വര്‍ഷം കേരളം 56583 കോടി കടമെടുത്തിട്ടുണ്ട്. അതില്‍ 37572 കോടി കടമെടുത്തത് പൊതുവിപണിയില്‍ നിന്നാണ്. അടുത്ത വര്‍ഷം കേരളത്തിന് കടമെടുക്കാന്‍ സാധിക്കുക 33597 കോടിയാണ്. ഇപ്പോള്‍ കേരളം കടമെടുക്കുന്നത് ഒരു മാസം 3642 കോടിയാണെന്നും കേന്ദ്രം വ്യക്തമാക്കി.

ഓരോ പാദത്തിലും കടമെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേകം അനുമതി നല്‍കിയാല്‍ മാത്രമേ റിസര്‍വ് ബാങ്ക് വഴിയുള്ള കടമെടുപ്പ് സാധ്യമാകൂ. ഇത് സംബന്ധിച്ച തീരുമാനം മെയ് മാസത്തിലാണ് കേന്ദ്രം പ്രഖ്യാപിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് മുന്‍കൂര്‍ കടമെടുക്കാനുള്ള അനുമതി സംസ്ഥാനം തേടിയത്.