Mon. Dec 23rd, 2024

പത്തനംതിട്ട: പത്തനംതിട്ടയിൽ അനിൽ ആന്റണി തോൽക്കണമെന്ന എ കെ ആന്റണിയുടെ പരാമർശങ്ങൾക്ക് മറുപടിയുമായി എ കെ ആന്റണിയുടെ മകനും പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാര്‍ത്ഥിയുമായ അനിൽ ആന്‍റണി. കുറച്ച് വർഷങ്ങളായി എ കെ ആന്റണി പറയുന്നത് ആരും വകവെക്കാറില്ലെന്ന് അനിൽ ആന്‍റണി പറഞ്ഞു.

പത്തനംതിട്ടയിൽ താൻ വിജയിക്കുമെന്നും കേന്ദ്രത്തിൽ നരേന്ദ്ര മോദി മൂന്നാമത് അധികാരത്തിലെത്തുമെന്നും അനിൽ ആന്‍റണി കൂട്ടിച്ചേർത്തു.

കോണ്‍ഗ്രസിലുള്ളത് കാലഹരണപ്പെട്ട നേതാക്കളാണെന്നും പിതാവിനോട് സഹതാപം മാത്രമാണുള്ളതെന്നും അനിൽ ആന്‍റണി പറഞ്ഞു. രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പ്രതിപക്ഷ സ്ഥാനം പോലും ലഭിക്കില്ലെന്ന് അനിൽ ആന്‍റണി പരിഹസിച്ചു.

കോൺഗ്രസ് നേതാക്കളുടെ മക്കൾ ബിജെപിക്കൊപ്പം ചേരുന്നത് തെറ്റാണെന്നും മക്കളെക്കുറിച്ച് അധികം പറയിക്കരുതെന്നും ആ ഭാഷ തനിക്ക് വശമില്ലെന്നുമാണ് എ കെ ആന്‍റണി പറഞ്ഞത്. പത്തനംതിട്ടയിൽ ആന്‍റോ ആന്‍റണി വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും അനിൽ ആന്റണി തോൽക്കണമെന്നും എ കെ ആന്‍റണി പറഞ്ഞിരുന്നു. കുടുംബം വേറെ രാഷ്ട്രീയം വേറെയാണെന്നും എ കെ ആന്‍റണി വ്യക്തമാക്കി.