Fri. Nov 22nd, 2024

കാലാവസ്ഥാ വ്യതിയാനത്തിനെതിരായ അവകാശം ഭരണഘടനയിലെ ഒരു പ്രത്യേക മൗലികാവകാശമാണെന്ന് സുപ്രീം കോടതി. ആർട്ടിക്കിൾ 14, ആർട്ടിക്കിൾ 21 എന്നിവയിൽ ഈ അവകാശങ്ങൾ അംഗീകരിക്കുന്നതായി സുപ്രീം കോടതി വ്യക്തമാക്കുന്നു. വംശനാശ ഭീക്ഷണി നേരിടുന്ന ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് സ്പീഷ്യസുകളുടെ അതിജീവനുമായി ബന്ധപ്പെട്ട കേസിലായിരുന്നു കോടതിയുടെ വിധി.

“കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതികൂല ഫലങ്ങൾക്കെതിരെ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. വർഷം തോറും കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന നാശം വർധിക്കുകയാണ്. ഇതൊരു പ്രത്യേക അവകാശമായി അംഗീകരിക്കേണ്ടതാവശ്യമാണ്. ആർട്ടിക്കിൾ 14 സമത്വത്തിനുള്ള അവകാശമായും ആർട്ടിക്കിൾ 21 ജീവിക്കാനുള്ള അവകാശവുമായും അംഗീകരിക്കുന്നു.”, സുപ്രീം കോടതി ഏപ്രിൽ ആറിന് പുറപ്പെടുവിച്ച വിധിയിൽ പറയുന്നു.

ശുദ്ധവും സുസ്ഥിരവുമായ പരിസ്ഥിതിയില്ലാതെ ജീവിക്കാനും സമത്വത്തിനുമുള്ള അവകാശങ്ങൾ പൂർണ്ണമായി യാഥാർത്ഥ്യമാക്കാൻ കഴിയില്ലെന്ന്, കാലാവസ്ഥാ വ്യതിയാനത്തിനെതിരായ അവകാശത്തെ ആർട്ടിക്കിൾ 21, ആർട്ടിക്കിൾ 14 എന്നിവയുമായി ബന്ധിപ്പിച്ച് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു.

ആരോഗ്യത്തിനുള്ള അവകാശം, തദ്ദേശീയ അവകാശം, ലിംഗ സമത്വം, വികസനത്തിനുള്ള അവകാശം തുടങ്ങിയ വിവിധ മനുഷ്യാവകാശങ്ങളും കാലാവസ്ഥാ വ്യതിയാനവും തമ്മിലുള്ള പരസ്പര ബന്ധവും കോടതി ചൂണ്ടിക്കാട്ടി.

“ആരോഗ്യകരമായ പരിസ്ഥിതിക്കുള്ള അവകാശത്തെ ലംഘിക്കുന്നത് ജീവിക്കാനുള്ള അവകാശം, വ്യക്തിഗത സത്യസന്ധത, ആരോഗ്യം, വെള്ളം, പാർപ്പിടം, വിവരങ്ങൾ, ആവിഷ്‌കാരം, കൂട്ടായ്മ, പങ്കാളിത്തം തുടങ്ങിയ അവകാശങ്ങളുടേയുംകൂടി ലംഘനമാണ്. വീട്ടുജോലികൾ, ശമ്പളമില്ലാത്ത പരിചരണ ജോലികൾ തുടങ്ങിയ ലിംഗപരമായ റോളുകൾ ചെയ്യുന്ന സ്ത്രീകളെയും പെൺകുട്ടികളെയും അസമമായ ഊർജ്ജത്തിന്റെ ലഭ്യത ബാധിക്കും.”, കോടതി ചൂണ്ടിക്കാട്ടി.

കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ദോഷങ്ങൾ തടയുന്നതിൽ സൗരോർജ്ജം വഹിക്കുന്ന പങ്ക് സുപ്രധാനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

മൂന്ന് പ്രശ്നങ്ങൾ കാരണം ഇന്ത്യ സൗരോർജ്ജത്തിലേക്ക് മാറേണ്ടതുണ്ട്. അടുത്ത രണ്ട് പതിറ്റാണ്ടിനുള്ളിൽ ആഗോള ഊർജ്ജ ആവശ്യകത വളർച്ചയുടെ 25% രാജ്യം വഹിക്കാൻ സാധ്യതയുണ്ട് എന്നതാണ് ആദ്യത്തെ കാരണം. രണ്ടാമത്തേത്, വ്യാപകമായ അന്തരീക്ഷ മലിനീകരണം ശുദ്ധമായ ഊർജ്ജ സ്രോതസ്സുകളുടെ ആവശ്യകതയെ വ്യക്തമാക്കുന്നു. ഭൂഗർഭ ജലനിരപ്പ് കുറയുന്നതും വാർഷിക മഴ കുറയുന്നതുമാണ് മൂന്നാമത്തെ കാരണം.

കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതികൂല ഫലങ്ങൾ തിരിച്ചറിഞ്ഞ അതിനെ ചെറുക്കാൻ പല സർക്കാർ നയങ്ങളും നിയമങ്ങളും ശ്രമിക്കാറുണ്ട്. കാലാവസ്ഥാ വ്യതിയാനവും അതിന്റെ ആശങ്കകളും സംബന്ധിച്ച് ഏകരൂപ നിയമമില്ല. എന്നിരുന്നാലും, വ്യതിയാനത്തിന്റെ പ്രതികൂല ഫലങ്ങൾക്കെതിരെ ഇന്ത്യയിലെ ജനങ്ങൾക്ക് അവകാശമില്ല എന്നല്ല ഇതുകൊണ്ടർത്ഥമാക്കുന്നത്.