Mon. Dec 23rd, 2024

വാട്‌സ്ആപ്പ് വഴി ലഭിക്കുന്ന തട്ടിപ്പ് കോളുകൾ ഒഴിവാക്കാൻ നിർദേശവുമായി കമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിന് കീഴിലുള്ള ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പ് (ഡിഒടി). ഉപഭോക്താക്കള്‍ക്ക് വാട്‌സ്ആപ്പ് കോളുകള്‍ വരുന്നത് ഡിഒടിയുടെ പേരിലാണെന്നും ആളുകള്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

സിബിഐയാണെന്ന് അവകാശപ്പെട്ടുള്ള തട്ടിപ്പ് കോളുകളാണ് ആളുകൾക്ക് ലഭിക്കുന്നത്. വാട്സ്ആപ്പ് കോളുകളും നേരിട്ടുള്ള ഫോണ്‍ കോളുകളും ആളുകൾക്ക് ലഭിക്കുന്നുണ്ട്.

പാകിസ്താൻ കോഡായ +92 വിലും മറ്റ് അന്താരാഷ്ട്ര കോഡുകളിലും തുടങ്ങുന്ന ഫോണ്‍ കോളുകള്‍ ഒഴിവാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഫോണ്‍ കോളുകളിലൂടെ വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിച്ച് സാമ്പത്തിക തട്ടിപ്പുകള്‍ നടത്താനാണ് തട്ടിപ്പുകാരുടെ ലക്ഷ്യമെന്ന് ടെലികോം മന്ത്രാലയം അറിയിച്ചു. ഇത്തരം കോളുകൾക്ക് ബാങ്ക് വിവരങ്ങൾ, ഒടിപി തുടങ്ങി ഒരു വിവരങ്ങളും പങ്കുവെക്കരുതെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

തട്ടിപ്പ് ഫോണ്‍ കോളുകള്‍ ലഭിച്ചാല്‍ സഞ്ചാര്‍ സാതി പോര്‍ട്ടലിലെ ചക്ഷു റിപ്പോര്‍ട്ട് സസ്‌പെക്ടഡ് ഫ്രോഡ് കമ്മ്യൂണിക്കേഷന്‍ എന്ന ഭാഗത്ത് റിപ്പോര്‍ട്ട് ചെയ്യണമെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ സൈബര്‍ കുറ്റകൃത്യം, സാമ്പത്തിക തട്ടിപ്പുകള്‍ എന്നിവ തടയാന്‍ സാധിക്കും.

സഞ്ചാര്‍ സാതി പോര്‍ട്ടലിലെ മൊബൈല്‍ കണക്ഷന്‍ അറിയാം എന്ന ഭാഗത്ത് നിന്നും നമ്മുടെ പേരിലുള്ള മൊബൈല്‍ കണക്ഷനുകള്‍ അറിയാനും സാധിക്കും. നമ്മൾ അറിയാതെ ഏതെങ്കിലും കണക്ഷന്‍ സ്വന്തം പേരിലുണ്ടെങ്കില്‍ അത് റിപ്പോര്‍ട്ട് ചെയ്യാനും ഇതിലൂടെ സാധ്യമാകും.