Mon. Dec 23rd, 2024

ബെംഗളുരു: നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ വേണ്ടി ദേവിക്ക് വഴിപാടായി രക്തം നൽകുന്നതിനിടയിൽ അബദ്ധത്തിൽ വിരൽ മുറിച്ചു. കർണ്ണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ കാർവാറിലെ സോനാർവാഡ സ്വദേശിയായ അരുൺ വെർണേക്കറാണ് വിരൽ മുറിച്ചത്. മൂന്നാം തവണയും നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയാക്കാൻ പ്രാർത്ഥിക്കുന്നതിനിടയിൽ കാളിക്ക് രക്തം അർപ്പിക്കുകയായിരുന്നു.

വെട്ടുകത്തി ഉപയോഗിച്ച് കയ്യുടെ അടിവശം മുറിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇടതു കയ്യിലെ ചൂണ്ടു വിരലിന്റെ മുൻഭാഗം മുറിയുകയായിരുന്നു. “എനിക്ക് കുറച്ച് രക്തം ആവശ്യമുണ്ടായിരുന്നു. പക്ഷേ വെട്ടുകത്തിയുടെ മൂർച്ച ഞാൻ വിചാരിച്ചതിലും കൂടുതലായിരുന്നു. ഞാൻ എൻ്റെ വിരലിൻ്റെ ഒരു ഭാഗം മുറിച്ചുമാറ്റി. ഇപ്പോൾ ഞാൻ അത് ദേവിക്കുള്ള വഴിപാടായി കണക്കാക്കുന്നു.”, അരുൺ വെർണേക്കർ കാർവാറിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പരിക്ക് പറ്റിയതിന് ശേഷവും വിരൽ കയ്യിൽ തൂങ്ങി കിടക്കുകയായിരുന്നു. അതിനിടയിൽ രക്തം ശേഖരിച്ച് ‘മാ കാളി മാ മോദി ബാബ കാ രക്ഷാ കരോ’ (കാളി മാതാവേ മോദി ബാബയെ സംരക്ഷിക്കൂ) എന്നെഴുതി. ഇയാളെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിരൽ ശരിയാക്കാൻ കഴിയില്ലെന്നും മുഴുവനായും മുറിക്കണമെന്നും ഡോക്ടർമാർ പറഞ്ഞു.

ഇയാൾ നരേന്ദ്ര മോദിയുടെ കടുത്ത ആരാധകനാണ്. വീട്ടിൽ മോദിക്കായി ഒരു ചെറിയ ക്ഷേത്രം പണിയുകയും ക്ഷേത്രത്തിൽ പ്രധാനമന്ത്രിയുടെ പ്രതിമ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. “മോദി ഭാരത മാതാവിൻ്റെ പൂജാരിയാണെങ്കിൽ, ഞാൻ മോദിയുടെ പൂജാരിയാണ്” എന്നെഴുതിയ ഫലകവും പ്രതിമയുടെ താഴെയുണ്ട്.

2014 ൽ മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിയുടെ ആദ്യ തിരഞ്ഞെടുപ്പിൽ അരുൺ വെർണേക്കർ പൊതുജനങ്ങൾക്ക് രക്തത്തിൽ കത്തെഴുതിയിരുന്നു.