Sun. Dec 22nd, 2024

 

 

ചണ്ഡീഗഡ്: പഞ്ചാബില്‍ വരന്റെ മാതാവിനെ അര്‍ദ്ധ നഗ്‌നയാക്കി നടത്തിച്ച് വധുവിന്റെ വീട്ടുകാര്‍. തരണ്‍ തരണിയിലെ വല്‍തോഹ ഗ്രാമത്തിലാണ് സംഭവം. മാതാപിതാക്കളുടെ സമ്മതമില്ലാതെ പെണ്‍കുട്ടിയെ വിവാഹം ചെയ്ത യുവാവിന്റെ അമ്മയെ അര്‍ദ്ധ നഗ്‌നയാക്കി നടത്തിക്കുകയായിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ പൊലീസ് അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു. കുല്‍വിന്ദര്‍ കൗര്‍ മണി, ശരണ്‍ജിത് സിംഗ് ഷാനി, ഗുര്‍ചരണ്‍ സിംഗ് എന്നീ മൂന്ന് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

മാര്‍ച്ച് 31 നാണ് 55 കാരിയായ ഇരയുടെ മകന്റെ വിവാഹം നടന്നത്. തുടര്‍ന്ന് വധുവിന്റെ ബന്ധുക്കള്‍ അന്വേഷിച്ചുവന്നപ്പോള്‍ ഇരയായ സ്ത്രീ തനിച്ചായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്.

തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ബലമായി വീട്ടില്‍ കയറി ശാരീരികമായി ഉപദ്രവിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറി ഗ്രാമത്തിലെ തെരുവുകളിലൂടെ അര്‍ദ്ധ നഗ്‌നയാക്കി പരേഡ് ചെയ്യിപ്പിക്കുകയുമായിരുന്നുവെന്ന് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഏപ്രില്‍ മൂന്നിന് നല്‍കിയ പരാതി പ്രകാരം ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354, 354 ബി, 354 ഡി, 323, 149 എന്നിവയുള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.