Fri. May 3rd, 2024

കൊളംബോ: കച്ചത്തീവുമായി ബന്ധപ്പെട്ട തര്‍ക്കം 50 വര്‍ഷം മുമ്പ് പരിഹരിച്ചതാണെന്ന് ശ്രീലങ്കൻ വിദേശകാര്യ മന്ത്രി അലി സാബ്രി. കച്ചത്തീവ് ദ്വീപ് വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയില്‍ ശ്രീലങ്ക ഔദ്യോഗികമായി പ്രതികരിക്കുകയായിരുന്നു. കച്ചത്തീവ് വിഷയത്തില്‍ ശ്രീലങ്കയിലെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പ്രതികരിക്കുകയായിരുന്നു അലി സാബ്രി.

കച്ചത്തീവുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിച്ചതാണെന്നും അത് പുനപ്പരിശോധിക്കേണ്ട ആവശ്യമില്ലെന്നും അലി സാബ്രി പറഞ്ഞു. “ആരാണ് ഉത്തരവാദികള്‍ എന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ മാത്രമാണ് ഇന്ത്യയില്‍ നടന്നത്. ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയവുമായി ബന്ധപ്പെട്ട ചര്‍ച്ച മാത്രമാണ് അത്. അല്ലാതെ കച്ചത്തീവിന് മേല്‍ ആരും അവകാശവാദം ഉന്നയിച്ചിട്ടില്ല.”, അലി സാബ്രി വ്യക്തമാക്കി.

ശ്രീലങ്കന്‍ മാധ്യമങ്ങള്‍ കച്ചത്തീവ് വിഷയത്തില്‍ ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിമര്‍ശിച്ച് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

1974 ൽ കച്ചത്തീവ് ദ്വീപില്‍ ശ്രീലങ്കയുടെ അവകാശം അംഗീകരിക്കാന്‍ പോകുന്നതായി തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന എം കരുണാനിധിയെ വിദേശകാര്യ സെക്രട്ടറി അറിയിച്ചെന്ന റിപ്പോര്‍ട്ടാണ് നരേന്ദ്ര മോദിയും ബിജെപിയും പ്രചരണത്തിൽ ഉന്നയിച്ചിരുന്നത്.