Tue. May 7th, 2024

സ്‌റ്റോക്‌ഹോം: പരസ്യമായി വിശുദ്ധ ഖുർആൻ കത്തിച്ച് കുപ്രസിദ്ധി നേടിയ ഇറാഖി അഭയാർത്ഥി സൽവാൻ മോമിക നോർവേയിൽ മരിച്ച നിലയിൽ. റേഡിയോ ജനീവയാണ് 37 കാരനായ സൽവാൻ മോമികയുടെ മരണം റിപ്പോർട്ട് ചെയ്തത്. മരണത്തിന്റെ കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് റേഡിയോ ജെനോവ എക്‌സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

‘ഇസ്ലാം വിമർശകനും ഇറാഖി അഭയാർത്ഥിയുമായ സൽവാൻ സബാഹ് മാറ്റി മോമികയുടെ ജീവനറ്റ ശരീരം നോർവേയിൽ കണ്ടെത്തി. സ്വീഡനിൽ പരസ്യമായ ഖുർആൻ കത്തിക്കൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ച് അറിയപ്പെട്ട ആളായിരുന്നു മോമിക.’, റേഡിയോ ജനീവ എക്‌സിൽ കുറിച്ചു.

2023 ഈദ് ദിനത്തിൽ പരസ്യമായി ഖുർആൻ കത്തിച്ചും ചവിട്ടിയും മോമിക വാർത്തകളിൽ ഇടംപിടിച്ചിരുന്നു. സ്റ്റോക്ക്ഹോമിലെ ഏറ്റവും വലിയ പള്ളിക്ക് മുന്നിൽ നിന്നായിരുന്നു മോമിക ഖുറാൻ കത്തിച്ചിരുന്നത്. സ്വീഡനിലായിരുന്ന മോമിക അടുത്തിടെ നോർവേയിലേക്ക് താമസം മാറിയിരുന്നു.

‘നോർവീജിയൻ അധികൃതരുടെ സംരക്ഷണയിൽ ഞാൻ സ്വീഡൻ വിട്ട് നോർവേയിലെത്തി. അന്താരാഷ്ട്ര നിയമ പ്രകാരം അഭയത്തിന് അനുമതി തേടിയിട്ടുണ്ട്. ചിന്തകരെയും തത്വചിന്തകരെയും സ്വീകരിക്കാത്ത സ്ഥലമാണ് സ്വീഡൻ. അവർ തീവ്രവാദികൾക്ക് മാത്രമേ അഭയം നൽകുന്നുള്ളൂ. സ്വീഡനിലെ ജനങ്ങളോടുള്ള എന്റെ സ്‌നേഹവും ആദരവും തുടരും. അധികൃതരിൽ നിന്നാണ് പീഡനങ്ങൾ ഏൽക്കേണ്ടി വന്നത്. ഇസ്‌ലാമിക തത്വശാസ്ത്രങ്ങൾക്കെതിരെയുള്ള എന്റെ പോരാട്ടം തുടരും. എന്തുവില കൊടുത്തും ഞാനതിന് സന്നദ്ധമാണ്’ – സൽവാൻ മോമിക നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.