Fri. Nov 22nd, 2024

ജയ്പ്പൂർ: പൗരത്വ ഭേഗഗതി നിയമ (സിഎഎ) പ്രകാരം പൗരത്വത്തിന് അപേക്ഷിക്കാനുള്ളവർക്ക് സാക്ഷ്യപത്രം വിതരണം ചെയ്ത് ആർഎസ്എസ് സംഘടന. രാജസ്ഥാനിലാണ് സംഘ്പരിവാർ പ്രാദേശിക സംഘടനയായ സീമാജൻ കല്യാൺ സമിതി ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാൻ പാകിസ്താനിൽ നിന്നുള്ള ഹിന്ദു കുടുംബങ്ങൾക്ക് യോഗ്യതാ സർട്ടിഫിക്കറ്റുകൾ നൽകിയത്. ‘ദി ഹിന്ദു’ ആണ് റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്.

പൂജാരിമാർക്ക് മതം സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റുകൾ നൽകാമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയതിനു പിന്നാലെയാണ് ആർഎസ്എസ് സംഘടനയായ സീമാജൻ കല്യാൺ സമിതിയുടെ നേതൃത്വത്തിലെ സർട്ടിഫിക്കറ്റ് വിതരണം. രാജസ്ഥാനിലെ പാകിസ്താൻ അതിർത്തി പ്രദേശങ്ങളായ ജൈസാൽമീർ, ബാർമർ, ജോധ്പൂർ എന്നിവിടങ്ങളിൽ സംഘടനയുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

നിലവിൽ സിഎഎ പോർട്ടൽ വഴി 330 ഓളം പേർ പൗരത്വത്തിനായി അപേക്ഷ സമർപ്പിച്ചെന്ന് സീമാജൻ കല്യാൺ സമിതി നേതാക്കൾ അറിയിച്ചിരിക്കുന്നത്. സൗജന്യ പൗരത്വ അപേക്ഷാ ക്യാമ്പ് എന്ന പേരിലാണ് വിവിധ സ്ഥലങ്ങളിലായി ഹെൽപ്പ് ഡെസ്‌ക് പ്രവർത്തിക്കുന്നത്.

പ്രാദേശികമായി അംഗീകരിക്കപ്പെടുന്ന ഒരു സമുദായ സംഘടന സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റ് പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കുമ്പോൾ അപ്ലോഡ് ചെയ്യണം. സത്യവാങ്മൂലം, മറ്റു രേഖകൾ എന്നിവക്കൊപ്പമാണ് ഇതും സമർപ്പിക്കേണ്ടത്. ഈ സാക്ഷ്യപത്രമാണ് ആർഎസ്എസിന്‍റെ നേതൃത്വത്തിൽ നൽകുന്നത്.

സംഘടന രജിസ്റ്റർ ചെയ്തതുകൊണ്ട് സർട്ടിഫിക്കറ്റ് നൽകാനുള്ള അധികാരമുണ്ടെന്നാണ് അഭിഭാഷകനും സമിതി അംഗവുമായ വിക്രം സിങ് രാജ്പുരോഹിത് വ്യക്തമാക്കിയത്. ഒരു സമുദായ സംഘടനയായത് കൊണ്ടാണ് സംഘടനാ ഭാരവാഹികളിലൊരാളായ ത്രിഭുവൻ സിങ് റാത്തോഡ് സാക്ഷ്യപത്രത്തിൽ ഒപ്പിടുന്നതെന്നും വിക്രം സിങ് രാജ്പുരോഹിത് പറഞ്ഞു.