Thu. May 2nd, 2024

2019 ല്‍ മഞ്ചേശ്വരത്ത് കരീം മൗലവിയെ കൊല്ലാന്‍ ശ്രമിച്ചു. ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ ജനുവരി മൂന്നിന് സംഘപരിവാര്‍ നടത്തിയ ഹര്‍ത്താലിനിടെയാണ് കരീം മൗലവിക്കെതിരെ ആക്രമണം നടക്കുന്നത്

 

199 2 ല്‍ ബാബറി മസ്ജിദ് സംഘപരിവാര്‍ തകര്‍ത്തതിന് ശേഷം സമാധാനം നഷ്ടപ്പെട്ട, എന്നും അരക്ഷിതാവസ്ഥയുള്ള, വര്‍ഗീയ സംഘര്‍ഷങ്ങള്‍ നിറഞ്ഞ പ്രദേശമാണ് കാസര്‍ഗോഡ്. മതപരമായ വിഭജനത്തിന്റെ ഇരുണ്ട വശങ്ങള്‍ പേറുന്ന കാസര്‍ഗോഡില്‍ റിയാസ് മൗലവിയെ പോലെ നിരവധി ആളുകളാണ് കൊലചെയ്യപ്പെട്ടിട്ടുള്ളത്.

സദാചാര പോലീസിംഗ്, കലാപങ്ങള്‍, കൊലപാതകങ്ങള്‍ എല്ലാം കാസര്‍ഗോഡ് സംഭവിക്കുന്നത് മതസ്പര്‍ദ്ദയുണ്ടാക്കാനാണ്. കാസര്‍ഗോഡിന്റെ വിവിധ പ്രദേശങ്ങളില്‍ പ്രകടമായി തന്നെ ഹിന്ദു-മുസ്ലിം വിഭജനം കാണാം.

കാസര്‍കോട് മുനിസിപ്പാലിറ്റിയിലെ കറന്തക്കാട്, കുഡ്ലു, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ പെര്‍മുദെ, എന്‍മാക്ക്, കടമ്പാര്‍ എന്നിവിടങ്ങള്‍ ഹിന്ദു ഭൂരിപക്ഷ മേഖലകളാണ്. കാസര്‍കോട് മുനിസിപ്പാലിറ്റിയിലെ തളങ്കര, തായലങ്ങാടി, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ ഉപ്പളയും ബണ്ടിയോടും മുസ്ലീം മേഖലകളായി അറിയപ്പെടുന്നു. ഹിന്ദു-മുസ്ലിം വിഭജനത്തിന്റെ ഉദാഹരമാണ് ഈ പ്രദേശങ്ങള്‍.

ബാബരി മസ്ജിദ് Screen grab @ Copyright The Telegraph

ബാബറി മസ്ജിദാനന്തരം ഇത്രയും സെന്‍സിറ്റീവായ കാസര്‍ഗോഡ് ബിജെപി നിരവധി തവണ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് ശ്രമിച്ചിട്ടുണ്ട്. അതില്‍ അവസാനത്തെ ഏറ്റവും വലിയ ശ്രമം റിയാസ് മൗലവിയുടെ കൊലപാതകം തന്നെയാണ്. 2017 മാര്‍ച്ച് 20 ന് പഴയ ചൂരിയിലെ മദ്രസാ അധ്യാപകനായിരുന്ന റിയാസ് മൗലവിയെ രാത്രി പള്ളിയില്‍ കയറിയാണ് മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടികൊലപ്പെടുത്തുന്നത്.

മാര്‍ച്ച് 23 നു തന്നെ പോലീസ് പ്രതികളെ അറസ്റ്റു ചെയ്തു. പൊലീസിന്റെ ഈ ഇടപെടല്‍ ഒരു വര്‍ഗീയ കലാപത്തിന് കോപ്പുകൂട്ടിയ ആര്‍എസ്എസുകാര്‍ക്ക് ഏറ്റ പ്രഹരമായിരുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പെട്ടെന്നുള്ള ഒരു പ്രകോപനത്തില്‍ വീഴാതെ പഴയ ചൂരിയിലെ ജനം സംനയനം പാലിച്ചതുകൊണ്ട് കൂടിയാണ് അന്ന് അതൊരു വര്‍ഗീയ കലാപമായി രൂപാന്തരപ്പെട്ടുപോകാതിരുന്നത്.

സംഭവം നടന്ന് തൊട്ടടുത്ത ദിവസം കണ്ണൂര്‍ ക്രൈം ബ്രാഞ്ച് എസ് പി ഡോ. ശ്രീനിവാസന്‍ ഐ പി എസ് നേതൃത്വം നല്‍കുന്ന സ്പഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ സര്‍ക്കാര്‍ നിയമിച്ചു. കേസില്‍ 2019ലാണ് വിചാരണ ആരംഭിച്ചത്. 97 സാക്ഷികളെ വിസ്തരിച്ചു. 215 രേഖകളും 45 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ സമര്‍പ്പിച്ചു.

റിയാസ് മൗലവിയുടെ വിധവ സൈദയുടെ രേഖാ മൂലമുള്ള ആവശ്യ പ്രകാരം കോഴിക്കോട് ബാറിലെ മുതിര്‍ന്ന അഭിഭാഷകനും കേരളത്തിലെ മികച്ച ക്രിമിനല്‍ അഭിഭാഷകരില്‍ ഒരാളുമായ അഡ്വ. അശോകനെ സ്പഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചു. അറസ്റ്റു കഴിഞ്ഞ് 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ ടീമിന് കഴിഞ്ഞു.

പ്രതികള്‍ക്കെതിരെ ഐപിസി സെക്ഷന്‍ 449 (വീട്ടില്‍ അതിക്രമിച്ചു കടക്കല്‍), 302 (കൊലപാതകം), 153 എ (മതത്തിന്റെ അടിസ്ഥാനത്തില്‍ ശത്രുത വളര്‍ത്തല്‍), 295 (ആരാധനാലയം അശുദ്ധമാക്കല്‍), 201 (തെളിവ് നശിപ്പിക്കല്‍) തുടങ്ങിയ വകുപ്പുകളാണ് കുറ്റപത്രത്തില്‍ ചുമത്തിയിരുന്നത്. 2019 ലാണ് വിചാരണ നടപടികള്‍ തുടങ്ങുന്നത്.

ഇതിനിടെ അഡ്വ. അശോകന്‍ മരണപ്പെട്ടു. ഇതോടെ അഡ്വ. അശോകന്റെ ജൂനിയര്‍ അഡ്വ. ടി ഷാജിതിനെ പ്രോസിക്യൂട്ടറായി നിയമിച്ചു. ഇതിനിടെ പ്രതികള്‍ക്കെതിരെ യു എ പി എ ചേര്‍ക്കണമെന്ന അപേക്ഷ ജില്ലാ കോടതി നിരസിച്ചു. ഒടുവില്‍ ഏഴു വര്‍ഷത്തെ വിചാരണക്കൊടുവില്‍ ജില്ലാ ജഡ്ജി എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി.

കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. പോലീസ് നിലവാരമില്ലാത്ത അന്വേഷണമാണ് നടത്തിയതെന്നും വിധിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഏഴു വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും ജാമ്യം കിട്ടാതെ ജയിലില്‍ തുടര്‍ന്ന പ്രതികള്‍ക്ക് തക്കദായ ശിക്ഷ ലഭിക്കും എന്ന് തന്നെയാണ് സൈദയടക്കമുള്ളവര്‍ പ്രതീക്ഷിച്ചിരുന്നത്.

കൊല്ലപ്പെട്ട റിയാസ് മൗലവിയും പ്രതികളായ ആര്‍എസ്എസ് പ്രവര്‍ത്തകരും Screen grab @ Copyright Madhyamam

എന്നാല്‍ ആ പ്രതീക്ഷകളെ കോടതി ഒറ്റവരിയില്‍ തകര്‍ത്തു. വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ പോകുമെന്ന് പാഞ്ഞിട്ടുണ്ടെങ്കിലും പ്രോസിക്യൂഷനും പൊലീസും ഒത്തുകളിച്ചതായി പ്രതിപക്ഷ സംഘടനകളും ചില മത സംഘടനകളും ആരോപിക്കുന്നുണ്ട്.

റിയാസ് മൗലവി കൊലചെയ്യപ്പെടുന്നതിന് മുമ്പ് വരെയുള്ള ഒമ്പത് വര്‍ഷങ്ങളില്‍ കാസര്‍ഗോഡ് പോലീസ് സ്റ്റേഷന്റ പരിധിയില്‍ മാത്രം അഞ്ചു മുസ്ലിങ്ങളെ സംഘപരിവാര്‍ കൊലപ്പെടുത്തിയിട്ടുണ്ട്.

2008 ല്‍ മുഹമ്മദ് സിനാന്‍ (22), ചൂരിയിലെ മുഹമ്മദ് ( 56), 2011 ല്‍ ചൂരിയില്‍ കൊല്ലപ്പെട്ട റിഷാദ് (24), 2013 ല്‍ മീപ്പുഗിരിയിലെ സാബിത് (19), 2014 ല്‍ തളങ്കര നുസ്രത്ത് നഗറിലെ സൈനുല്‍ ആബിദ് (22) എന്നിവരാണ് മത വിദ്വേഷത്തിന്റെ പേരില്‍ കൊല്ലപ്പെട്ടത്.

കൂടാതെ 2015ല്‍ ബേക്കലില്‍ ഒന്‍പത് വയസ്സുള്ള ഫഹദിനെ കൊലപ്പെടുത്തി. കല്യോട്ടിന് സമീപത്തെ ചാന്തന്‍മുള്ളില്‍ വച്ച് സഹോദരിക്കൊപ്പം സ്‌കൂളിലേക്ക് പോവുകയായിരുന്ന ഫഹദിനെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ കൂടിയായിരുന്ന ഫഹദിനു കാലിനു സ്വാധീനക്കുറവുണ്ടായിരുന്നു.

2018 ല്‍ സോങ്കാൽ സ്വദേശി അബൂബക്കർ സിദ്ദീഖിനെ വ്യാജമദ്യ വിൽപ്പന എതിർത്തതിന്റെ പേരിൽ ബിജെപി പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തി.

2019 ല്‍ മഞ്ചേശ്വരത്ത് കരീം മൗലവിയെ കൊല്ലാന്‍ ശ്രമിച്ചു. ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ ജനുവരി മൂന്നിന് സംഘപരിവാര്‍ നടത്തിയ ഹര്‍ത്താലിനിടെയാണ് കരീം മൗലവിക്കെതിരെ ആക്രമണം നടക്കുന്നത്.

യത്ഥാര്‍തത്തില്‍ കാസര്‍ഗോഡുള്ള ന്യൂനപക്ഷങ്ങളെ നിരന്തരം അരക്ഷിതാവാസ്ഥയില്‍ നിര്‍ത്തുന്നതാണ് ഓരോ കൊലപാതകവും. കൊലപാതകങ്ങള്‍ വര്‍ഗീയ സംഘര്‍ഷങ്ങളായി രൂപാന്തരം പ്രാപിക്കാതിരുന്നതില്‍ മുസ്ലീംങ്ങളുടെ വിവേകപൂര്‍ണമായ മൗനത്തിന് വലിയൊരു പങ്കുണ്ട്.

2007 മുതല്‍ 2017 വരെ  469 സംഘർഷങ്ങളാണ് കാസര്‍ഗോഡ്‌ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 125 കേസുകളിലെ എല്ലാ പ്രതികളെയും വെറുതെ വിട്ടു.

കൊല്ലപ്പെട്ട ഫഹദും ആര്‍എസ്എസ് പ്രവര്‍ത്തകനും Screen grab @ Copyright @Mediaone

സാമ്പത്തിക പിന്നാക്കാവസ്ഥയും വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥയും മതനിരപേക്ഷ ശക്തികളുടെ അഭാവവും അടക്കമുള്ള ഘടകങ്ങളാണ് കാസര്‍കോഡിലെ മത ധ്രുവീകരണത്തിന് കാരണമായി പലരും ചൂണ്ടിക്കാണിക്കുന്നത്. കേരളത്തിന് സാംസ്‌കാരികവും രാഷ്ട്രീയവുമായ സ്വഭാവം നല്‍കിയ നവോത്ഥാന പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനം കാസര്‍ഗോഡില്‍ ഇല്ലാതിരുന്നതും മതധ്രുവീകരണത്തിന്റെ ചരിത്രപരമായ വസ്തുതയാണ്.

കാസര്‍ഗോഡിന്റെ വടക്കന്‍ പ്രദേശം കേരളത്തിലെ മറ്റ് ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി ദേശീയ പ്രസ്ഥാനത്തില്‍ വലിയ പങ്ക് വഹിച്ചിട്ടില്ല. ബഹുജന പ്രസ്ഥാനങ്ങളുടെ അഭാവവും രാഷ്ട്രീയവല്‍ക്കരണത്തിന്റെ അഭാവവും കാരണം ഇവിടുത്തെ ജനങ്ങളുടെ ജീവിതം മതത്തെ ചുറ്റിപ്പറ്റിയാണ് എന്നാണ് ചരിത്രകാരനും അക്കാദമിക് വിദഗ്ധനുമായ സി ബാലന്‍ ന്യൂസ് മിനിറ്റിനോട് പറഞ്ഞത്. ഇക്കാരണം കൊണ്ടുതന്നെ പോപ്പുലര്‍ഫ്രണ്ട്, എസ്ഡിപിഐ അടക്കമുള്ള റാഡിക്കല്‍ സംഘടനയുടെ വളര്‍ച്ചയ്ക്കും ഈ മണ്ണ് കാരണമായിട്ടുണ്ട്.

വിദ്യാഭ്യാസം നേടിയ പുതിയ തലമുറയിലൂടെ കാസര്‍ഗോഡില്‍ മാറ്റങ്ങള്‍ വന്നുതുടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ദിവസം ഓരോ വര്‍ഷവും കാസര്‍ഗോഡ് നിലനിന്നിരുന്ന അപ്രഖ്യാപിത ഹര്‍ത്താല്‍ ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അപ്രത്യക്ഷമായത്. അതുകൊണ്ടാണ് റിയാസ് മൗലവിയുടെ കൊലപാതകത്തില്‍ ഒരു പ്രത്യാക്രമണം ഉണ്ടാകാതിരുന്നത്.

FAQs

എന്താണ് ആര്‍എസ്എസ്?

വലതുപക്ഷ ഹിന്ദു ദേശീയവാദ സംഘടനയാണ് ആര്‍എസ്എസ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന രാഷ്ട്രീയ സ്വയംസേവക സംഘം. 1925ലെ വിജയദശമി ദിവസത്തിൽ നാഗ്പൂരിലെ മോഹിദെവാഡ എന്ന സ്ഥലത്താണ് ആര്‍എസ്എസ് സ്ഥാപിക്കപ്പെട്ടത്‌. കേശവ ബലിറാം ഹെഡ്ഗേവാർ എന്ന നാഗ്പൂർ സ്വദേശിയായ ഡോക്ടറാണ്‌ ആര്‍എസ്എസിന്റെ സ്ഥാപകൻ.

എന്താണ് മതം?

ഒരു തത്ത്വസംഹിതയിലോ ഒരു ആചാര്യന്റെ പഠനങ്ങളിലോ പ്രവാചകന്റെ വചനങ്ങളിലോ വിശ്വസിക്കുന്ന ആളുകൾ പിന്തുടരുന്ന ആചാരങ്ങൾ, ജീവിതക്രമങ്ങൾ, ആരാധനാ രീതികൾ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് മതം. ഒരു മനുഷ്യസമൂഹം അനുഷ്ടിക്കുന്ന വിശ്വാസങ്ങളേയും ആചാരങ്ങളേയുമാണ് അവരുടെ മതം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്.

Quotes

“മനുഷ്യർ മർത്യരാണ്. ആശയങ്ങളും അങ്ങനെ തന്നെ. ഒരു ചെടിക്ക് നനവ് ആവശ്യമുള്ളതുപോലെ ഒരു ആശയത്തിന് പ്രചരണം ആവശ്യമാണ്. അല്ലെങ്കിൽ രണ്ടും വാടി മരിക്കും- ഡോ. ബിആർ അംബേദ്കർ

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.