Fri. Dec 27th, 2024

മുംബൈ: മുംബൈ ഇന്ത്യൻസ് – സൺറൈസേഴ്സ് ഹൈദരാബാദ് ഐപിഎൽ ക്രിക്കറ്റ് മത്സരം കാണുന്നതിനിടെയുണ്ടായ സംഘർഷത്തിൽ പരിക്കേറ്റയാൾ മരിച്ചു. മഹാരാഷ്ട്രയിലെ കോലാപൂരിൽ മാർച്ച് 27 നാണ് സംഭവം നടന്നത്. അറുപത്തിമൂന്നുകാരനായ ഹൻമന്ത്വാഡി സ്വദേശി ബന്ദോപന്ത് തിബിലിയാണ് ചികിത്സയിലിരിക്കെ മരിച്ചത്.

ചെന്നൈ സൂപ്പർ കിങ്സിന്‍റെ ആരാധകനായിരുന്നു തിബിലി. മുംബൈ – ഹൈദരാബാദ് മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 277 റൺസ് അടിച്ച് റെക്കോഡിട്ടിരുന്നു. മുംബൈ ഇന്ത്യൻസ് താരം രോഹിത് ശർമ്മ 26 റൺസെടുത്ത് പുറത്തായപ്പോൾ മുംബൈയെ വിജയിക്കുമോയെന്ന് തിബിലി സംശയം പ്രകടിപ്പിക്കുകയും ചെന്നൈയെ പുകഴ്ത്തി സംസാരിക്കുകയും ചെയ്തു. തുടർന്ന് മുംബൈ ആരാധകരായ ബൽവന്ത് മഹാദേവ് ജാൻജ്‌ഗെ, സാഗർ സദാശിവ് ജാൻജ്‌ഗെ എന്നിവർ തിബിലിയുമായി തർക്കത്തിലാവുകയും മർദ്ദിക്കുകയും ചെയ്തു.

ബൽവന്ത് മഹാദേവ് ജാൻജ്‌ഗെയും സാഗർ സദാശിവ് ജാൻജ്‌ഗെയും മദ്യലഹരിയിലായിരുന്നു. തിബിലിയെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് ദിവസത്തെ ചികിത്സക്ക് ശേഷം തിബിലി മരണപ്പെടുകയായിരുന്നു. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.