Mon. Dec 23rd, 2024

ന്യൂഡല്‍ഹി: ഡൽഹി ഗതാഗത മന്ത്രിയും എഎപി നേതാവുമായ കൈലാഷ് ഗഹ്‌ലോതിന് സമന്‍സ് അയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി). മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഇ ഡി കൈലാഷ് ഗഹ്‌ലോതിന് സമൻസ് അയച്ചത്. ചോദ്യം ചെയ്യുന്നതിനായി കൈലാഷ് ഗഹ്‌ലോതിനോട് ഇന്ന് ഹാജരാകാനാണ് ഇ ഡി ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

മാർച്ച് 21 ന് ഇതേ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കൈലാഷ് ഗഹ്‌ലോതിനും സമന്‍സ് അയച്ചിരിക്കുന്നത്. ആദ്യമായാണ് ഇ ഡി കൈലാഷിന് സമന്‍സ് അയക്കുന്നത്.

ഡല്‍ഹി സര്‍ക്കാര്‍ 2021 – 22 കാലത്തേക്ക് രൂപീകരിക്കുകയും പിന്നീട് റദ്ദാക്കുകയും ചെയ്ത മദ്യനയത്തിന്റെ കരട് തയ്യാറാക്കിയ സമതിയിലെ അംഗമായിരുന്നു കൈലാഷ് ഗഹ്‌ലോത്. ഡല്‍ഹിയിലെ നജഫ്ഗഢില്‍നിന്നുള്ള എംഎല്‍എയാണ് കൈലാഷ്.