Sun. Dec 22nd, 2024

ഗാസയിൽ നിന്നും ദിവസവും വന്നുകൊണ്ടിരിക്കുന്ന മരണത്തിൻ്റെ കണക്കുകൾ ഗാസയിലെ ഭയാനക അന്തരീക്ഷം എത്രത്തോളമാണെന്ന് വെളിപ്പെടുത്തുന്നതാണ്. ഏകദേശം 32000 പേർ ഇതിനോടകം ഗാസയിൽ മരിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. അതിൽ പകുതിയും കുട്ടികളാണ്. ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട് പ്രകാരം 1.9 മില്ല്യൺ ജനങ്ങൾക്ക് ഗാസയിൽ നിന്നും പലായനം ചെയ്യേണ്ടി വന്നു. ജനസംഖ്യയുടെ 75 ശതമാനവും പട്ടിണിയിലാണ്. കടുത്ത പട്ടിണിമൂലവും പോഷകഹാരക്കുറവ് മൂലവും നിരവധി കുട്ടികൾ മരിക്കുന്നുണ്ടെന്നാണ് യുണിസെഫിൻ്റെ റിപ്പോർട്ടിൽ പറയുന്നത്.

80 ശതമാനത്തിലധികം ആരോഗ്യസ്ഥാപനങ്ങളാണ് ഇസ്രായേൽ നടത്തിയ കൂട്ടക്കുരുതിയിൽ തകർന്നത്. 400 ലധികം ആരോഗ്യ പ്രവർത്തകരും 100 ലധികം മാധ്യമപ്രവർത്തകരും കൊല്ലപ്പെട്ടു. 

‘യുക്രൈനിലെ യുദ്ധത്തിനെതിരെ രാജ്യങ്ങളെല്ലാം ഒറ്റക്കെട്ടായി നിൽക്കുകയും അവിടെ നടക്കുന്ന അനീതിക്കെതിരെ ശബ്ദമുയർത്തുകയും ചെയ്തു. എന്നാൽ ഫലസ്തീനിലെ വംശ്യഹത്യയെക്കുറിച്ച് ആരും സംസാരിക്കുന്നില്ല. അതാണ് എന്നെ ആശ്ചര്യപ്പെടുത്തുന്നത്. ഇത് തികച്ചും തെറ്റാണ്. വംശമോ, ജാതിയോ, രാഷ്ട്രീയ പശ്ചാത്തലമോ നോക്കാതെ എല്ലാവരുടേയും ജീവൻ സംരക്ഷിക്കുന്നതിനായി  നമ്മൾ ശബ്ദമുയർത്തണം’, യൂണിയൻ ഓഫ് മെഡിക്കൽ കെയർ ആൻ്റ് റിലീഫ് ഓർഗനൈസേഷൻ്റെ ബോർഡ് മെമ്പറായ ഡോ. ആലിയ ഖാൻ പറഞ്ഞതായി മിഡിൽ ഈസ്റ്റ് മോണിറ്റർ റിപ്പോർട്ട് ചെയ്തു.

യുക്രൈനോടും ഫലസ്തീനോടുമുള്ള ആഗോള സമൂഹത്തിൻ്റെ വിപരീത അഭിപ്രായങ്ങളെ വിമർശിച്ച ആലിയ ഖാൻ കൃത്യമായ നടപടികളെടുക്കാത്ത യുഎന്നിൻ്റെ പ്രവൃത്തിയെയും അപലപിച്ചു. 

14000ത്തോളം കുട്ടികളെയാണ് ഇസ്രായേൽ കൊലപ്പെടുത്തിയത്. ‘ഗാസ കുട്ടികളുടെ മാത്രം ശ്മശാനഭൂമിയല്ല, അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ കൂടി ശ്മശാനഭൂമിയാണെന്നാണ്’, യുണിസെഫിൻ്റെ പ്രധാന വക്താവ് ജെയിംസ് എൽഡർ പറഞ്ഞത്. അന്താരാഷ്ട്ര യുദ്ധത്തിൻ്റെ എല്ലാ നിയമങ്ങളും ഇസ്രായേൽ ലംഘിച്ചുകൊണ്ടിരിക്കുകയാണ്.

‘ഓരോ കുട്ടിയുടെ ജീവനും വിലപ്പെട്ടതാണ്. അത് യുക്രൈനിലായാലും ഫലസ്തീനിലായാലും. കഴിഞ്ഞ അഞ്ചു മാസത്തിലേറെയായി ഫലസ്തീനിലെ കുട്ടികളുടെ മരണം നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്’, ഡോ. ആലിയ ഖാൻ പറഞ്ഞു. 

ഒക്ടോബർ 7നു മുൻപ് ഫലസ്തീൻ സന്ദർശിച്ചതിൻ്റെ അനുഭവവും ആലിയ ഖാൻ പങ്കുവെക്കുന്നു. ‘ജയിലിൽ കഴിയുന്നതിന് തുല്യമായി അടിച്ചമർത്തപ്പെട്ട നിലയിലാണ് ഫലസ്തീനികൾ ജീവിക്കുന്നത്. വിഭജന മതിൽ, എണ്ണമറ്റ ചെക്ക്പോസ്റ്റുകൾ, അടിസ്ഥാന വിദ്യാഭ്യാസവും തൊഴിലുമില്ലാതെ മനുഷ്യാവകാശ ലംഘനം നേരിടുന്ന ജനങ്ങൾ. നിയമം അനുശാസിക്കുന്ന പരിരക്ഷയൊന്നും തന്നെ ഫലസ്തീനിലെ ജനങ്ങൾക്ക് ലഭിക്കുന്നില്ല. അനധികൃത കുടിയേറ്റക്കാർക്ക് നൽകുന്ന സംരക്ഷണം പോലും ഫലസ്തീനിലെ ജനങ്ങൾക്കില്ല. 

എല്ലായിടത്തും അക്രമമാണ്. സ്കൂളിൽ പോകുന്ന കുട്ടികളെ അറസ്റ്റ് ചെയ്ത് വർഷങ്ങളോളം ജയിലിലിടുന്നു. കുട്ടികളുടെ മുന്നിൽ വെച്ച് അവരുടെ മാതാപിതാക്കളെ വെടിവെച്ച് കൊല്ലുന്നു. രാത്രികാലങ്ങളിൽ അവരുടെ വീടുകളിൽ റെയ്ഡ് നടത്തുന്നു. ഒക്ടോബറിന് മുൻപ് 1000 ഫലസ്തീനികളെ അവരുടെ നാട്ടിൽ നിന്നും പുറത്താക്കുന്നതും നൂറിലധികം പേരെ വെസ്റ്റ് ബാങ്കിൽ വെച്ച് കൊലപ്പെടുത്തുന്നതും ഞങ്ങൾ കണ്ടു’, ആലിയ ഖാൻ പറഞ്ഞു.

ഗാസയിലെ സ്ത്രീകൾ ബലാത്സംഘത്തിനിരയാകുന്നുണ്ട്.  എന്നാൽ ഒരു പാശ്ചാത്യ മാധ്യമങ്ങളും അതിനെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നില്ലെന്നും അൽ ഖൈർ ഹോസ്പിറ്റലിലെ കനേഡിയൻ ആരോഗ്യ പ്രവർത്തകരിൽ നിന്നും ലഭിച്ച വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്നും ആലിയ ഖാൻ കൂട്ടിച്ചേർത്തു. 

‘അന്താരാഷ്ട്ര നീതിന്യായ കോടതി അവിടെ നടക്കുന്നത് വംശഹത്യയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് ഇസ്രായേലിനോട് ആവശ്യപ്പെട്ടിട്ടും ഫലസ്തീൻ ജനതക്ക് മേലുള്ള യുദ്ധം അവർ തുടർന്നുകൊണ്ടിരിക്കുകയാണ്. ഫലസ്തീനിലേക്കെത്തുന്ന ഭക്ഷണവും വെള്ളവും അവർ ഉപരോധിച്ചിരിക്കുകയാണ്. സത്യത്തിൽ നമ്മൾ ഫലസ്തീനിലെ ജനങ്ങളെ പരാജയപ്പെടുത്തി’, ആലിയ ഖാൻ പറഞ്ഞു. 

 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.