Wed. Jan 22nd, 2025

കൊല്ലം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കൊല്ലം ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും നടനുമായ കൃഷ്ണകുമാറിനെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞു. കൊല്ലം ചന്ദനത്തോപ്പ് ഐടിഐയിലെ എസ്എഫ്ഐ പ്രവർത്തകരാണ് കൃഷ്ണകുമാറിനെ തടഞ്ഞത്. തുടര്‍ന്ന്‍ ഐടിഐയില്‍ സംഘര്‍ഷത്തിനിടയാക്കി.

സ്ഥാനാർത്ഥിയുടെ സന്ദർശനത്തോടനുബന്ധിച്ച് സ്പോർട്സ് ഡേയുടെ സമ്മാനദാനം നടത്താൻ ശ്രമിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചത്. പ്രചാരണത്തിനെത്തിയ സ്ഥാനാർത്ഥിയെ കൊണ്ട് സമ്മാനദാനം നടത്താൻ കഴിയില്ലെന്ന് എസ്എഫ്ഐ യൂണിയൻ അംഗങ്ങൾ അറിയിച്ചു. തുടർന്ന് എബിവിപി – എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടാവുകയായിരുന്നു.

നേരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷ് കോളജിലെത്തി ആർട്സ് മത്സര വിജയികൾക്ക് സമ്മാനദാനം നടത്തിയിരുന്നു. എന്നാൽ, ഇത് തെരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിച്ച പരിപാടിയായിരുന്നെന്നാണ് എസ്എഫ്ഐ പറയുന്നത്. കഴിഞ്ഞ ദിവസം യുഡിഎഫ് സ്ഥാനാർത്ഥി എൻകെ പ്രേമചന്ദ്രനും കാമ്പസിലെത്തി വിദ്യാർത്ഥികളുമായി സംവദിച്ചിരുന്നു.