Wed. Jan 22nd, 2025

തൃശൂർ: മോഹിനിയാട്ടത്തിന് ആണ്‍കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കുമെന്ന് കലാമണ്ഡലം. വിഷയത്തില്‍ ബുധനാഴ്ച നടക്കുന്ന ഭരണസമിതി യോഗത്തില്‍ തീരുമാനം എടുക്കുമെന്ന് കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ. അനന്തകൃഷ്ണന്‍ അറിയിച്ചു.

ജൻഡർ ന്യൂട്രലായ സ്ഥാപനമായി കലാമണ്ഡലം നിലനില്‍ക്കാനാണ് ആഗ്രഹം. ആണ്‍കുട്ടികള്‍ക്കും ഇനിമുതല്‍ പ്രവേശനം അനുവദിക്കുമെന്ന് വിസി പറഞ്ഞു. വിഷയത്തില്‍ ഭരണസമിതിയിലെ എല്ലാ അംഗങ്ങളുടെയും നിലപാടുകള്‍ കേട്ട ശേഷമായിരിക്കും അനുകൂലമായ തീരുമാനത്തിലെത്തുക എന്നും വിസി കൂട്ടിച്ചേര്‍ത്തു.

നര്‍ത്തകന്‍ ആര്‍എല്‍വി രാമകൃഷ്ണനെ കലാമണ്ഡലം സത്യഭാമ ജാതീയമായി അധിക്ഷേപിച്ചതിന് പിന്നാലെയാണ് നിര്‍ണായക തീരുമാനവുമായി കലാമണ്ഡലം രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസം കലാമണ്ഡലം കൂത്തമ്പലത്തില്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ മോഹിനിയാട്ടം അവതരിപ്പിച്ചിരുന്നു. കലാമണ്ഡലത്തിൽ ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാൻ അവസരം ഒരുങ്ങുമെന്നാണ് പ്രതീക്ഷയെന്ന് ആർഎൽവി രാമകൃഷ്ണൻ പറഞ്ഞിരുന്നു. കലാമണ്ഡലം വിസി ഉള്‍പ്പടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു ആര്‍എല്‍വി രാമകൃഷ്ണന്‍ മോഹനിയാട്ടം അവതരിപ്പിച്ചത്.