Fri. Nov 22nd, 2024

ഇന്ത്യയുടെ വടക്കു കിഴക്കൻ അതിർത്തികളിലൂടെ വിദേശ രാജ്യങ്ങളിൽ നിന്നും വന്യജീവികളെ കടത്തുന്നതായി ഹിമൽ സൗത്ത് ഏഷ്യൻ മാസിക നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. വന്യജീവികളെ രക്ഷിക്കാനും സംരക്ഷണം നൽകുന്നതിനുമായുള്ള റിലയൻസിന്റെ സംരംഭമായ വൻതാരയിലേക്കാണ് കടത്തപ്പെട്ട വന്യജീവികളില്‍ പലതും ചെന്നെത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.

ജാംനഗർ പെട്രോകെമിക്കൽ കോംപ്ലക്സിന്റെ പരിസരത്താണ് വൻതാര സ്ഥിതി ചെയ്യുന്നത്. 2024 മാർച്ച് ആദ്യ ആഴ്ചയിൽ നടന്ന ആനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹത്തിന് മുന്‍പുള്ള ആഘോഷത്തോടെയാണ് വൻതാര മാധ്യമ ശ്രദ്ധ നേടുന്നത്.

2018 വരെ ഇന്ത്യയില്‍ നിന്നും മ്യാൻമർ, ചൈന, വിയറ്റ്നാം എന്നീ രാജ്യങ്ങളിലേക്കുമായിരുന്നു മൃഗങ്ങളെ കടത്തിയിരുന്നത്. എന്നാൽ ഇപ്പോൾ തിരിച്ച് ഇന്ത്യയായി വിപണി. തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള കങ്കാരു, ഉരഗങ്ങൾ, പക്ഷികൾ, പ്രിമേറ്റുകൾ തുടങ്ങിയ മൃഗങ്ങളെയാണ് ഇപ്പോള്‍ ഇന്ത്യയിലേക്ക് കടത്തുന്നത്.

പിടിക്കപ്പെട്ട് കഴിഞ്ഞാൽ ഗുവാഹതിയിലെയോ ഐസ്വാളിലെയോ സർക്കാർ ഉടമസ്ഥതയിലുള്ള മൃഗശാലയിലേക്ക് പക്ഷികളെയും മൃഗങ്ങളെയും മാറ്റും. ഇങ്ങനെ സംരക്ഷിക്കപ്പെടുന്ന മൃഗങ്ങളില്‍ കൂടുതലും ജാംനഗറിലേക്ക് മാറ്റപ്പെടുന്നുവെന്ന് ഹിമാൽ റിപ്പോർട്ടില്‍ പറയുന്നു.

നാല് വർഷത്തിനുള്ളില്‍ വലിയൊരു വളര്‍ച്ചയാണ് വൻതാര രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് വൻതാരയില്‍ വംശനാശ ഭീക്ഷണി നേരിടുന്ന നിരവധി മൃഗങ്ങളുടെ ശേഖരവും ഇവരെ പരിപാലിക്കാന്‍ 2700 തൊഴിലാളികളുമുണ്ടെന്ന് ഹിമാൽ റിപ്പോർട്ടില്‍ പറയുന്നു. 134 വര്‍ഗത്തിപ്പെടുന്ന 3889 പക്ഷികളും മൃഗങ്ങളും വൻതാരയിലുണ്ടെന്നാണ് രാധേ കൃഷ്ണ ടെമ്പിൾ എലിഫൻ്റ് വെൽഫെയർ ട്രസ്റ്റുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഗ്രീൻസ് സുവോളജിക്കൽ, റെസ്‌ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ സെൻ്റർ 2022 – 23 ലെ വാർഷിക റിപ്പോർട്ടില്‍ വ്യക്തമാക്കുന്നത്.

രക്ഷപ്പെടുത്തിയ മൃഗങ്ങളാണെന്ന് പറഞ്ഞ് മറ്റു മൃഗശാലയിൽ നിന്നും വൻതാരയിലേക്ക് വന്യജീവികളെ മാറ്റുന്നത് സംബന്ധിച്ച ചോദ്യങ്ങളും ഹിമാൽ റിപ്പോർട്ട് ഉന്നയിക്കുന്നുണ്ട്. 2021 മാർച്ചിനും 2023 മാർച്ചിനും ഇടയിൽ ഗുജറാത്തിലെ ജുനഗദ്ദിലുള്ള സക്കർബാഗ് മൃഗശാലയില്‍ നിന്നും 101 പുള്ളിപ്പുലികളെ ജാംനഗറിലേക്ക് മാറ്റി. ഇത്രയുമധികം പുള്ളിപ്പുലികളെ മാറ്റിയതിൻ്റെ കാരണങ്ങൾ വ്യക്തമല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

2022 – 2023 ല്‍ 160 വന്യജീവികളെ കൈമാറ്റം ചെയ്തതായി ഗ്രീന്‍സ് സെന്‍റര്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. തമിഴ്നാട്, ഗുജറാത്ത്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഡൽഹി, അസം, ഉത്തർപ്രദേശ്, മണിപ്പൂർ, കർണാടക, പശ്ചിമബംഗാൾ, മഹാരാഷ്ട്ര, നാഗാലാ‌ൻഡ് എന്നിവിടങ്ങളില്‍ നിന്നുമുള്ള പക്ഷികളെയാണ് പട്ടികപ്പെടുത്തിയിട്ടുള്ളത്.