Sat. Jan 18th, 2025

ബെംഗളൂരു: ക്രിക്കറ്റ് വാതുവെപ്പിലൂടെ യുവാവിന് 1.5 കോടി നഷ്ടപ്പെട്ടു. ചിത്രദുര്‍ഗയിലെ സ്റ്റേറ്റ് മൈനര്‍ ഇറിഗേഷന്‍ ഡിപാര്‍ട്ട്മെന്റിലെ അസിസ്റ്റന്റ് എഞ്ചിനീയർ ദര്‍ശനാണ് പണം നഷ്ടമായത്. കടം വാങ്ങിയാണ് ഹോളൽകെരെ സ്വദേശിയായ ദര്‍ശന്‍ വാതുവെപ്പ് നടത്തിയത്. കടക്കാരുടെ ഭീഷണിയെ തുടര്‍ന്ന് ഭാര്യ രഞ്ജിത ആത്മഹത്യ ചെയ്തത്. മാര്‍ച്ച് 19 നാണ് രഞ്ജിതയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുടിശ്ശിക നല്‍കാത്തതിന്റെ പേരില്‍ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുമെന്ന് കടം നല്‍കിയവര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഭര്‍ത്താവിന് പണം കടം നല്‍കിയവര്‍ തന്നെ ഉപദ്രവിച്ചതായി രഞ്ജിത പറഞ്ഞിരുന്നു എന്ന് പിതാവ് വെങ്കിടേഷ് പറഞ്ഞു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതിന്‍റെ കാരണം. ദര്‍ശന് പണം കടം നല്‍കിയ 13 പേര്‍ക്കെതിരെ വെങ്കിടേഷ് എം പരാതി നല്‍കി.

പണമിടപാടുക്കാരില്‍ നിന്ന് രഞ്ജിതയ്ക്കും ഭര്‍ത്താവിനും ഉണ്ടായ പീഡനത്തെ കുറിച്ച് രഞ്ജിത ആത്മഹത്യ കുറിപ്പില്‍ എഴുതിയിട്ടുണ്ടെന്നും പോലീസ്‌ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ 13 പ്രതികള്‍ക്കെതിരെ ഐപിസി 306 പ്രകാരം ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തു. അവരില്‍ മൂന്ന് പേരായ ശിവ്‌, ഗിരീഷ്, വെങ്കടേഷ് എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവര്‍ ഒളിവിലാണ്. രഞ്ജിതയ്ക്കും ദര്‍ശനും രണ്ടു വയസുള്ള മകനുണ്ട്.

“ക്രിക്കറ്റ് വാതുവെപ്പിലൂടെ ദര്‍ശന് 1.5 കോടി നഷ്ടപ്പെട്ടു. കടം വാങ്ങിയ പണത്തിന്റെ ഭൂരിഭാഗവും തിരിച്ചടച്ചു. എന്നിട്ടും ദര്‍ശന് 54 ലക്ഷം കുടിശ്ശികയുണ്ട്.”, വെങ്കടേഷ് ടൈംസ്‌ ഓഫ് ഇന്ത്യയോട് പറഞ്ഞു.

“എന്റെ മരുമകന്‍ നിരപരാധിയാണ്‌. അവന്‍ ക്രിക്കറ്റ് വാതുവെപ്പിന് തയ്യാറായിരുന്നില്ല. പണക്കാരനാവാന്‍ എളുപ്പവഴിയാണെന്ന് പറഞ്ഞ് ഇപ്പോള്‍ സംശയം തോന്നുന്നവര്‍ അവനെ നിര്‍ബന്ധിച്ചു. വാതുവെപ്പിനായി പണം നല്‍കാമെന്ന് അവര്‍ പറഞ്ഞു.”, വെങ്കടേഷ് പരാതിയില്‍ പറയുന്നു.